Latest News

വെള്ളമിറങ്ങാന്‍ നാലു മാസമെങ്കിലും, തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാദൗത്യം വൈകും

2018-07-04 01:58:49am |

ബാങ്കോക്ക്‌: തായ്‌ലന്‍ഡില്‍ ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നു സൂചന. ഭൂനിരപ്പില്‍നിന്നു 800 മീറ്റര്‍ താഴെയാണു കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത്‌. ഇവര്‍ പുറത്തിറങ്ങും വരെ ഒപ്പം കഴിയാന്‍ തായ്‌ലന്‍ഡ്‌ നേവിയിലെ രണ്ട്‌ ഡോക്‌ടര്‍മാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

12 കുട്ടികളും കോച്ചുമടക്കം ഗുഹയില്‍ അകപ്പെട്ടവരെ കഴിഞ്ഞ ദിവസം ജീവനോടെ കണ്ടെത്തിയിരുന്നു. ഗുഹയില്‍ വെള്ളം പൊങ്ങിയതിനാല്‍ ഇവര്‍ ഉള്ളിലെ പാറക്കെട്ടുകളില്‍ അഭയം തേടിയിരിക്കുകയാണ്‌. ഗുഹയിലെ വഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഉള്ളില്‍ അകപ്പെട്ടവരെ മുങ്ങാംകുഴിയിടുന്നതു പരിശീലിപ്പിച്ച്‌ പുറത്തെത്തിക്കുകയോ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

വെള്ളമിറങ്ങാന്‍ നാലു മാസമെങ്കിലും വേണ്ടിവരുമെന്നും ഇത്രയും നാള്‍ പുറത്തുനിന്നു ഭക്ഷണവും മരുന്നുമുള്‍പ്പടെയുള്ളവ ഗുഹയിലെത്തിക്കേണ്ടി വരുമെന്നാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന തായ്‌ സൈന്യത്തിന്റെ വിലയിരുത്തല്‍. മഴക്കാലത്ത്‌ ഗുഹയിലുണ്ടായ വെള്ളപ്പൊക്കം ഒക്‌ടോബര്‍ വരെ നീളാറുണ്ട്‌. വെള്ളം പമ്പു ചെയ്‌തു കളഴാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.