Latest News

സൗദി അറേബ്യയിലെ തായിഫിൽ മാസങ്ങളായി ശമ്പളമില്ലാതെ ഒൻമ്പത് മലയാളി വനിതകൾ ദുരിതത്തിൽ

2018-10-30 01:52:03am |

ജിദ്ദ : സൗദി അറേബ്യയിലെ തായിഫിൽ മാസങ്ങളായി ശമ്പളമില്ലാതെ ഒൻമ്പത് മലയാളി വനിതകൾ ദുരിതത്തിൽ. തായിഫിൽ നിന്നും 50 കിലോമീറ്റർ അകലെ ജിദ്ദ -മക്ക റോഡിൽ അൽ കബീറിലെ മീഖാത്ത് (ഉംറക്ക് പോകുന്ന വിശ്വാസികൾ ഇഹ്‌റാം ചെയ്യുന്ന പള്ളി )പള്ളിയിൽശുചീകരണ ജോലിക്കെത്തിയവരാണ് ദുരിതത്തിൽ ആയത് .സൗമി യൂസഫ്, സിന്ധു തങ്കമ്മ,സജിമോൾ കെ. ജോയ്, റസിയ ബീവി , ദീപ്തി മനോഹരൻ നായർ, ഷിനമോൾ ജബ്ബാർ, സിമി ബീഗം, ജയ രാജൻ, സിന്ധു ഗിരീഷ് എന്നിവരാണു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ,കോട്ടയം,ജില്ലകളിൽ നിന്നുള്ള വനിതകളാണിവർ . 10 പേരുടെ സംഘത്തിൽ സുഖമില്ലാത്തതിനാൽ സീനത്ത് അബ്ദുറഹ്മാൻ നാട്ടിലേക്കു നേരത്തേ മടങ്ങി. ഷൈമ ഷാജഹാൻ ഇസ്മയിൽ ഇവിടെത്തന്നെ തുടരാനും തീരുമാനിച്ചു.

വീസ ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങൾ വിശ്വസിപ്പിച്ചാണ് ഇവർ പ്രവാസഭൂമിയിൽ എത്തിയത് . ആശുപത്രി ,യൂണിവേഴ്സിറ്റി എന്നിവടങ്ങളാണ് ജോലി എന്നും 1500 റിയാൽ ശമ്പളം(19,250രൂപ ഏകദേശം കണക്കിൽ )ഭക്ഷണം ,എട്ടുമണിക്കൂർ ജോലി ,ഓവർ ടൈം തുടങ്ങിയവയായിരുന്നു ഏജന്റന്മാരുടെ വാഗ്ദാനങ്ങൾ .

കേരളത്തിലെ വിവിധ സ്വാകാര്യ ട്രാവൽസ് വഴി വിസയ്ക്കായി 85,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഏജന്റുമാർ ഈടാക്കിയതെന്നും ഇവർ പറഞ്ഞു. ഇവരിൽ ചിലർ കുടുംബത്തിന്റെ അവസ്ഥ ഓർത്ത് ബാങ്ക് വായ്പ എടുത്തതാണ് ജോലിക്കായി എത്തിയത് .സൗദിയിലെത്തി ആറു മാസമായിട്ടും കൂട്ടത്തിൽ ഏഴു പേർക്ക് ഇഖാമ (സൗദി താമസാനുമതി രേഖ )ലഭിച്ചിട്ടില്ല. മൂന്ന് പേർക്ക് ലഭിച്ച ഇഖാമയാകട്ടെ ഗാർഹിക തൊഴിലാളികളുടേതും ആണ് .

ഇവർക്കു ലഭിച്ചിരിക്കുന്ന തൊഴിൽ കരാർ വ്യാജമാണെന്നു നെടുമ്പാശേരി എമിഗ്രേഷൻ അധികൃതർ ചൂണ്ടിക്കാട്ടിയെങ്കിലും കുടുംബത്തിന്റെ അവസ്ഥയോർത്തു സൗദിയിലെത്തുകയായിരുന്നെന്നു യുവതികൾ പറയുന്നു.തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ സ്പോൺസറുമായി നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ ലേബർകോടതിയിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണിവർ.ജോലിയിൽ തുടരാൻ താല്പര്യം ഇല്ലെന്നും ശമ്പള കുടിശിക ലഭ്യമാക്കി എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് ഇവരുടെ അപേക്ഷ .