സൗദിയിൽ ട്രോളിനു പോലും വിലക്ക്; നിയന്ത്രണം കർശനം, മലയാളി വാട്സാപ്പ് ഗ്രൂപ്പുകൾ ഒഴിയുന്നു

2018-09-19 02:50:14am |

റിയാദ് ∙ സൗദിയിൽ ജോലിയെടുക്കുന്ന മലയാളികളും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കുക. സമൂഹമാധ്യമങ്ങൾ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷ അഞ്ചു വർഷം വരെ തടവും ആറു കോടിയോളം രൂപ പിഴയും. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ കർശന പെരുമാറ്റച്ചട്ടം നിർബന്ധമാക്കുന്ന നിയമങ്ങൾ കഴിഞ്ഞ ദിവസം സൗദി ഭരണകൂടം പുറത്തിറക്കി.

ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകൾ സന്ദർശിക്കുക തുടങ്ങി കർശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകൾ ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്.

സൈബർ നിയമം ലംഘിച്ചാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ (ഏകദേശം 5.76 കോടി രൂപ) പിഴയുമാണ് ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും.

വാട്സാപ് ഗ്രൂപ്പുകൾ അപ്രത്യക്ഷമാകുന്നു

സമൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സൗദിയിൽ മലയാളികളുടെ പല വാട്സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി. നാട്ടിൽ നിന്ന് വാട്സാപ് ഗ്രൂപ്പുകളിലേക്കു വരുന്ന, സൗദി നിയമപ്രകാരം അനുവദിക്കാത്ത ട്രോളുകളും സന്ദേശങ്ങളും സൗദിയിലുള്ളവർ ഫോർവേഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും സൈബർ നിയമത്തിന്റെ പരിധിയിൽ വരും.