Latest News

നീരവ് മോഡിയുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഏറ്റെടുത്തു, ഒളിവില്‍ കഴിയുന്നത് അമേരിക്കയില്‍

2018-05-22 02:50:28am |

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഏറ്റെടുത്തു. നീരവ് മോഡിയുടെയും ബന്ധുവായ മെഹുല്‍ ചോക്‌സിയുടേയും ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിന്ന് 85 കോടി രൂപയുടെ 34,000 ആഭരണങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷമാണ് നീരവ് മോഡിയും തട്ടിപ്പില്‍ കൂട്ടുപ്രതിയായ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. ഇരുവരും ഇപ്പോള്‍ അമേരിക്കയിലുണ്ടെന്നാണ് സൂചന.

ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 7600 കോടി രൂപയുടെ ആസ്തികള്‍ ഏറ്റെടുത്തു കഴിഞ്ഞു. കേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ ക്രിമിനല്‍ കേസ് എടുത്തതിന് പിന്നാലെയാണ് ഇരുവരും രാജ്യം വിട്ടത്.