Latest News

ഹൃദയം കീഴടക്കി ഇന്ത്യൻ വീട്ടു ജോലിക്കാരി; ഗംഭീര യാത്രയയപ്പ് നൽകി ഷാർജ എമിറേറ്റ് കുടുംബം

2018-04-23 01:21:21am |

ഷാർജ ∙ ഇരുപത്തിയേഴു വർഷം ജോലിചെയ്ത വീട്ടുജോലിക്കാരിക്ക് ഊഷ്മള യാത്രയയപ്പ് നൽകി സ്വദേശി കുടുംബം മാതൃകയായി. സ്വദേശത്തേക്കു തിരിച്ചുപോകുന്ന ജോലിക്കാരിക്ക് വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്. വിലപിടിപ്പുള്ള സമ്മാനങ്ങളും മനംനിറയെ സ്നേഹവും നൽകി യാത്രയാക്കുകയായിരുന്നു ഷാർജയിൽ താമസിക്കുന്ന സ്വദേശി കുടുംബം.

മക്കളും മരുമക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ പുതുമയുള്ള ചടങ്ങിൽ സന്നിഹിതരായി. ഷാർജയിലെ മുഹമ്മദ്‌ റാഷിദ് ആൽഅലി എന്ന അബൂ സായിദിന്റെ വീട്ടിൽ ജോലി ചെയ്ത ലാജ് മീയാണു തൊഴിലുടമയുടെയും കുടുംബങ്ങളുടെയും സ്നേഹവും ദയാവായ്പും ആവോളം നുകർന്നു സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്. ജോലിക്കാരി സ്വദേശത്തേക്കു മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സമ്മതിക്കുകയായിരുന്നുവെന്ന് അബു സായിദ് പറഞ്ഞു.

എല്ലാ കുടുംബങ്ങളും ഒത്തുകൂടി ഉപഹാരങ്ങൾ നൽകി യാത്രയാക്കാൻ നിശ്ചയിച്ചു. സേവന കാലത്ത് ആത്മാർഥതയും വിശ്വസ്തതയും കൈമുതലാക്കിയാണ് അവർ ജോലി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജോലിക്കാരിയായി അവരെ ഞങ്ങൾ കണ്ടിട്ടില്ല, വീട്ടിലെ ഒരംഗം എന്ന നിലയിലാണ് പെരുമാറിയിട്ടുള്ളത്. സ്തുത്യർഹമായ സേവനം അനുഭവിച്ചറിഞ്ഞ ഒരു കുടുംബമായതിനാലാണ് വീട്ടിൽനിന്നുള്ള അവരുടെ വിടവാങ്ങലും മറക്കാൻ ആകാത്ത കുടുംബസംഗമം ആക്കിയതെന്നും അബൂ സായിദ് പറഞ്ഞു.

ഒരുതലമുറയെ പൂർണമായും നോക്കി വളർത്തിയതിൽ വീട്ടുജോലിക്കാരിയുടെ പങ്കുണ്ടെന്ന് അബൂസായിദ് സന്തോഷം പ്രകടിപ്പിച്ചു. മക്കളും മരുമക്കളും അടങ്ങുന്ന ഇരുപതു കുട്ടികളെങ്കിലും ലാജിന്റെ സ്നേഹസ്പർശവും വാത്സല്യവും അനുഭവിച്ചിട്ടുണ്ട്. കുട്ടികളോടുള്ള അവരുടെ പെരുമാറ്റവും ഇടപെടലും കാരുണ്യപൂർവമായിരുന്നു. ഇതെല്ലാം അനുഭവിച്ചു വളർന്നവരാണ് അതിനുള്ള നന്ദിയും കടപ്പാടും അറിയിച്ച് യാത്രയയപ്പ് മംഗളമാക്കിയത്. ആഭരണങ്ങളും കൈനിറയെ പണവും കുടുംബങ്ങൾ അവർക്കു സമ്മാനിച്ചു.

ഇരുപത്തിയേഴു വർഷം സ്വദേശി കുടുംബത്തിൽ ജോലി ചെയ്തിട്ടും അന്യയായി തോന്നിയിട്ടില്ലെന്നു ലാജിയും പറയുന്നു. കുടുംബത്തിന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേർന്നാണ് ഇത്രയുംകാലം സഹവസിച്ചത്. നാട്ടിൽപോയി കുടുംബത്തോടൊപ്പം കഴിയണമെന്ന മോഹം പങ്കുവച്ചപ്പോൾ അവർ ഉടൻ കുടുംബങ്ങളെയെല്ലാം അറിയിച്ചു ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഒരു ജോലിക്കാരി മാത്രമായ എന്നെ സ്നേഹംകൊണ്ടു മൂടിയ കുടുംബത്തോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുകയില്ലെന്നു ലാജി പറയുന്നു.