Latest News

ഞങ്ങളുണ്ട് കാവലിന്; മലയാളി യുവാവിനെ ഞെട്ടിച്ച് യുഎഇ പൊലീസ്, ആ കഥയിങ്ങനെ

2018-10-10 02:33:23am |

ഫുജൈറ:∙ സമയം രാവിലെ 11.30. മലീഹ റോഡിലെ വിജനപ്രദേശത്തെ റോഡരികിൽ തന്റെ കാർ അരികിൽ പാർക്ക് ചെയ്ത് ചെറിയൊരു മയക്കത്തിലായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശി മുനീർ അലി. പെട്ടെന്ന് എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നപ്പോൾ കാറിനരികിൽ പൊലീസ്! തൊട്ടപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന ഫുജൈറ ഹൈവേ പൊലീസ് വാഹനം. രണ്ടു പൊലീസുകാർ എന്തോ ഗൗരവമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നു. ദൈവമേ, എന്തെങ്കിലും പ്രശ്നം...! മിടിക്കുന്ന ഹൃദയത്തോടെ മുനീർ പെട്ടെന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ ഇരുവരും പുഞ്ചിരിച്ച് സലാം പറഞ്ഞു ഷെയ്ക് ഹാൻഡ് നൽകി. യുഎഇ പൊലീസിന്റെ സേവന മഹത്വത്തിന് ഉദാഹരണമായി പുതിയ കഥ കൂടി ഇവിടെ പിറക്കുകയായി. 

കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനായ മുനീർ അലി ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യം ഫുജൈറയിലേയ്ക്ക് ജോലി ആവശ്യാർഥം ഒറ്റയ്ക്ക് തന്റെ കാറിൽ യാത്ര ചെയ്യാറുണ്ട്. തലേന്ന് ശരിക്ക് ഉറങ്ങാത്തതിനാൽ കഴിഞ്ഞ ദിവസത്തെ യാത്രയിൽ കണ്ണുകളിൽ ഉറക്കം തൂങ്ങിനിന്നു. ച്യുയിങ്ങം ചവച്ചും റേഡിയോ കേട്ടുമെല്ലാം ഉറക്കത്തെ അകറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. അപ്പോഴേയ്ക്കും കാർ മലീഹയിലെ വിജന പ്രദേശത്തെ റോഡിലായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കാർ പതുക്കെ റോഡരികില്‍ നിർത്തി സീറ്റ് പിന്നോട്ടിട്ടു ഒന്നു മയങ്ങി. 

അതുവഴി പട്രോൾ ചെയ്തുവന്ന പൊലീസുകാർ വിജനപ്രദേശത്തെ റോഡരികിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് തങ്ങളുടെ വാഹനം നിർത്തി. ചെന്നു നോക്കിയപ്പോൾ ഡ്രൈവിങ് സീറ്റിൽ കിടന്നൊരാൾ മയങ്ങുന്നു: ഞങ്ങൾ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചുനോക്കിയപ്പോൾ ഹൃദയസ്പന്ദനം കണ്ടു ആശ്വസിച്ചു. പിന്നെ, പത്ത് മിനിറ്റ് നേരം കാത്തിരുന്നു. അപ്പോഴേയ്ക്കും താങ്കൾ ഉണർന്നു–മുനീർ അലിയുടെ തോളിൽ തട്ടിക്കൊണ്ട് പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. മതിയായില്ലെങ്കിൽ ഇനിയും ഉറങ്ങിക്കോളൂ.. ഞങ്ങൾ കാവലുണ്ട് എന്നു കൂടി അവർ പറഞ്ഞപ്പോൾ തന്റെ കണ്ണു നിറഞ്ഞുപോയെന്ന് മുനീർ പറയുന്നു. 

വേണ്ടെന്ന് പറഞ്ഞപ്പോൾ അവര്‍ ഉപദേശിച്ചു: പത്ത് മിനിറ്റൊക്കെ എസി ഒാൺ ചെയ്തു മയങ്ങുന്നതിൽ കുഴപ്പമില്ല. പക്ഷേ, അതിൽ കൂടുതൽ സമയം ഇങ്ങനെ ഉറങ്ങരുത്. അത് അപകടമാണ്. കൂടാതെ, ഇത്തരം വിജന പ്രദേശങ്ങളിൽ കാർ നിർത്തിയിട്ട് മയങ്ങാനും പാടില്ല. ഏതെങ്കിലും കവലയിലെത്തുമ്പോൾ പാർക്ക് ചെയ്ത് വേണം അങ്ങനെ ചെയ്യാൻ. മലീഹ റോഡിൽ പലയിടങ്ങളിലും സാമൂഹിക വിരുദ്ധർ യാത്രക്കാരെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാറുള്ള സംഭവം പൊലീസ് ഒാർമിപ്പിച്ചു. കുടിക്കാൻ വെള്ളവും ജ്യൂസും ചോക്ലേറ്റും നൽകിയാണ് അവർ പോയത്. 

16 വർഷമായി യുഎയിലുള്ള മുനീർ കഴിഞ്ഞ 12 വർഷമായി ഇൗ കമ്പനിയിൽ ജോലി ചെയ്യുന്നു. എന്നാൽ, ആദ്യമായാണ് ഇത്തരമൊരു അനുഭവം. യുഎഇ പൊലീസിന്റെ മനുഷ്യത്വപരമായ സേവനം കൊട്ടിഘോഷിക്കപ്പെടേണ്ടതാണെന്ന് ഇൗ യുവാവ് പറയുന്നു.