Latest News

സൗദി ദേശീയ ടെലിവിഷനില്‍ ന്യൂസ് നൈറ്റ് അവതരിപ്പിച്ചു മാധ്യമപ്രവര്‍ത്തക ; വീം അല്‍ ദഖീല്‍ ചരിത്രമെഴുതിയത് രാത്രിയില്‍ വാര്‍ത്തവായിച്ച്

2018-09-25 03:33:38am |

റിയാദ്: പുതിയതായി പ്രഖ്യാപിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെ പശ്ചാത്തലത്തില്‍ മതത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും സൗദി സ്ത്രീകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കെ ചരിത്രം സൃഷ്ടിച്ച് മാധ്യമപ്രവര്‍ത്തക വീം അല്‍ ദഖീല്‍. സൗദി ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി രാത്രി ബുള്ളറ്റിനില്‍ ആങ്കറിംഗ് നടത്തുന്ന ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയായിയാണ് വീം അല്‍ ദഖീല്‍ ചരിത്രം തിരുത്തിയത്. സൗദി ദേശീയ ചാനലായ സൗദി ടിവി ചാനല്‍ 1 ല്‍ വ്യാഴാഴ്ച വൈകുന്നേരം രാത്രിയിലെ പ്രധാന ബുള്ളറ്റിന്‍ നയിച്ചായിരുന്നു ചരിത്രമെഴുതിയത്.

സൗദിയിലെ എല്‍ എഖ്ബാരിയപോലെയുള്ള ചാനലുകളില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ വാര്‍ത്തവായിക്കുന്നുണ്ട്. എന്നാല്‍ സൗദി ദേശീയ ടെലിവിഷന്‍ ചാനല്‍ പോലെ ഒന്നില്‍ പ്രധാന വാര്‍ത്താബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന ആദ്യ സ്ത്രീ എന്ന നിലയിലാണ് വീം അല്‍ ദഖീല്‍ ചരിത്രം സൃഷ്ടിച്ചത്. സൗദി സ്ത്രീ സ്വാതന്ത്ര്യത്തിലെ പുതിയ അദ്ധ്യായം എന്ന നിലയില്‍ വെള്ളിയാഴ്ച മുതല്‍ സൗദിയില്‍ ട്വിറ്ററിലെ ട്രെന്റിംഗായി മാറിയിരിക്കുകയാണ് അല്‍ ദഖീല്‍.

2016 ല്‍ പ്രഭാത വാര്‍ത്ത വായിച്ചുകൊണ്ട് സൗദി ടെലിവിഷനില്‍ ആദ്യം എത്തിയത് ജുമനാഷ് അല്‍ഷാമി ആയിരുന്നു. ഇപ്പോള്‍ രാത്രി വാര്‍ത്താ അവതരണം നടത്തി വീം അല്‍ ദഖീലിലൂടെ സൗദി വീണ്ടും ചരിത്രം രചിച്ചു. സുദീര്‍ഘമായ മാധ്യമ പ്രവര്‍ത്തന പരിചയമുള്ളയാളാണ് വീം. അറബിയും ഇംഗ്‌ളീഷും ഫ്രഞ്ചും വഴങ്ങുന്ന വീം 2011 ല്‍ ലബനീസ് അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷമാണ് മാധ്യമരംഗത്തേക്ക് ഇറങ്ങിയത്. ലെബനോനിലെ ബെയ്‌റൂട്ടില്‍ ദര്‍ അല്‍ ഹയാത്ത് പത്രത്തില്‍ ജോലി തുടങ്ങിയ വീം 2014 നും 2017 നും ഇടയില്‍ ബഹ്‌റിനില്‍ അല്‍ അറബ് ന്യൂസ് ചാനലില്‍ ന്യൂസ് പ്രസന്ററായിരുന്നു. അതിന് മുമ്പ് 2012 ല്‍ സിഎന്‍ബിസിയുടെ അറേബ്യന്‍ റിപ്പോര്‍ട്ടറായിരുന്നു. 2018 ജനുവരി മുതല്‍ സൗദി ടിവിയ്ക്ക് വേണ്ടി സൗദി സംപ്രേഷണ വകുപ്പില്‍ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

സമ്പദ് വ്യവസ്ഥയെ എണ്ണ ഇതരമാക്കി മാറ്റുന്നതിനും ലിംഗ സ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതും ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ വിഷന്‍ 2030 എന്ന നവോത്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഇതോടെ വീം അല്‍ ദഖീല്‍ മാറിയത്. കടുത്ത യാഥാസ്ഥിതികര്‍ എന്ന ദുഷ്‌പേര് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍ 2017 ല്‍ തുടങ്ങിവെച്ച നവീകരണമാണ് പുതിയ നീക്കങ്ങള്‍ക്ക് എല്ലാം ആധാരം.

ജൂണില്‍ സ്ത്രീകള്‍ക്ക് നാമമാത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ചില പരിഷ്‌ക്കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതിന് പുറമേ സ്വതന്ത്രമായി കാര്‍ ഓടിക്കാനുമുള്ള നിരോധനവും എടുത്തുമാറ്റി. ഇതിന് പിന്നാലെ അവര്‍ക്ക് അനേകം അവസരങ്ങള്‍ തുറന്നെടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ചില ലഘൂകരണങ്ങളും നടപ്പിലാക്കിയിരുന്നു. സൗദി സ്ത്രീകളെ സഹപൈലറ്റുമാരായും ഫ്‌ളൈറ്റ് അറ്റന്റന്റുകളായും ജോലിക്കെടുക്കുമെന്ന് റിയാദിലെ വിമാനക്കമ്പനി ഫ്‌ളൈനാസ് പ്രഖ്യാപിച്ചത് സെപ്തംബര്‍ ആദ്യമായിരുന്നു.