ഷരീഫിന് 10 വർഷം ജയിൽ ശിക്ഷ; മകൾക്ക് ഏഴു വർഷവും മരുമകന് ഒരു വർഷവും തടവ്

2018-07-07 04:33:20am |

ഇസ്‌ലാമാബാദ്∙ പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിന് (68) പത്തു വർഷം തടവ്. 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും പാക്കിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചു. കൂട്ടുപ്രതികളായ മകൾ മറിയം ഏഴു വർഷവും മരുമകൻ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ ഒരു വർഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി. നവാസ് ഷരീഫും കുടുംബാംഗങ്ങളും നിലവിൽ ലണ്ടനിലാണുള്ളത്.

പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) റജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒന്നായ അവാൻഫീൽഡ് ഹൗസ് കേസിലാണ് ഇപ്പോഴത്തെ വിധി. ലണ്ടനിലെ സമ്പന്നമേഖലയിൽ നാലു ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്റെ സ്രോതസ് ഹാജരാക്കാൻ ഷരീഫിനു കഴിഞ്ഞില്ല.

പാനമ രേഖകളുടെ അടിസ്ഥാനത്തിൽ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തി‍രഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആൺമക്കളായ ഹുസൈൻ, ഹസൻ, മകൾ മറിയം, മകളുടെ ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവരും പ്രതികളാണ്.

അർബുദ ബാധിതയായി ലണ്ടനിൽ ചികിൽസയിൽ കഴിയുന്ന ഭാര്യ കുൽസൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും ഇപ്പോഴുള്ളത്. കേസുകൾ കെട്ടിച്ചമച്ചതാണെന്നാരോപിച്ചു നവാസ് ഷരീഫ് നൽകിയ പുനഃപരിശോധനാ ഹർജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. പാക്കിസ്ഥാൻ മുസ്‍ലിം ലീഗിന്റെ നേതൃസ്ഥാനത്തുനിന്നു ഷരീഫിനെ കോടതി നീക്കിയിരുന്നു. മൂന്നു തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന് മൂന്നുവട്ടവും കാലാവധി തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 

പ്രമുഖരെ തുറന്നുകാട്ടിയ പാനമ രേഖകൾ

2016ൽ, വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ അനധികൃത രഹസ്യ വിദേശ നിക്ഷേപങ്ങൾ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിൽ നവാസ് ഷരീഫിന്റെയും മക്കളായ ഹസൻ, ഹുസൈൻ, മറിയം എന്നിവരുടെയും വിദേശ നിക്ഷേപ വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ലണ്ടനിലെ ഫ്ലാറ്റുകൾ അടക്കമുള്ള വിദേശ നിക്ഷേപങ്ങൾ നവാസ് ഷരീഫിന്റെ പ്രഖ്യാപിത സ്വത്തുരേഖയിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2016 നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംയുക്ത അന്വേഷണ സംഘത്തിന്റെ (ജെഐടി) റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള കേസിൽ 2017 ജൂലൈയിൽ സുപ്രീം കോടതി ഷരീഫിനെ അയോഗ്യനാക്കി. ഇതോടെ പ്രധാനമന്ത്രിപദം ഒഴിഞ്ഞു. പിൻഗാമിയായി ഉയർത്തിക്കൊണ്ടുവന്ന മകൾ മറിയം ഷരീഫ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും കോടതി വിലക്കി.