Latest News

‘ഓരോ ഫോണും ഭയമാണ്’: മലയാളി യുവതിയും മക്കളും ദുബായിൽ കുടുങ്ങി‍; ചതിച്ചത് ഭർത്താവോ?

2018-06-20 02:16:51am | കടപ്പാട്: മനോരമ

ഒാരോ ഫോൺ വിളി എത്തുമ്പോഴും രാഖിയുടെ ഹൃദയമിടിപ്പ് കൂടും. മക്കളെ അരികു ചേർത്ത് കണ്ണീരോടെ പ്രാര്‍ഥിക്കും– ദൈവമേ, വിളിക്കുന്നത് കടക്കാരാരും ആകരുതേ എന്ന്. കാരണം, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി എട്ട് ലക്ഷത്തിലേറെ ദിർഹം (ഏകദേശം ഒന്നര കോടി രൂപ) നൽകാനുണ്ട്. കൂടാതെ, ഒന്നര ലക്ഷത്തോളം ദിർഹത്തി (ഏകദേശം 26 ലക്ഷം രൂപ)ന്റെ രണ്ട് ചെക്കു കേസുകൾ, തുക എത്രയെന്ന് ഇതുവരെ തിരിച്ചറിയാത്ത മറ്റൊരു ചെക്ക് കേസ്...ഇവരെല്ലാം തുടർച്ചയായി ഫോൺ വിളിച്ച് പണം തിരികെ ആവശ്യപ്പെടുമ്പോൾ നിസ്സഹയാതയോടെ കരയാനേ ഇൗ വീട്ടമ്മയ്ക്ക് സാധിക്കുന്നുള്ളൂ. 

ദുബായ് വർഖയിൽ താമസിക്കുന്ന തൃശൂർ നെടപുഴ സ്വദേശി രാഖി(40)യും ഭിന്നശേഷിക്കാരനായ ഇളയ മകനടക്കം രണ്ട് ആൺ മക്കളുമാണ് തങ്ങളുടേതല്ലാത്ത കാരണത്താൽ സാമ്പത്തിക പ്രതിന്ധിയിൽപ്പെട്ട് ദുരിതത്തിലായത്. 17 വർഷം മുൻപ് വിവാഹിതയായ ശേഷമാണ് രാഖി ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവിനടുത്തെത്തിയത്. സ്കൂൾ അധ്യാപികയായി പ്രവാസ ജീവിതം ആരംഭിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളും പിറന്നു. മൂത്തത് നോയൽ. 15 വയസുകാരനായ ഇളയ മകൻ ആഷ്‌ലി ഭിന്നശേഷിക്കാരനാണ്. 

2012ൽ രാഖിയും ഭർത്താവും പാർട്ണർമാരായി അദ്ദേഹത്തിന്റെ താത്പര്യത്തിൽ അഡ്വർടൈസിങ് കമ്പനി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പലരിൽ നിന്ന് വാങ്ങിയ പണമുപയോഗിച്ചായിരുന്നു ഇതിനുള്ള നിക്ഷേപം കണ്ടെത്തിയതെന്ന് രാഖി പറയുന്നു.  2013ൽ ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടു. കമ്പനിയും ഗുണം പിടിച്ചില്ല. ഇതോടെ രാഖിയുടെ പേരിലുള്ള ചെക്കുകളൊക്കെ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. തുടർന്ന് രണ്ട് കമ്പനികൾ കോടതിയെ സമീപിച്ചു. മറ്റൊരു ചെക്ക് കേസിൽ ഭർത്താവ് നാല് ദിവസം ജയിലിലുമായി. രാഖിയുടെ പാസ്പോർട്ട് ജാമ്യത്തിൽ വച്ചായിരുന്നു അദ്ദേഹത്തെ പുറത്തിറക്കിയത്. ബന്ധുക്കൾ കടമായി നൽകിയ പണമുപയോഗിച്ച് ഒരു കേസ് ഒത്തുതീർപ്പാക്കി. ഇടയ്ക്ക് മറ്റൊരാൾ പാർട്ണറായി എത്തി. പക്ഷേ, വൈകാതെ തന്റെ ഒാഹരി തിരിച്ചുതരികയോ, അല്ലെങ്കിൽ കമ്പനി തന്റെ പേരിൽ തന്നെ എഴുതിത്തരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് രാഖിയുടെ അമ്മാവൻ നാട്ടിൽ അദ്ദേഹത്തിന് പണം കൈമാറി. മറ്റുള്ളവരുടെ കടമൊന്നും തിരിച്ചു നൽകാനാകാത്തതിനാൽ ബന്ധുക്കളുമായുള്ള ബന്ധം മോശമായതായി രാഖി പറയുന്നു.

ഇതിനിടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളായി 2017 ഒക്ടോബറിൽ ഭർത്താവ് രാഖിയേയും മക്കളേയും ഉപേക്ഷിച്ച് പോയി. ഇപ്പോൾ ദുബായിൽ തന്നെയുണ്ടെങ്കിലും കുടുംബവുമായി യാതൊരു ബന്ധവുമില്ല. ഇതിനിടെ വർഖ ഔവർ ഒാൺ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുകയായിരുന്ന മൂത്ത മകന്റെ പഠന ചെലവ് നൽകാനാകാത്തതും പ്രശ്നമായി. വിദ്യാഭ്യാസം താളം തെറ്റിയിതിനെ തുടർന്ന് മകൻ പ്ലസ് ടു പരീക്ഷയിൽ തോറ്റു. മകൻ ഇപ്പോൾ വീട്ടിൽ വെറുതെയിരിക്കുകയാണ്. വീട്ടുവാടക പലപ്പോഴും മുടങ്ങുന്നു. മകന് നല്ലൊരു ജോലി ലഭിച്ചിരുന്നെങ്കിൽ ചെറിയൊരു ആശ്വാസമാകുമായിരുന്നു എന്നാണ് രാഖി പറയുന്നത്. ഇളയമ മകൻ ആഷ്‌ലി ആരോഗ്യ പ്രശ്നം കാരണം ഇതുവരെ സ്കൂളിലും പോയിട്ടില്ല. മക്കളുടെ വീസ അവസാനിച്ചിട്ട് മൂന്നു വർഷമായി. പരിചയക്കാരുടെ സഹായത്തോടെയാണ് കുടുംബം ജീവിതച്ചെലവുകൾ നടത്തിപ്പോകുന്നത്.

തന്നെയും കുടുംബത്തെയും ഉപേക്ഷിച്ചുപോയ ഭർത്താവിനെതിരെ രാഖി ദുബായ് കുടുംബ കോടതിയിൽ നൽകിയ കേസ് നിലവിലുണ്ട്. കൂടാതെ, ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി. ഇന്ത്യൻ കോണ്‍സുലേറ്റിന് കീഴിലുള്ള എെഡബ്ല്യുആർസി രാഖിയെയും ഭർത്താവിനെയും വിളിപ്പിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചുവന്നു. ചെക്കുക കേസുകളിൽ നിന്ന് ഒഴിവാകുകയും മറ്റു പ്രശ്നങ്ങൾ തീരുകയും ചെയ്താൽ നാട്ടിൽ പോയി ജീവിക്കാനാണ് രാഖിയുട തീരുമാനം. എങ്കിലും ഇടയ്ക്കിടെ യുഎഇയിൽ നിന്നും നാട്ടിൽ നിന്നും കടക്കാർ ഫോൺ വിളിക്കുമ്പോൾ മനസിൽ ആധിയാണെന്ന് രാഖി പറയുന്നു. ഇൗ കുടുംബത്തെ സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടാനുള്ള നമ്പർ: 00971 52 1876858.