Latest News

രക്ഷാപ്രവര്‍ത്തകര്‍ തായ്‌ ഗുഹയ്‌ക്ക് അടുത്തെത്തി; കുട്ടിഫുട്‌ബോള്‍ താരങ്ങളെ രക്ഷിക്കാമെന്നു പ്രതീക്ഷ

2018-07-02 01:45:52am |

ബാങ്കോക്ക്‌: തായ്‌ലന്‍ഡിന്റെ ഗുഹയില്‍ കുടുങ്ങിയ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാനുള്ള ശ്രമം നിര്‍ണായക ഘട്ടത്തിലേക്ക്‌. ഒന്‍പത്‌ ദിവസം മുമ്പാണു 12 വിദ്യാര്‍ഥികളും 25 വയസുകാരനായ കോച്ചും ഗുഹയില്‍ കുടുങ്ങിയത്‌. രാജ്യാന്തര രക്ഷാപ്രവര്‍ത്തകരുടെ സംഘം ഗുഹയ്‌ക്കടുത്തെത്തിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട്‌ ചെയ്‌തു.

വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ്‌ റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ്‌ ഗുഹയിലാണു കുട്ടികളും കോച്ചും കുടുങ്ങിയത്‌. പത്ത്‌ കിലോമീറ്ററോളെ നീളമുള്ള ഗുഹയില്‍ ഏത്‌ ഭാഗത്താണ്‌ ഇവര്‍ കുടുങ്ങിയിരിക്കുന്നത്‌ എന്നത്‌ സംബന്ധിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പട്ടായ ബീച്ച്‌ മേഖലയിലാണു കുട്ടികളുള്ളതെന്നാണു നിഗമനം. രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്കു അടുത്തുകൊണ്ടിരിക്കുകയാണെന്നു തായ്‌ നേവി സീല്‍സ്‌ കമാന്‍ഡര്‍ റിയര്‍ അഡ്‌മിറല്‍ അപകോണ്‍ യൂകോങ്കാവ്‌ അറിയിച്ചു.

ഓക്‌സിജന്‍ ടാങ്കുകളുടെ സഹായത്തോടെയാണു രക്ഷാപ്രവര്‍ത്തകരുടെ മുന്നേറ്റം. ഇവിടെനിന്നും വെള്ളം പുറത്തേക്കു പമ്പ്‌ ചെയ്യുന്നുമുണ്ട്‌. ചൈന, ബ്രിട്ടണ്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകരും കുട്ടികളെ രക്ഷിക്കാന്‍ രംഗത്തുണ്ട്‌. കനത്ത മഴയെത്തുടര്‍ന്ന്‌ ഗുഹയുടെ കവാടം അടഞ്ഞതോടെയാണ്‌ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയത്‌.