തേങ്ങയും ഇരുമ്പും മതിയാവില്ല, ദ്വീപിലേയ്ക്ക് കടക്കാന്‍ പൂര്‍ണ നഗ്നരായാലോ എന്ന് ആലോചന: അലന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ വഴികള്‍ തിരഞ്ഞ് വിദഗ്ധര്‍

2018-11-25 03:49:02am |

ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലശപ്പട്ട യുഎസ് പൗരന്‍ ജോണ്‍ അലന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ വഴികള്‍ തിരഞ്ഞ് വിദഗ്ധര്‍. അലന്റെ മൃതദേഹം കണ്ടെടുക്കാന്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ പ്രതിസന്ധി ഉയരുകയാണ്. അലന്റെ മൃതദേഹം കണ്ടെത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം ഗോത്രവര്‍ഗ്ഗക്കാരുടെ സുരക്ഷയ്ക്കും പോലീസ് പ്രാധാന്യം നല്‍കുന്നുണ്ട്.

തേങ്ങയും ഇരുമ്പും സമ്മാനിച്ച് ദ്വീപുനിവാസികളെ ബന്ധപ്പെടാമെന്ന ആശയം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. പതിനഞ്ചില്‍ താളെ മാത്രം ജനസംഖ്യയുള്ള ഗോത്രവര്‍ഗ്ഗസമൂഹമാണ് ഈ ദ്വീപില്‍ അധിവസിക്കുന്നത്. അതുകൊണ്ടു തന്നെ ഗോത്രസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒരു മാര്‍ഗ്ഗവും പോലീസോ നാവികസേനയോ സ്വീകരിക്കാനിടയില്ല. മാത്രമല്ല പ്രതിരോധശക്തി തീരെയില്ലാത്തതിനാല്‍ പുറത്തുനിന്നെത്തുന്നവരിലെ ചെറിയ ജലദോഷമോ അണുക്കളോ പോലും ഗോത്രസമൂഹത്തിന്റെ ജീവനെടുത്തേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വസ്ത്രം ധരിക്കാതെ പൂര്‍ണ നഗ്നരായി ദ്വീപിലെത്തി നിവാസികളെ ബന്ധപ്പെടാന്‍ ശ്രമിക്കുക എന്ന ആശയവും മുന്നോട്ടു വെയ്ക്കുന്നുണ്ട്. ദ്വീപിലേയ്ക്ക് എത്തുന്നവരെ അമ്പെയ്തും ആക്രമിച്ചുമാണ് ദ്വീപുനിവാസികള്‍ പ്രതിരോധിക്കുന്നത്.