Latest News

സല്‍മാനെതിരേ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നു ; ഖാഷോഗിക്ക് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇസ്രായേയും സൗദി വധിക്കാനൊരുങ്ങുന്നു ; ഞായറാഴ്ച വിധിയില്‍ അന്തിമ തീരുമാനം

2018-10-26 03:16:53am |

റിയാദ്: എതിരേ ഉയരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതായി ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന സൗദി അറേബ്യ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വധശിക്ഷ നടപ്പാക്കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നടന്ന രഹസ്യ വിചാരണയ്ക്ക് പിന്നാലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനുഷ്യവാകാശപ്രവര്‍ത്തക ഇസ്രാ അല്‍ ഗോംഗാമിനെ ഞായറാഴ്ച കോടതിയില്‍ ഹ വീണ്ടും ഹാജരാക്കും. സൗദി ഏകാധിപതിയെന്ന് ആക്ഷേപം കേള്‍ക്കുന്ന പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് 29 കാരിയായ ഗോംഗാം.

വധശിക്ഷ നടപ്പാകുമോ ഒഴിവാക്കപ്പെടുമോ എന്ന് ഞായറാഴ്ച അറിയാം. സാധാരണഗതിയില്‍ രാജാവ് സമ്മതിച്ചാല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഷിയകള്‍ക്കെതിരേയുള്ള അവഗണന അവസാനിപ്പിക്കണം, രാഷ്ട്രീയ തടവുകാരായി ജയിലില്‍ ഇട്ടിരുന്നവരെ മോചിപ്പിക്കണം തുടങ്ങിയ ആവശ്യം ഉന്നയിച്ച് ക്വാറ്റിഫ് മേഖലയില്‍ 2011 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചതോടെയാണ് ഗോംഗമിന്റെ വിധിയെഴുതപ്പെട്ടത്.

ഷിയാ ന്യൂനപക്ഷത്തില്‍ നിന്നുള്ള ഗോംഗം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ദമാമിലെ അല്‍ മബാഹിത് ജയിലില്‍ മൂന്ന് വര്‍ഷമായി തടവിലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം നടത്തുന്നതും അക്രമരഹിത പ്രതിഷേധങ്ങള്‍ നടത്തിയതുമാണ് ഗോംഗമിനെതിരേ സര്‍ക്കാര്‍ തിരിയാന്‍ കാരണമായത്. അതേസമയം ഇവര്‍ക്ക് വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര സമൂഹത്തില്‍ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. അക്രമ സ്വഭാവത്തിലുള്ള ഒരു കേസും പേരിലില്ലാത്ത ഇസ്രയെ പോലെയുള്ള ഒരാള്‍ക്ക് മരണദണ്ഡന വിധിക്കുന്നത് ഭീകരമാണെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ മദ്ധേഷ്യന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുന്നവരെ നിശബ്ദമാക്കുന്ന സൗദിയുടെ പുതിയ നയമാണ് ഗോംഗമും അവരുടെ ഭര്‍ത്താവ് മൗസാ അല്‍ ഹാഷീമും ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരേയുള്ള കേസെന്ന് ആംനസ്റ്റിയും പറയുന്നു. ഭീകരത പോലെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനായി 2008 ല്‍ കൊണ്ടുവന്ന പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് ഗോംഗോമിന്റെ വിചാരണ നടന്നത്. അതേസമയം ഇത്തരം കോടതികള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വിചാരണ ചെയ്യാന്‍ ഉപയോഗിക്കുന്നെന്നും നീതിയുക്തമായ വിചാരണയ്ക്കുള്ള ഇരയുടെ അവകാശത്തെ ഹനിക്കുന്ന ഇത്തരം കോടതികള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുകയാണ്.

ഇതേ കോടതിയായിരുന്നു സല്‍മാന്‍ എല്‍ ഓദ, അലി അല്‍ ഒമാരി, അവാദ് അല്‍ ഖുറാനി എന്നിവരെ പോലെയുള്ള പ്രമുഖ സുന്നി പണ്ഡിതരെ വധിക്കാന്‍ സെപ്തംബറില്‍ വിധി പുറപ്പെടുവിച്ചത്. ഇതേ കോടതി തന്നെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഷിയാ ന്യൂനപക്ഷത്തില്‍ നിന്നുള്ള പ്രമുഖ പുരോഹിതരെയും 2017 ല്‍ വധശിക്ഷയ്ക്ക് വിധിച്ചതും. കേസ് നടത്താന്‍ പണം തേടിയുള്ള പിതാവിന്റെ പ്രചരണമാണ് ഗോംഗാമിന്റെ വിഷയത്തിലേക്ക് ശ്രദ്ധയെ കൊണ്ടുവന്നത്. നിലവിലെ സൗദി ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ ശക്തനായ വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഖാഷോഗി ഇസ്താംബൂളിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗോംഗാമിന്റെ വധശിക്ഷ തടയപ്പെട്ടേക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.