Latest News

ലങ്ക കീഴടക്കിയതു രാജപക്ഷെയോ ചൈനയോ; സുരക്ഷാഭൂപടത്തില്‍ തന്ത്രപ്രധാനസ്‌ഥാനമുള്ള ശ്രീലങ്കയെ ചൈനയുടെ "സാമന്തരാഷ്‌ട്ര"മാക്കി, ആശങ്കയോടെ ഇന്ത്യ

2018-10-29 02:49:05am |

അയല്‍പക്കത്തെ രാഷ്‌ട്രീയ അട്ടിമറിയില്‍ ആശങ്കയോടെ ഇന്ത്യ. ചൈനയുടെ "ഉറ്റസുഹൃത്താ"യ മഹീന്ദ രാജപക്ഷെ വീണ്ടും ശ്രീലങ്കയുടെ ഭരണം കൈയടക്കിയത്‌ ഇന്ത്യയുമായുള്ള ബന്ധങ്ങളെ ബാധിക്കുമെന്നാണു നയതന്ത്രവിദഗ്‌ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണു പ്രസിഡന്റ്‌ മൈത്രിപാല സിരിസേന അപ്രതീക്ഷിതനീക്കത്തിലൂടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പിരിച്ചുവിട്ട്‌, മുന്‍ പ്രസിഡന്റും രാഷ്‌ട്രീയ എതിരാളിയുമായിരുന്ന രാജപക്ഷെയെ ഭരണത്തലപ്പത്തു വാഴിച്ചത്‌. ഇന്ത്യയുടെ സുരക്ഷാഭൂപടത്തില്‍ തന്ത്രപ്രധാനസ്‌ഥാനമുള്ള ശ്രീലങ്കയെ ചൈനയുടെ "സാമന്തരാഷ്‌ട്ര"മാക്കിയതു 2005-2015 വരെ പ്രസിഡന്റായിരുന്ന രാജപക്ഷെയാണ്‌. അടിസ്‌ഥാനസൗകര്യവികസനത്തിനു വന്‍തോതില്‍ സാമ്പത്തികസഹായം നല്‍കിയാണു ലങ്കയില്‍ ചൈന പിടിമുറുക്കിയത്‌. നയതന്ത്രബന്ധത്തില്‍ ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിച്ച്‌ ഇന്ത്യയും ജപ്പാനുമായി വീണ്ടും അടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണു വിക്രമസിംഗെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്‌.


2009-ല്‍ എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്‌ത്‌, കാല്‍നൂറ്റാണ്ടിലേറെ ശ്രീലങ്കയെ വേട്ടയാടിയ ആഭ്യന്തരയുദ്ധത്തിന്‌ അറുതിവരുത്തിയ രാജപക്ഷെ സിംഹളരുടെ വീരനായകനായി മാറിയിരുന്നു. എന്നാല്‍, എല്‍.ടി.ടി.ഇയ്‌ക്കെതിരായ സൈനികനടപടിയുടെ പേരില്‍ തമിഴ്‌ വംശജരെ ഒന്നടങ്കം ക്രൂരമായി വേട്ടയാടിയത്‌ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ രാജപക്ഷെയെ മനുഷ്യാവകാശധ്വംസകനായ വില്ലനാക്കി. അയല്‍പക്കത്തെ ചൈനീസ്‌ സ്വാധീനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി, നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രീലങ്കയ്‌ക്കു വന്‍തോതില്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. എന്നാല്‍, അതുപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതില്‍ മോഡി അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. വിക്രമസിംഗെ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച്‌ ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാക്കിയതിനു പിന്നാലെയാണ്‌ അദ്ദേഹം അധികാരഭ്രഷ്‌ടനായത്‌.

