Latest News

പൈലറ്റുമാര്‍ പറഞ്ഞതു കേട്ടില്ല, പറന്നത് വൻ ദുരന്തത്തിലേക്ക്; വഴിതെറ്റിച്ചതെന്ത്?

2018-11-02 03:16:02am |

കടലില്‍ തകർന്നു വീണ ഇന്തൊനീഷ്യന്‍ വിമാനം ലയൺ എയർ, അപകടം സംഭവിക്കുന്നതിന്റെ തൊട്ടുമുൻപ് നടത്തിയ യാത്രയിലും പ്രശ്നങ്ങള്‍ കാണിച്ചിരുന്നുവെന്ന് റിപ്പോർട്ട്. തകർന്നുവീണ ലയണ്‍ എയര്‍ ജെറ്റിലെ വേഗം നിരീക്ഷിക്കാനുള്ള സാങ്കേതിക സംവിധാനത്തിൽ പ്രശ്നമുണ്ടായിരുന്നു. ഉയരം (സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം) നിര്‍ണ്ണയിക്കുന്നതിന് പ്രശ്‌നമുണ്ടെന്ന് വിമാനത്തിലെ പൈലറ്റുമാര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ പ്രശ്‌നം തന്നെയായിരിക്കാം വിമാനത്തിന്റെ പതനത്തിലേക്കു നയിച്ചതെന്നാണ് ചില പ്രാഥമിക നിഗമനങ്ങള്‍. ഇതു ശരിയോ?

പുതിയ ബോയിങ് 737 മാക്‌സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിനു മുൻപ് ഇതേവിമാനം  ഡെന്‍പാസാറില്‍ നിന്ന് ജക്കാര്‍ത്തയ്ക്കാണു പറന്നത്. ഈ പറക്കലിനിടെയാണ് വിമാനത്തിന്റെ ആള്‍ട്ടിട്യൂഡ് നിര്‍ണ്ണയിക്കുന്ന സെന്‍സറുകള്‍ക്ക് തകരാറുണ്ടെന്ന് പൈലറ്റുമാര്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ടെക് വിദഗ്ധർ ഇതു പരിശോധിക്കുകയും പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറയുകയും ചെയ്തതിനു ശേഷമാണ് ദുരന്തപ്പറക്കല്‍ നടത്തുന്നത്. 

സെന്‍സര്‍ തകരാറാണോ ഇതിലേക്കു നയിച്ചതെന്നതിനെപ്പറ്റി അന്തിമമായ തീര്‍പ്പിലെത്തണമെങ്കിള്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരുമെങ്കിലും ഇതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. കാരങ്ങള്‍ പരിശോധിക്കാം.

ടേക്ക് ഓഫിനു തൊട്ടു പിന്നാലെയാണ് വിമാനം താഴേക്കു വീഴുന്നത്. വിമാനത്തിന്റെ സ്പീഡും ആള്‍ട്ടിട്യൂഡ് നിര്‍ണ്ണയിക്കുന്നതില്‍ സംഭവിക്കുന്ന തെറ്റുകളും കോക്പിറ്റില്‍ ഭീതി ജനിപ്പിക്കാം. ഇത്തരത്തിലുള്ള അപകടങ്ങള്‍ മുൻപു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 2009ല്‍ എയര്‍ ഫ്രാന്‍സ് അറ്റലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത് സമാനമായ സാഹചര്യത്തിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്തൊനീഷ്യന്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ട്രാക് ഡേറ്റയില്‍ നിന്നും വെളിവാകുന്നതും സെന്‍സര്‍ പ്രശ്‌നമായിരിക്കാമെന്ന് പറയുന്നു. അപകടത്തിനു പിന്നാലെ, ഇന്തൊനീഷ്യ ലയണ്‍ എയറിന്റെ ടെക്‌നിക്കല്‍ ഡയറക്ടറെ പുറത്താക്കുകയും ചെയ്തു. പൈലറ്റുമാര്‍ പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്ത ശേഷം അതു പരിശോധിച്ച് കുഴപ്പമില്ലെന്നു വിധിയെഴുതിയ എൻജിനീയറെയും ലയണ്‍ എയര്‍ പുറത്താക്കി. ഇന്തൊനീഷ്യയുടെ ദേശീയ ട്രാന്‍സ്‌പോര്‍ട്ട് സെയ്ഫ്റ്റി ബോര്‍ഡിന്റെ ശുപാര്‍ശയിലാണ് പുറത്താക്കലുകള്‍. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഉടനെ കണ്ടെത്തുമെന്നാണ് കരുതുന്നത്.

