Latest News

കത്തോലിക്കാ സഭയിൽ 14 കർദിനാൾമാർകൂടി! പ്രഖ്യാപനം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാർഥനാമധ്യേ

2018-05-21 02:01:56am |

വത്തിക്കാൻ സിറ്റി∙ റോമൻ കത്തോലിക്കാ സഭയിൽ ജൂൺ 29നു 14 കർദിനാൾമാരെ പുതുതായി വാഴിക്കുന്നു. പാക്കിസ്ഥാൻ, ഇറാഖ്, പോർച്ചുഗൽ, പോളണ്ട്, പെറു, മഡഗാസ്കർ, ഇറ്റലി, സ്പെയിൻ, ജപ്പാൻ, മെക്സിക്കോ, ബൊളീവിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണു കർദിനാൾമാരായി ഉയർത്തുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാർഥനാമധ്യേയാണ് ഇക്കാര്യം ഫ്രാൻസിസ് മാർപാപ്പ അറിയിച്ചത്.

വത്തിക്കാൻ കൂരിയയിൽ വിശ്വാസ സത്യങ്ങളുടെ തിരുസംഘം മേധാവിയായ ബിഷപ് ലൂയി ലഡാരിയ ഫെറർ, ഡപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആർച്ച് ബിഷപ് ആഞ്ജലോ ബെച്യൂ, സാധുജനസംരക്ഷണ ചുമതലയുള്ള ബിഷപ് കോൺറാഡ് ക്രജെവ്സ്കി എന്നിവർക്കു പുറമേ ആർച്ച് ബിഷപ്പുമാരായ ആഞ്ജലോ ഡി ഡൊണാറ്റിസ് (വികാരി ജനറൽ – റോം), ജോസഫ് കൂട്സ്, ലൂയി റാഫേൽ സകോ, അന്റോണിയോ ദോസ് സന്റോസ് മാർതോ, പെദ്രോ ബറെറ്റോ, ദിസയർ സറഹസാന, ജിസപ് പെട്രോച്ചി, തോമസ് അക്വിനാസ് മന്യോ, സെർജിയോ ഒബസോ റിവര, ടൊറിബോ ടികോന പോർകോ എന്നിവരും ക്ളരേഷ്യൻ സഭാംഗമായ ഫാ. അക്വിലിനോ ബോകോസ് മെറിനോയുമാണു കർദിനാൾമാരായി ഉയർത്തപ്പെടുന്നത്.

കത്തോലിക്കർ ന്യൂനപക്ഷമായിട്ടുള്ള ഇറാഖ്, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്പുമാരെയും ദരിദ്രരെ സേവിക്കുന്നവരെയുമാണ് മാർപാപ്പ പ്രധാനമായും തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 11 പേർ 80 വയസ്സിൽ താഴെയുള്ളവരാണ്. ഇവർക്കു പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗത്വം ലഭിക്കും.

കോൺക്ലേവിൽ 120 പേർക്കാണ് അംഗത്വമുള്ളതെങ്കിലും പുതിയ നിയമനത്തോടെ അംഗസംഖ്യ 125 ആയി ഉയർന്നു. അധികമായി വരുന്ന അഞ്ചുപേരെ വോട്ടിട്ട് ഒഴിവാക്കിയാണു പാപ്പയുടെ തിരഞ്ഞെടുപ്പു നടത്തുക. കോൺക്ലേവിൽ ഇപ്പോഴുള്ള പകുതിയോളം അംഗങ്ങളും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവരാണ്.