Latest News

ലൈംഗിക വിവാദം; ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാന പ്രഖ്യാപനം റദ്ദാക്കി

2018-05-05 03:16:56am |

സ്റ്റോക്കോം∙ പുരസ്കാരസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാന പ്രഖ്യാപനം റദ്ദാക്കി. സാഹിത്യത്തിനു നൊബേൽ സമ്മാനം ഒഴിവാക്കുന്നത് 70 വർഷത്തിനിടെ ആദ്യമാണ്. ഈ വർഷത്തേതുകൂടി ചേർത്ത് അടുത്ത വർഷം പ്രഖ്യാപിക്കുമെന്നു സ്വീഡിഷ് അക്കാദമി അറിയിച്ചു. ചില അംഗങ്ങൾ സമ്മാനജേതാക്കളുടെ വിവരം ചോർത്തി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ‘മീ ടൂ’ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചു കഴിഞ്ഞ നവംബറിൽ സ്വീ‍ഡനിലെ സാംസ്കാരിക പ്രമുഖനായ ഷീൻ ക്ലോഡ് അർനോയ്ക്കെതിരെ ലൈംഗികപീഡന ആരോപണവുമായി 18 സ്ത്രീകൾ രംഗത്തെത്തിയിരുന്നു. അക്കാദമിയിലെ സ്ഥിരാംഗവും കവിയുമായ കാതറീന ഫ്രോസ്റ്റൻസണിന്റെ ഭർത്താവാണ് അർനോ. സ്വീഡനിലെ കിരീടാവകാശിയായ വിക്ടോറിയ രാജകുമാരിയോടു 12 വർഷം മുൻപ് അർനോ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുയർന്നു.

Princess-Victoria വിക്ടോറിയ രാജകുമാരി

വിവാദത്തെ തുടർന്ന് അക്കാദമി അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമാവുകയും 18 സ്ഥിരാംഗങ്ങളിൽ സെക്രട്ടറി സാറാ ഡാനിയസ് അടക്കം ആറുപേർ രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ അക്കാദമിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിൽ സമ്മാനപ്രഖ്യാപനം റദ്ദാക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് അധികൃതർ വിശദീകരിച്ചു. അർനോയുടെയും കാതറിന ഫ്രോസ്റ്റൻസണിന്റെയും ഉടമസ്ഥതയിലുള്ള കലാസ്ഥാപനമായ ഫോറം ഇൻ സ്റ്റോക്കോമിന് അക്കാദമിയുടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളും സർക്കാർ അന്വേഷിക്കുന്നുണ്ട്. വിവാദത്തെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടി.

അക്കാദമിയിലെ 18 പേരും ആയുഷ്‌ക്കാല അംഗങ്ങളായതിനാൽ സാങ്കേതികമായി അവർക്കു രാജിവയ്ക്കാനാവില്ല. എന്നാൽ ആറുപേർ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാൻ നിയമം ഭേദഗതി ചെയ്യുമെന്ന് അക്കാദമി രക്ഷാധികാരിയായ സ്വീഡൻ രാജാവ് കാൾ ഗുസ്താവ് പതിനാറാമൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

പൊളൻസ്കിയെയും കോസ്‍ബിയെയും ഓസ്‌കർ സമിതി പുറത്താക്കി

cosby, polaski കോസ്‍ബി, പൊളൻസ്കി

ലൊസാഞ്ചലസ്∙ ലൈംഗിക പീഡനാരോപണങ്ങളുടെ പേരിൽ പ്രമുഖ യുഎസ് ഹാസ്യാവതാരകനായ ബിൽ കോ‌സ്‌ബിയെയും (80) സംവിധായകൻ റൊമാൻ പൊളൻസ്‌കിയെയും (84) ഓസ്‌കർ പുരസ്കാരം നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിൽനിന്നു പുറത്താക്കി. കോസ്‌ബി 1996 മുതലും പൊളൻസ്കി 1969 മുതലും അക്കാദമി അംഗങ്ങളാണ്. അക്കാദമിയിലെ എണ്ണായിരം അംഗങ്ങളാണു ഓസ്കർ പുരസ്കാര നിർണയം നടത്തുന്നത്. ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിനു കോസ്‌ബിയെ കഴിഞ്ഞയാഴ്ച 30 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. 1977ൽ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയതിനു പൊളൻസ്കിക്കെതിരെ യുഎസിൽ കേസുണ്ട്.

ഒടുവിൽ 1949ൽ; ആകെ ഏഴുവട്ടം

സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനം ഒടുവിൽ മാറ്റിവച്ചത് 1949ൽ‌ ആണ്. യുഎസ് നോവലിസ്റ്റ് വില്യം ഫോക്‌നർക്കുള്ള സമ്മാനം, പിറ്റേവർഷത്തെ ജേതാവായ ബെർട്രൻഡ് റസ്സലിനൊപ്പമാണു പ്രഖ്യാപിച്ചത്. 1949നു മുൻപ് ആറുതവണ സമ്മാനപ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്– 1915, 1919, 1925, 1926, 1927, 1936.