തമിഴ്‌ പുലികളെ തുടച്ചുനീക്കി വീരനായകനായെങ്കിലും പിന്നീടു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രാജപക്ഷെയ്‌ക്കുമൈത്രിപാല സിരിസേനയോട്‌ അടിയറവു പറയേണ്ടിവന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ രാജപക്ഷെയുടെ ശ്രീലങ്ക ഫ്രീഡം ഫ്രണ്ട്‌ വീണ്ടും പിടിമുറുക്കി. ഇതോടെയാണു സിരിസേനയുടെ യുണൈറ്റഡ്‌ പീപ്പിള്‍സ്‌ ഫ്രീഡം അലയന്‍സും വിക്രമസിംഗെയുടെ യുണൈറ്റഡ്‌ നാഷണല്‍ പാര്‍ട്ടിയും ഉള്‍പ്പെട്ട ഭരണസഖ്യത്തില്‍ വിള്ളല്‍ വീണതും അത്‌ സര്‍ക്കാരിനെ നിഷ്‌കാസനം ചെയ്യുന്നതില്‍ കലാശിച്ചതും. തമിഴ്‌ പുലികള്‍ക്കെതിരായ നടപടിയേത്തുടര്‍ന്ന്‌, സിംഹളര്‍ക്കിടയില്‍ രാജപക്ഷെയ്‌ക്ക്‌ ഇപ്പോഴും വന്‍സ്വാധീനമുണ്ട്‌. അതു മുതലെടുത്ത്‌ സ്വന്തം രാഷ്‌ട്രീയസുരക്ഷ ഉറപ്പുവരുത്തുകയാണു പ്രസിഡന്റ്‌ സിരിസേനയുടെ ലക്ഷ്യമെന്നു കരുതപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ രാജപക്ഷെയെ തോല്‍പ്പിച്ചെങ്കിലും ഒരിക്കല്‍ അദ്ദേഹത്തിനു കീഴില്‍ മന്ത്രിയായിരുന്നു സിരിസേന.

സിരിസേനയുടെ നടപടി സ്വന്തം രാഷ്‌ട്രീയഭാവി മാത്രം മുന്നില്‍ക്കണ്ടാണെന്നും എന്നാല്‍ അതിലൂടെ ചൈന വീണ്ടും ലങ്കയില്‍ പിടിമുറുക്കുമെന്നും രാജ്യാന്തര നയതന്ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വിക്രമസിംഗെ സര്‍ക്കാര്‍ ചൈനയ്‌ക്ക്‌ ലങ്കയിലേക്കുള്ള പാലത്തില്‍ ഒരു വിലങ്ങുതടിയായിരുന്നു. ലങ്കയിലെ രാഷ്‌ട്രീയ അട്ടിമറിക്കു പിന്നില്‍ ചൈനയാണെന്ന്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരുതുന്നു. ശ്രീലങ്കയിലെ എല്ലാ രാഷ്‌ട്രീയകക്ഷികളും ഭരണഘടനാവിധേയമായി പ്രവര്‍ത്തിക്കണമെന്നും സംഘര്‍ഷത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും യു.എസ്‌. വിദേശകാര്യവകുപ്പ്‌ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍, ജനീവ ഉടമ്പടിപ്രകാരമുള്ള മനുഷ്യാവകാശങ്ങളും നിയമസംവിധാനവും ഉയര്‍ത്തിപ്പിടിക്കുമെന്നു പ്രതീക്ഷിക്കുന്നതായും യു.എസ്‌. പ്രതികരിച്ചു. രാജപക്ഷെയുടെ അധികാരലബ്‌ധിയോടെ ശ്രീലങ്കയില്‍ എന്തെല്ലാം സംഭവിച്ചേക്കാമെന്ന അമേരിക്കയുടെ ആശങ്കയാണു പ്രസ്‌താവനയില്‍ നിഴലിച്ചത്‌.

