ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ സിറില്‍ റാമഫോസയെ വംശീയ അധിക്ഷേപം, മലയാളി മലയാളി കെ.സി.നായര്‍അറസ്‌റ്റില്‍

2018-09-21 02:56:53am |

ജോഹന്നാസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ സിറില്‍ റാമഫോസയെ വംശീയമായി അധിക്ഷേപിച്ച മലയാളി അറസ്‌റ്റില്‍. ഡര്‍ബന്‍ മുന്‍ കൗണ്‍സിലര്‍ കേസി നായരാണ്‌ അറസ്‌റ്റിലായത്‌.
ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയില്‍ "കാഫിര്‍" എന്നു വിളിച്ചുകൊണ്ടാണ്‌ പ്രസിഡന്റിനെ അധിക്ഷേപിച്ചത്‌. വര്‍ണവിവേചനം നിലനിന്ന കാലത്ത്‌ കറുത്തവംശജരെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പദമാണിത്‌.

2005 ല്‍ തട്ടിപ്പുകേസില്‍ ആറു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്‌ കേസി. രാജ്യത്തെ വഞ്ചിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന "കാഫിര്‍" പ്രസിഡന്റാണ്‌ സിറില്‍ റാമഫോസയെന്ന്‌ അഞ്ചു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. സത്യം പറഞ്ഞതിന്റെ പേരില്‍ ഇനിയുള്ള കാലം ജയിലില്‍ കഴിയാനും അല്ലെങ്കില്‍ വെടിയുണ്ട ഏറ്റുവാങ്ങാനും തയാറാണെന്നും കേസി വീഡിയോയില്‍ പറയുന്നു.

അതേസമയം, കേസി നായരെ കുടുംബാംഗങ്ങള്‍ തള്ളിപ്പറഞ്ഞു. വര്‍ണവിവേചനത്തിനെതിരേ പോരാടിയ ചരിത്രമാണു തങ്ങളുടെ കുടുംബത്തിനെന്ന്‌ സഹോദരനായ കൃഷ്‌ണന്‍ നായര്‍ പറഞ്ഞു. വര്‍ണവിവേചനത്തിനെതിരായ പോരാട്ട നായകനും ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ അസംബ്ലി മുന്‍ അംഗവുമായ പരേതനായ ബില്ലി നായരുടെ അനന്തിരവനാണ്‌ കെസി നായര്‍.