Latest News

ഇന്ത്യൻ എൻജിനീയറെ വെടിവച്ചുകൊന്ന യുഎസ് പൗരന് 78 വർഷം തടവ്! പ്രതിക്കു 100 വയസ്സാകാതെ പരോളും ഇല്ല

2018-05-06 03:38:41am |

വാഷിങ്ടൻ∙ കഴിഞ്ഞവർഷം യുഎസിലെ കാൻസസ് സിറ്റിയിൽ വംശീയവിദ്വേഷം മൂലം ഇന്ത്യൻ എൻജിനീയറായ ശ്രീനിവാസ് കുച്ചിഭോട്‌ലയെ (32) വെടിവച്ചുകൊന്ന കേസിൽ മുൻ നാവികോദ്യോഗസ്ഥൻ ആഡം പുരിന്റണിന് (52) 78 വർഷം തടവുശിക്ഷ. പ്രതിക്കു 100 വയസ്സാകാതെ പരോളും അനുവദിക്കില്ല. കാൻസസ് ഫെഡറൽ ജഡ്‌ജിയാണു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

‘കടന്നുപോകൂ എന്റെ രാജ്യത്തുനിന്ന്’ എന്നാക്രോശിച്ചാണു കഴിഞ്ഞവർഷം ഫെബ്രുവരി 22നു ശ്രീനിവാസ് കുച്ചിഭോട്‌ലയ്ക്കു നേരെ ആഡം വെടിയുതിർത്തത്. ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മടസാനിയെ വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ തടയാനെത്തിയ യുഎസ് പൗരൻ ഇയാൻ ഗ്രില്ലോടിനും വെടിവയ്പിൽ പരുക്കേറ്റു. കൊലപാതകത്തിനും രണ്ടു വധശ്രമത്തിനുമാണു തടവുശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിക്കെതിരെ ചുമത്തിയ വംശീയവിദ്വേഷ, ആയുധനിയമലംഘന കുറ്റങ്ങളിൽ വിചാരണ പൂർത്തിയായിട്ടില്ല. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല കോടതി വിധിയെ സ്വാഗതം ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള ശ്രീനിവാസ്, യുഎസിൽ ഏവിയേഷൻ സിസ്റ്റംസ് എൻജിനീയറായി ജോലിയെടുക്കുകയായിരുന്നു.