രാജപക്ഷെയുടെ മുന്‍ഭരണകാലത്ത്‌ ശ്രീലങ്കയെ ചൈന സാമ്പത്തികസഹായങ്ങളിലൂടെ സാമന്തരാഷ്‌ട്രമാക്കി മാറ്റിയതിന്‌ ഉദാഹരണങ്ങള്‍ ഏറെയാണ്‌. അടിസ്‌ഥാനസൗകര്യവികസനത്തിന്‌ എന്ന പേരില്‍ ലങ്കന്‍ ദ്വീപിലേക്കു വന്‍തോതില്‍ ചൈന പണമൊഴുക്കി. രാജപക്ഷെയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഹംബന്‍തോട്ട തുറമുഖവും ചൈനീസ്‌ സഹായത്തോടെ നിര്‍മിച്ചതാണ്‌. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായതോടെ വന്‍കടക്കെണിയിലായ ലങ്കന്‍ സര്‍ക്കാര്‍, ഒരു ചൈനീസ്‌ കമ്പനിക്കുതന്നെ തുറമുഖം 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി. ശ്രീലങ്കയുടെ ആഭ്യന്തരവരുമാനത്തിന്റെ 80 ശതമാനവും ചൈനയോടുള്ള കടം വീട്ടാനാണു വിനിയോഗിക്കപ്പെടുന്നത്‌. രാജപക്ഷെ വരുത്തിവച്ച കടക്കെണിയാണെങ്കിലും ഹംബന്‍തോട്ട തുറമുഖം കൈമാറിയതിന്റെ പഴിയത്രയും കേള്‍ക്കേണ്ടിവന്നതുവിക്രമസിംഗെ സര്‍ക്കാരിനാണ്‌. ഇതേത്തുടര്‍ന്ന്‌, വിക്രമസിംഗെയ്‌ക്ക്‌ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം നേരിടേണ്ടിവന്നു. ഈ നീക്കത്തെ പ്രസിഡന്റ്‌ സിരിസേനയുടെ പാര്‍ട്ടിയും പിന്തുണച്ചെങ്കിലും സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തെ അതിജീവിച്ചു. ഒടുവില്‍, അറ്റകൈപ്രയോഗത്തിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കി, ഭരണം രാജപക്ഷെയ്‌ക്കും രാജ്യത്തെ ചൈനയ്‌ക്കും അടിയറവയ്‌ക്കാന്‍ സിരിസേന നിര്‍ബന്ധിതനാവുകയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ കൈകാര്യം ചെയ്യുന്നതില്‍ വിക്രമസിംഗെ പരാജയപ്പെട്ടെന്ന ആരോപണവും അദ്ദേഹത്തിന്റെ പതനത്തിന്‌ ആക്കംകൂട്ടി. ഭരണമാറ്റത്തിനായുള്ള പൊതുവികാരം സിംഹളര്‍ക്കിടയിലെങ്കിലും ഉണ്ടായിരുന്നതായി വിലയിരുത്തപ്പെടുന്നു. ചൈനയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ നിക്ഷേപമിറക്കി രാജപക്ഷെ രാജ്യസമ്പദ്‌വ്യവസ്‌ഥയെ കരകയറ്റുമെന്ന്‌ ഒരുവിഭാഗം ജനങ്ങള്‍ കരുതുന്നു.

ശ്രീലങ്കയുടെ വികസനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിത്തര്‍ക്കത്തിന്റെ പ്രതിഫലനം കൂടിയാണ്‌. ഇന്ത്യയുടെ സ്വാധീനത്തേത്തുടര്‍ന്ന്‌ മാലദ്വീപില്‍ പിടിയയഞ്ഞ ചൈനയ്‌ക്ക്‌ ലങ്കന്‍ ദ്വീപില്‍ രാജപക്ഷെ പ്രതീക്ഷയുടെ "പച്ചത്തുരുത്താ"ണ്‌. എല്‍.ടി.ടി.ഇയെ നാമാവശേഷമാക്കി, സിംഹളരുടെ ആരാധനാപുരുഷനായ രാജപക്ഷെയെ തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെ തോല്‍പ്പിച്ചതിനു പിന്നില്‍ ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ "റോ"യാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.