Latest News

കൂലിപ്പണിക്ക് പോലും രണ്ടു ലക്ഷം വരെ മാസശമ്പളം നല്‍കും, ഇറാഖിന് വ്യാപകമായി മേസ്തിരി മാരേയും മെയ്ക്കാഡിനെയും വേണം; തീവ്രവാദികളെ പോലും അവഗണിച്ച് ദുബായില്‍ നിന്നും ഇന്ത്യാക്കാര്‍ മൊസൂളിലേക്ക് മുങ്ങുന്നു...!!

2018-07-24 02:35:41am |

ഇറാക്കിന്റെ സാമ്പത്തിക തലസ്ഥാനമായ മൊസൂളില്‍ 39 ഇന്ത്യാക്കാരെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന്റെ വിവാദം ഇന്ത്യ ഏറെനാള്‍ ചര്‍ച്ച ചെയ്തതാണ്. 2018 മാര്‍ച്ചില്‍ ഇറാഖിലെ ഒരു വലിയ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയതും അത് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നതുമെല്ലാം ഇന്ത്യാക്കാര്‍ ഇതുവരെ മറന്നിട്ടില്ല. എന്നാല്‍ യുദ്ധം തകര്‍ത്ത ഇറാഖിലേക്ക് ജോലിക്ക് വേണ്ടി ഇപ്പോഴും ഇന്ത്യന്‍ യുവാക്കളുടെ നീണ്ട ക്യൂ.

ദുബായിലേക്കെന്ന് പറഞ്ഞ് വിസിറ്റിംഗ് വിസയില്‍ പോകുന്നവരില്‍ പലരും പിന്നീട് ഇറാഖിലേക്ക് ജോലിക്ക് വേണ്ടി പോകുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എമിഗ്രന്റ്‌സ് മാനേജ്‌മെന്റ് കൗണ്‍സില്‍ ആന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ദീപക് എച്ച് ഛാബ്രിയ പ്രധാനമന്ത്രിക്ക് ഇക്കാര്യം കാട്ടി കത്തയച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമം വഴിയാണ് ഇറാഖ് വിദേശ തൊഴിലാളികളെ ക്ഷണിക്കുന്നത്. ഈ രീതിയില്‍ ആയതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന ഇത്തരം ഇന്ത്യന്‍ തൊഴിലാളികള്‍ ശരിക്കും എവിടെയാണ് തൊഴില്‍ തേടി പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരികയാണെന്നാണ് വിലയിരുത്തല്‍.

യുദ്ധം തകര്‍ത്ത സാഹചര്യത്തില്‍ ഇറാഖ് പുനര്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അവിടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുന്നു എന്നതാണ് ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് വന്‍ കൂലി ഇറാഖ് വാഗ്ദാനവും ചെയ്യുന്നുണ്ട്. അനേകം ഇന്ത്യന്‍ യുവാക്കളാണ് ഇറാഖിലേക്ക് പോകാന്‍ തയ്യാറാകുന്നത്. ദിവസവും ശരാശരി 75 മുതല്‍ 100 വരെ യുവാക്കള്‍ ഇറാഖിലേക്ക് എല്ലാദിവസവും തൊഴിലിനായി പോകുന്നുണ്ട്. അതേസമയം 2014 ജൂണില്‍ മൊസൂളിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നുമാണ് ഇന്ത്യാക്കാരെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് വൈരുദ്ധ്യമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. പിന്നീട് ഇറാഖിലെ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തി ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് വരെ ഇവരെ കാണാതായതാണെന്നും മരണമടഞ്ഞിട്ടില്ലെന്നുമാണ് ഇന്ത്യാഗവണ്‍മെന്റ് വാര്‍ത്ത പുറത്തുവിട്ടത്.

ഇറാഖി കമ്പനികള്‍ നല്‍കുന്ന വന്‍ കൂലിയാണ് അപകടത്തെ പോലും ഓര്‍ക്കാതെ ഇന്ത്യന്‍ യുവാക്കളെ ഇറാഖില്‍ എത്താന്‍ പ്രേരിപ്പിക്കുന്നതും. നാട്ടില്‍ എത്തുമ്പോള്‍ 75 ശതമാനം കൂടുതലാകുന്ന ശമ്പളമാണ് ഇറാഖ് നല്‍കുന്നത്. ഗള്‍ഫ് നാടുകളില്‍ 25,000 രൂപ വരെ കിട്ടുന്ന ജോലിക്ക് ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ഇറാഖിലെ ജോലിക്ക് കൂലി കിട്ടുന്നത്. ഇസ്‌ളാമിക് സ്‌റ്റേറ്റ് വീണതിനാല്‍ ഇപ്പോള്‍ അപകടമില്ലെന്നാണ് 1.25 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ഒരാള്‍ പറഞ്ഞത്. ഇറാഖില്‍ കെട്ടിടം പണിക്കെന്ന് പറഞ്ഞ് ഡല്‍ഹിയിലെ ഒരു ഏജന്റാണ് ഇയാളെ ഇറാഖില്‍ എത്തിച്ചത്. ദുബായില്‍ തനിക്ക് കിട്ടിയ മാസശമ്പളം 20,000 മാത്രം ആയിരുന്നെന്നും ഇപ്പോള്‍ കിട്ടുന്നത് അതിന്റെ ഇരട്ടിയാണെന്നും ഇയാള്‍ പറയുന്നു.

അതേസമയം ഇറാഖിലേക്ക് ഇന്ത്യാക്കാരെ പറഞ്ഞു വിടുന്ന ഏജന്റ് ഒരിക്കലും അവിടെ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് തൊഴിലാളിയോട് പറയാറില്ലെന്നും വലിയ ശമ്പളം കിട്ടുന്ന ജോലിയാണെന്ന് മാത്രം പറഞ്ഞാണ് കൊതിപ്പിക്കുന്നതെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.