അത്യാധുനിക ജിപിഎസ് ട്രാക്കിങ്ങുള്ള വിമാനങ്ങള്‍ക്കു പോലും വായുവിലൂടെയുള്ള വേഗം കൃത്യമായി നിര്‍ണ്ണയിച്ചാലെ പറക്കല്‍ സുഗമമാകൂ. എയര്‍സ്പീഡിന് കാറ്റിനനുസരിച്ച് വന്‍ വ്യതിയാനം വരാം. 'പിതൊത് ട്യൂബുകളാണ്' ഇതു നിര്‍ണ്ണയിക്കുന്നത്. കാറ്റിന്റെ വേഗവും വായുവിലെ മര്‍ദ്ദവും താരതമ്യം ചെയ്താണ് എയര്‍സ്പീഡ് നിര്‍ണ്ണയിക്കുന്നത്. ഇതിനു വേണ്ട സെന്‍സറുകളിലേതെങ്കിലും ബ്ലോക്കു ചെയ്യപ്പെട്ടാല്‍ തെറ്റായ വിവരമായിരിക്കും കിട്ടുക. എയര്‍ ഫ്രാന്‍സിന്റെ പതനത്തില്‍ സംഭവിച്ചത് പിതൊത് ട്യൂബുകളിലെ പ്രശ്‌നമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ആധുനിക ജെറ്റ്‌ലൈനറുകളില്‍ മൂന്നു പ്രത്യേക എയര്‍സ്പീഡ് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരെണ്ണം കേടാണെങ്കിലും ഇന്നത്തെ പൈലറ്റുമാര്‍ക്ക് മറ്റു രണ്ടെണ്ണങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമുപയോഗിച്ച് വിമാനത്തെ നിയന്ത്രിക്കാനാകും. അവസാന യാത്രയ്‌ക്കൊടുവില്‍ പൈലറ്റുമാര്‍ ഈ പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്താതായി പറഞ്ഞല്ലോ. ഇതു കൃത്യമായി എന്താണെന്നും ഇന്തൊനീഷ്യ പുറത്തുവിട്ടിട്ടില്ല. ഫ്‌ളൈറ്റുകള്‍ ട്രാക്കു ചെയ്യുന്ന കമ്പനിയായ ഫ്‌ളൈറ്റ്‌റഡാര്‍24 (FlightRadar24) പുറത്തുവിട്ട ഡേറ്റാ പ്രകാരം അപകടത്തില്‍പെട്ട വിമാനം 1,692 മീറ്റര്‍ മുകളിലെത്തിയ ശേഷം 1,410 മീറ്ററിലേക്കു താഴ്ചയിലേക്ക് വരുന്നത് കാണാം. ഇത് അസാധാരണമാണ്. പിന്നീട് ഉയര്‍ന്ന് 8,500 മീറ്റര്‍ ഉയരത്തിൽ എത്തിയെങ്കിലും, സാധാരണ ജെറ്റ്‌ലൈനര്‍ പറക്കുന്ന ഉയരമായ 9,100 മീറ്ററിലേക്ക് എത്തിയില്ല. ഇതില്‍ താഴെ പറക്കുന്നത് വിമാനങ്ങൾക്ക് ഇന്ധന നഷ്ടമുണ്ടാക്കും. എന്നാല്‍, ആള്‍ട്ടിട്യൂഡ് സെന്‍സറുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ വിമാനത്തെ 8,500 മീറ്ററിനു മുകളില്‍ പൊങ്ങാന്‍ അനുവദിക്കുകയുമില്ല. 

lion-air

പക്ഷേ, തങ്ങളുടെ എല്ലാ ഫ്‌ളൈറ്റുകളും മൂന്നു തവണ ചെക്കു ചെയ്ത് (transit, preflight and post-flight checks) മാത്രമാണ് പറപ്പിക്കുന്നതെന്നാണ് ലയണ്‍ എയര്‍ പ്രതിനിധി പറഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിമാനത്തിലെ പിതൊത് ട്യൂബുകളുടെ തകരാറു മൂലമായിരിക്കാം തകര്‍ന്നു വീണതെന്നു പറയാം. എന്നാല്‍, അന്തിമ റിപ്പോര്‍ട്ട് വരാതെ ഇത് സ്ഥിരീകരിക്കാനാവില്ല.