Latest News

അളിയന്‍ വേഴ്‌സസ് അളിയന്‍! പണാപഹരണക്കേസില്‍ സ്പാനിഷ് രാജാവിന്റെ അളിയൻ ജയിലിൽ, കോടതി വിധിച്ചിട്ടുള്ളത് അഞ്ചുവർഷവും 10 മാസവും ജയിൽശിക്ഷ

2018-06-19 02:20:35am |

മഡ്രിഡ്∙ സ്പെയിനിലെ ഫെലിപ് രാജാവിന്റെ സഹോദരി ക്രിസ്റ്റീനയുടെ ഭർത്താവ് ഇനാകി ഉർദൻഗരിനു പണാപഹരണക്കേസിൽ ആറുവർഷം ജയിൽ ശിക്ഷ. വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളിയതോടെ ഉർദൻഗരിൻ ബ്രീവ ജയിലിൽ ശിക്ഷ അനുഭവിച്ചു തുടങ്ങി.

മുൻ ഒളിംപിക് ഹാൻഡ്ബോൾ കളിക്കാരനാണ് അൻപതുകാരനായ ഉർദൻഗരിൻ. ഭാര്യാപിതാവിൽ നിന്നു ദശലക്ഷക്കണക്കിനു യൂറോ തട്ടിയെടുത്തതിന് അഞ്ചുവർഷവും 10 മാസവും ജയിൽശിക്ഷയാണു കോടതി വിധിച്ചിട്ടുള്ളത്. രാജകുടുംബത്തിന് ഏറെ പേരുദോഷമുണ്ടാക്കിയ ഈ പണാപഹരണ കേസിനെ തുടർന്നു ഫെലിപ് രാജാവിന്റെ പിതാവ് യുവാൻ കാർലോസ് അധികാരം വിട്ടിരുന്നു. തൊണ്ണൂറുകളിൽ സ്പെയിൻ രാജകുടുംബത്തിലെ സുവർണകുമാരനായിരുന്ന ഉർദൻഗരിൻ 2004–06ൽ മയോർക്ക ദ്വീപിൽ അദ്ദേഹം തലവനായ നൂസ് ഇൻസ്റ്റിറ്റ്യൂട്ട് സ്പോട്സ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയിൽ പണം തിരിമറി നടത്തിയെന്നാണു കേസ്. 2010ൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ രാജകുടുംബം എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഉർദൻഗരിനെ ഒഴിവാക്കിയിരുന്നു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നടന്ന ഈ അഴിമതി രാജ്യമെങ്ങും വൻ‌ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്നു യുവാൻ കാർലോസ് രാജാവ് 2014 ജൂണിൽ സ്ഥാനമൊഴിഞ്ഞു. പിന്നീട് അധികാരമേറ്റ ഫെലിപ് ആറാമൻ രാജാവ് ഉർദൻഗരിന്റെ പ്രഭു പദവിയും ക്രിസ്റ്റീനയുടെ പ്രഭ്വി പദവിയും എടുത്തുകളഞ്ഞു. ഉർദൻഗരിനും കുടുംബവും സ്വിറ്റ്സർലൻഡിലേക്കു താമസം മാറ്റി. 2016ൽ കേസിൽ വിചാരണ ആരംഭിച്ചു. 2017 ഫെബ്രുവരിയിൽ കോടതി ഉർദൻഗരിൻ കുറ്റക്കാരനാണെന്നു കണ്ടെത്തി ആറുവർഷവും മൂന്നു മാസവും ജയിൽശിക്ഷ വിധിച്ചു. ഭർത്താവിനെ കുറ്റകൃത്യത്തിനു സഹായിച്ചതിനും നികുതിവെട്ടിപ്പിനും ക്രിസ്റ്റീനയെയും വിചാരണ ചെയ്തെങ്കിലും 2,65,000 യൂറോ പിഴശിക്ഷ നൽകി വിട്ടയച്ചു.