Latest News

മരണത്തിലും കുഞ്ഞു മകളെ വിട്ടു കൊടുക്കാതെ അച്ഛന്‍.. സന്ദീപിനെ കണ്ടെത്തിയതു മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിലയില്‍, മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയില്‍, നാട്ടിലേയ്ക്ക് കൊണ്ടുവന്നേക്കില്ല

2018-04-19 03:12:44am |

അമേരിക്കയില്‍ വിനോദ യാത്രക്കിടയില്‍ കാണാതായ മലയാളി കുടംബത്തെ കണ്ടെത്തി. മരണത്തിലും തന്റെ മകളെ സുരക്ഷിതയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയിലായിരുന്നു സന്ദീപിന്റെ മൃതദേഹം. കാറിന്റെ പിന്‍സിറ്റിലെ ഡോര്‍ തുറന്നു മകള്‍ സച്ചിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിലയിലായിരുന്നു സന്ദീപ്. കാറിനുള്ളില്‍ കുടുങ്ങിയനിലയില്‍ പിന്നിലെ സീറ്റിലായിരുന്നു ഇരുവരും. സംഭവ ശേഷം ആദ്യം കണ്ടെത്തിയതു സൗമ്യയുടെ മൃതദേഹമായിരുന്നു. നദിയില്‍ വെള്ളം താഴ്ന്നപ്പോഴാണ് ഇതു കണ്ടെത്തിയത്.ഇന്നലെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം കണ്ടെത്തി. ഇതില്‍ നിന്നായിരുന്നു സന്ദീപിന്റെയും സച്ചിയുടെയും മൃതദേഹം കിട്ടിയത്.

ഇതിനു ശേഷം നടത്തിയ തിരച്ചിലില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു നിന്ന് ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്ചയില്‍ നിന്നാണു കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു വശത്തെ ചില്ലുു തകര്‍ന്ന നിലയിലായിരുന്നു. ഏപ്രില്‍ ആറിനായിരുന്നു മലയാളികളായ സന്ദീപിനെയും കുടുംബത്തെയും അമേരിക്കയില്‍ കാണാതാകുന്നത്. ഒരാഴ്ചയായി ഇവര്‍ വിനോദ യാത്രയിലായിരുന്നു. ഇതിനിടയില്‍ സ്‌നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടില്‍ എത്താമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കാലിഫോര്‍ണിയ ഹൈവേ പെട്രോളില്‍ നിന്ന് ഒരു കാര്‍ അപകടത്തില്‍ പെട്ടവിവരം അറിയുന്നത്.

ഡോറക്രീക്കില്‍ വച്ചു കനത്ത മഴ ഉണ്ടായതിനെ തുടര്‍ന്നു വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മുങ്ങിപ്പോയതായി ഒരു ദൃക്‌സാക്ഷി പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് ജോലി ചെയ്തിരുന്നത് ലോസ്ഏഞ്ചലസിനടുത്തുള്ള സാന്റ് ക്ലാരിറ്റയിലാണ്. 15 വര്‍ഷം മുമ്പായിരുന്നു സന്ദീപ് സൂററ്റില്‍ നിന്ന് യു എസില്‍ എത്തിയത്. മൃതദേഹങ്ങളും കാറും കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ജീര്‍ണിച്ച ഏറെ മോശമായ അവസ്ഥയിലായതിനാല്‍ നാട്ടിലേയ്ക്ക് എത്തിക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.