Latest News

മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെ ! ഭരണ അട്ടിമറിയില്‍ രാജകുമാരന്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തുവെന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍

2018-05-25 03:06:36am |

റിയാദ് : വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവാമെന്ന ആരോപണങ്ങളുമായി ഇറാനിയന്‍ മാധ്യമങ്ങള്‍ രംഗത്ത്.

സൗദിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ലോകത്തിന്റെ കയ്യടി നേടിയ ആളാണ് എംബിഎസ്. അടിച്ചമര്‍ത്തപ്പെട്ട സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയും അഴിമതിക്കെതിരെ പോരാടിയും ഒക്കെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഏപ്രില്‍ 21ന് ശേഷം സല്‍മാന്‍ രാജകുമാരനെ ആരും കണ്ടിട്ടില്ല.

എന്നാല്‍ സല്‍മാന്‍ രാജകുമാരന്‍ ആ ദിവസങ്ങളില്‍ നടന്ന ഭരണ അട്ടിമറിയില്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം.

ഏപ്രില്‍ 21ന് റിയാദില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തില്‍ തറച്ചിട്ടുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രില്‍ അവസാനം സൗദി സന്ദര്‍ശിച്ചിരുന്നു.

പോംപോയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമായിട്ട് കൂടി പോംപോയെ സ്വീകരിക്കുന്ന എംബിഎസിനെ എവിടെയും കണ്ടില്ല. എന്നാല്‍ എംബിഎസിന്റെ ഫോട്ടോ പുറത്തു വിട്ട് സൗദി വാര്‍ത്തകള്‍ നിഷേധിച്ചു. ഏപ്രില്‍ 21ന് സൗദി രാജകൊട്ടാരത്തില്‍ ആയുധം കൊണ്ടുള്ള ആക്രമണം ഉണ്ടായതായും കൊട്ടാരത്തിന്റെ ഗേറ്റിന് സമീപമുള്ള ഡ്രോണ്‍ വെടിവെച്ചിട്ടതായുമെല്ലാം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

റിയാദിലെ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അന്ന് നടന്ന ഭരണ അട്ടിമറിയില്‍ സല്‍മാന്‍ രാജകുമാരന്‍ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നുമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകളും ഇവര്‍ നിരത്തുന്നു.

സൗദിയിലെ അഴിമതിക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്ത ആളാണ് എംബിഎസ്. രാജകുമാരന്മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തടങ്കലില്‍ ആയിരുന്നു. സൗദിയിലെ സാധാരണക്കാര്‍ക്ക് പോലും പ്രിയങ്കരനാണ് എംബിഎസ്. അതുകൊണ്ട് തന്നെ എംബിഎസിന്റെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്.

എംബിഎസ് എവിടെ പോയി എന്ന് പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചോദിക്കുന്നു. കഴിഞ്ഞ 30 ദിവസമായി എംബിഎസിനെ കാണാനില്ലെന്നതിന് ഇതടക്കം നിരവധി തെളിവുകള്‍ ഉണ്ടെന്നും ഇതെല്ലാം പൊതുജനങ്ങളില്‍ നിന്നും സൗദി കൊട്ടാരം മറച്ചു വയ്ക്കുകയാണെന്നും ഖയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോ സൗദി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിരുന്നെങ്കിലും. അതിലൊരിടത്തും എംബിഎസിനെ കാണാനേ ഇല്ലായിരുന്നു.

ഇതെല്ലാം എംബിഎസ് അപകടപ്പെട്ടിട്ടുള്ളതിനാലാണെന്നാണ് ഇറാന്‍ സമര്‍ത്ഥിക്കുന്നു. പോംപോയുടെ സന്ദര്‍ശനത്തില്‍ എംബിഎസിന്റെ അസാന്നിധ്യമുള്ളപ്പോഴും കിങ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും വിദേശകാര്യ മന്ത്രി അഡല്‍ അല്‍ ജുബൈറും ചിത്രത്തില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ വാദങ്ങളെ എല്ലാം ഖണ്ഡിച്ച് എംബിഎസ് ഒരു മീറ്റിംങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജകുമാരന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍. എംബിഎസ് കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ഡവലപ്‌മെന്റ് അഫയേഴ്‌സ് മീറ്റിങില്‍ അധ്യക്ഷത വഹിക്കുന്ന ഫോട്ടോയാണ് ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍ എംബിഎസ് ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല എന്ന ചോദ്യവും പൊതുജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്തായാലും ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം സൗദി നല്‍കാത്തിടത്തോളം കാലം എംബിഎസിനെക്കുറിച്ച് ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നുറപ്പ്.