Latest News

എട്ടു ദിർഹത്തി​െൻറ പേരിൽ മലയാളിയെ കുടുക്കിയ സ്​ഥാപനത്തിന്​ എട്ടി​െൻറ പണി! 50,000 ദിർഹം നഷ്​ടപരിഹാരം നൽകാൻ കോടതി വിധി

2018-06-30 02:27:39am |

ദുബൈ: എട്ടു ദിർഹത്തി​​​െൻറ പേരിൽ ഗാരൻറി ചെക്ക് ദുരുപയോഗം ചെയ്ത്​ മലയാളി യുവാവിനെ കുടുക്കിയ ധനകാര്യ സ്ഥാപനം 50,000 ദിർഹം  നഷ്​ടപരിഹാരം നൽകാൻ കോടതി വിധി. കോഴിക്കോട് സ്വദേശി അജിത്തിനാണു നഷ്​ടപരിഹാരം ലഭിക്കുക. 2008 മുതൽ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അജിത്ത്, സാംബാ ഫിനാൻസ്​ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 13,800 ദിർഹം എടുത്തിരുന്നു.   2015ൽ സൗദി അറേബ്യയിലേക്ക് ജോലിമാറ്റം ലഭിച്ച്​ ​പോകും മുൻപ് മുഴുവൻ തുകയും അടച്ചുതീർക്കുകയും ചെയ്തു. എന്നാൽ 2017 ജൂണിൽ കേരളത്തിലേക്കു പോകാൻ സൗദിയിൽ നിന്ന് അബൂദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ ചെക്ക് കേസിൽ പൊലീസ് ഇദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്കു പോകുന്നതെന്നു പറഞ്ഞ അജിത്തിനോട് 13,800 ദിർഹം കെട്ടിവച്ചാൽ പോകാമെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൽനിന്ന്  തുക സംഘടിച്ചു നൽകി.

എന്നാൽ മടക്കയാത്രയിൽ  ദുബൈ  വിമാനത്താവളത്തിലെത്തിയപ്പോൾ വീണ്ടും അറസ്​റ്റ് ചെയ്​ത്​ അൽ ബർഷ പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചു​.  പാസ്പോർട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ അജിത്ത്  ധനകാര്യ സ്ഥാപനത്തിൽ  അന്വേഷിച്ചപ്പോൾ എട്ട് ദിർഹം തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. ഇൗ തുക അടച്ച് റിലീസ് വാങ്ങി പൊലീസിൽ ഹാജരാക്കി കേസ് അവസാനിപ്പിച്ചു. തുടർന്ന്​ അൽ കബ്ബാൻ അസോസിയേറ്റ്​സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ്​ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നഷ്​ടപരിഹാരം തേടി അജിത്ത്   കോടതിയിൽ കേസ് ഫയൽ ചെയ്തു. സംഭവങ്ങളുടെ ഓരോ ഘട്ടവും പരിഗണിച്ച കോടതി അജിത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. അബൂദബിയിൽ കെട്ടിവച്ച തുകയും ദുബൈ പൊലീസ്​ മുഖേന തിരികെ ലഭിച്ചു.