Latest News

12 വർഷമായി നാട്ടിൽ പോയിട്ട്: ഷാർജയിലെ ഈ മലയാളി തോറ്റതല്ല, ചിലർ ചതിച്ചതാണ്; ആ കഥയിങ്ങനെ

2018-06-13 02:52:01am |

ഷാർജ ∙ സുനിൽകുമാർ ജീവിതത്തിൽ തോറ്റതല്ല; ചിലർ തോൽപിച്ചതാണ്. ചതിച്ചും വിശ്വാസ വഞ്ചന നടത്തിയും തകർത്തതാണ് ഇൗ പാവം ചെറുപ്പക്കാരന്റെ ജീവിതം. 12 വർഷമായി നാട്ടിലേയ്ക്ക് പോകാത്തതും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആകെയുള്ള വയോധികയായ അമ്മയേയും അനുജനേയും മാസങ്ങളായി ഒന്നു ഫോൺ വിളിക്കുക പോലും ചെയ്യാത്തതും മനപ്പൂർവമല്ല; ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്തവിധം പുറം ലോകത്തിന്റെ പൊള്ളലേറ്റുവാങ്ങി ജീവിതം കരുവാളിച്ചു പോയതുകൊണ്ടാണ്. 

തൃശൂർ ഗുരുവായൂർ ചേറ്റൂർ സ്വദേശിയായ സുനിൽകുമാർ(39) നിറകണ്ണുകളോടെ ഷാർജ റോള പാർക്കിലിരുന്ന് തന്റെ ജീവിത കഥ പറഞ്ഞു. 16 വർഷമായി യുഎഇയിൽ പ്രവാസിയായിട്ട്. എന്നാൽ, കഴിഞ്ഞ 12 വർഷമായി നാട്ടിലൊന്നു പോയിട്ട്. അതിന് വ്യക്തമായ കാരണമുണ്ട്. പ്രവാസ ജീവിതം നൽകിയ തിരിച്ചടികളാണത്. 2002ലാണ് ദുബായിലെത്തിയത്. ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലി കിട്ടി. പിന്നീട് സിഎൻസി പ്രോഗ്രാമറായി. കൊള്ളാവുന്ന ശമ്പളം. അവിടെ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട ജോലിക്കായി ജബൽ അലിയിലേയും അവീറിലേയും കമ്പനികളിൽ ചേർന്നു. ഉയർച്ചകൾ മാത്രമായിരുന്നു മുന്നിൽ. ഒടുവിൽ ഷാർജയിലെ ഒരു എൻജിനീയറിങ് കമ്പനിയിൽ സീനിയർ പ്രൊഡക് ഷൻ ഒാഫീസറായി ജോലി ചെയ്തു. എല്ലാ മാസവും നാട്ടിലേയ്ക്ക് അമ്മയ്ക്ക് വീട്ടുചെലവിനും അനുജന് പഠിക്കാനും പണം അയക്കുമായിരുന്നു. വാടക വീട്ടിലാണെങ്കിലും അമ്മയും അനുജനും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിച്ചു. 

ഇതിനിടെ, എട്ടു വർഷം മുൻപാണ് സ്ക്രാപ് ബിസിനസ് നടത്തുന്ന മംഗ്ലുരു സ്വദേശിയെ പരിചയപ്പെടുന്നത്. അയാളുടെ പ്രേരണയാൽ ജോലി രാജിവച്ച് സ്ക്രാപ് ബിസിനസിലേയ്ക്ക് പ്രവേശിച്ചു. അതുവരെയുള്ള സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്നും പലിശക്കാരിൽ നിന്നും മറ്റും വാങ്ങിയ ഒരു ലക്ഷം ദിർഹമായിരുന്നു സുനിൽകുമാറിന്റെ ഒാഹരി. എന്നാൽ, ബിസിനസ് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. കാരണം, സുനിൽകുമാറിന് ഇൗ ബിസിനസ് പരിചിതമല്ലാത്ത മേഖലയായിരുന്നു. മംഗ്ലുരു സ്വദേശി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ, ലാഭമൊന്നും കിട്ടിയതുമില്ല. 

