Latest News

പൈലറ്റ് അടിച്ചു പൂസായി, ദുബായ് വിമാനം വൈകിയത് 10 മണിക്കൂർ; ക്ഷമ ചോദിച്ച് വിമാനകമ്പനി

2018-07-31 02:25:18am |

പൈലറ്റ് അമിതമായി മദ്യപിച്ചതിനെ തുടർന്ന് കഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള വിമാനം വൈകിയത് 10 മണിക്കൂറോളം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയുടെ കഠ്മണ്ഡുവിൽ (കെടിഎം) നിന്ന് ദുബായിലേക്ക് (ഡിഎക്സ്ബി) വരേണ്ടിയിരുന്ന എഫ്ഇസഡ് 8018 വിമാനത്തിന്റെ പൈലറ്റാണ് അമിതമായി മദ്യപിച്ച് എത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പൈലറ്റ് അമിതമായി മദ്യപിച്ചുവെന്ന് തിരിച്ചറിയുകയും ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

പരിശോധനയിൽ നിയമപരമായി അനുവദിച്ചതിനും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിൽ നിന്നും വിലക്കുകയായിരുന്നുവെന്ന് വിമാനക്കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം.

ഉണ്ടായ സംഭവവികാസങ്ങളിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമചോദിച്ചു. ഒരു കാരണവശാലും ഇത്തരം വിഷയങ്ങളിൽ യാതൊരു ഒത്തുതീർപ്പിനും കമ്പനി നിൽക്കില്ലെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുന്നതെന്നും വിമാന കമ്പനി അറിയിച്ചു. ജീവനക്കാർ ഫ്ലൈറ്റ് ഡ്യൂട്ടി സമയത്ത് മദ്യം ഉപയോഗിക്കുന്നില്ലെന്ന് പരിശോധിക്കുമെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം തുടർ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുമെന്നും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ 14 ഓപ്പറേഷൻസ് ആണ് വിമാന കമ്പനി നടത്തുന്നത്. ഏതാണ്ട് അഞ്ചു മണിക്കൂറാണ് യാത്രാ സമയം.