ഇതോടെ ചെക്കു കൊടുത്ത് കടം വാങ്ങിയവരെല്ലാം ഫോൺ വിളി തുടങ്ങി. ഏറ്റവും ഒടുവിൽ ജോലി ചെയ്ത ഷാർജയിലെ കമ്പനിയിൽ നിന്നുള്ള വീസ റദ്ദാക്കി. ഇതോടെ സന്ദർശക വീസയിൽ തിരിച്ചുവരാൻ വേണ്ടി ഇറാനിലെ കിഷിൽ ചെന്നു. മംഗ്ലുരു കാരനാണ് ഇതിന് പ്രേരിപ്പിച്ചത്. ഇൗ സമയം പണവുമായി മംഗ്ലുരു സ്വദേശിയായ പാർട്ണർ മുങ്ങി. ഒടുവിൽ ഒരു സുഹൃത്ത് അയച്ചുകൊടുത്ത സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തി. ഇതിനിടെ പാസ്പോർടും നഷ്ടമായി. മംഗ്ലുരു സ്വദേശിയെ പലയിടത്തും അന്വേഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ഫോൺ സ്വിച്ഡ് ഒാഫാണ്. സന്ദർശക വീസ നൽകി ദുബായിലെ കമ്പനിക്കും പ്രശ്നമായി.

sunil1 സുനിൽകുമാർ റോളയിൽ

കഴിഞ്ഞ എട്ട് വർഷമായി പലയിടത്തും ചെറിയ ജോലികൾ ചെയ്തു. എന്നാൽ, വീസയോ പാസ്പോർടോ ഇല്ലെന്ന് തിരിച്ചറിയുമ്പോൾ പലരും ശമ്പളം നൽകാതെ പറ്റിക്കുന്നു. അതോടെ അതും നിർത്തി. കടക്കാർ വണ്ടിച്ചെക്കുകൾ വച്ച് കേസുകൊടുത്തു. ഇരുപത് ദിവസത്തോളം ജയിലിൽ കിടന്നു പുറത്തിറങ്ങി. സ്കൂൾ പഠിക്കുമ്പോൾ മുതൽ പരിചയമുള്ള പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, സുനിൽകുമാറിനെ കാത്തിരുന്ന് മടുത്ത പെൺവീട്ടുകാർ ആ കുട്ടിയെ വേറെ വിവാഹം കഴിച്ചയച്ചു. ഇപ്പോൾ, തന്റെ അവസ്ഥ അറിഞ്ഞ് കടക്കാരൊന്നും ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കുന്നില്ല എന്ന ആശ്വാസം മാത്രമുണ്ട്. 

അമ്മയുടെ മുൻപിലേയ്ക്ക് വെറുംകയ്യോടെ പോകാനുള്ള മടികൊണ്ടായിരുന്നു പൊതുമാപ്പിൽ പോകാൻ ശ്രമിക്കാത്തതെന്നും ഇയാൾ പറയുന്നു. എന്നാൽ സുനിൽകുമാറിന്റെ ദുരിതമറിഞ്ഞ് സാമൂഹിക പ്രവർത്തകരായ കിരൺ രവീന്ദ്രനും വിബിനും അന്വേഷിച്ചപ്പോൾ വീസ കാലാവധി കഴിഞ്ഞ് വർഷങ്ങളായതിനാൽ വൻതുക പിഴയൊടച്ചാൽ മാത്രമേ നാട്ടിലേയ്ക്ക് പോകാനാകൂ എന്ന് കണ്ടെത്തി. എന്നാൽ, ചായ കുടിക്കാൻ പോലും കാൽക്കാശില്ലാത്ത സുനിൽകുമാർ തീർത്തും നിസ്സഹയായനാണ്.

വീടിനെ പറ്റിയോ, വിവാഹത്തേക്കുറിച്ചോ ഉള്ള ആലോചനകളൊന്നുമല്ല ഇൗ യുവാവിനെ ഇപ്പോൾ അലട്ടുന്നത്, ഫോൺ വിളിക്കുമ്പോഴൊക്കെ വയോധികയായ അമ്മ തന്നെ ഒരു നോക്ക് കാണണമെന്ന് പറഞ്ഞുള്ള കരച്ചിലിലാണ്. ആ മാതൃഹൃദയത്തിന്റെ നൊമ്പരം തനിക്ക് താങ്ങാനാവുന്നില്ലെന്ന് സുനിൽ കരഞ്ഞുകൊണ്ട് പറയുന്നു. ഇപ്പോൾ ഒരു സുഹൃത്തിന്റെ കൂടെയാണ് താമസം. രണ്ട് ദിവസം കഴിഞ്ഞാൽ സുഹൃത്തിന്റെ കുടുംബം നാട്ടിൽ നിന്നെത്തും. അതിന് ശേഷം എവിടെ താമസിക്കുമെന്ന യാതൊരു പിടിയുമില്ല. ഇത്തരത്തിൽ സുഹൃത്തുക്കളേയെല്ലാം ബുദ്ധിമുട്ടിക്കുന്നതിൽ ഏറെ മാനസിക വിഷമമുണ്ട്. നാട്ടിൽ പോയി തിരിച്ചുവന്ന് തന്റെ പഴയകാല ജീവിതം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഇൗ ചെറുപ്പക്കാരന്‍ വിശ്വസിക്കുന്നു. സുനിൽകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടാനുള്ള നമ്പർ: 00971 54 546 3677.