അലന്റെ മൃതദേഹത്തിന് കാവല്‍ തീര്‍ത്ത് സെന്റിനല്‍ ദ്വീപുവാസികള്‍: ശ്രമം പരാജയപ്പെട്ട് വീണ്ടും പോലീസ് മടങ്ങി

2018-11-26 01:59:05am |

പോര്‍ട്ട് ബ്ലെയര്‍: ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെുക്കാനാകാതെ പോലീസ് വീണ്ടും തിരിച്ചു മടങ്ങി. ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിലാണ് ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് യുഎസ് മിഷണറി കൊല്ലപ്പെട്ടത്. മൃതദേഹം കിട്ടണമെന്ന ആവശ്യവുമായി അലന്റെ കുടുംബം സമീപിച്ചതോടെയാണ് പോലീസ് ശ്രമം ആരംഭിച്ചത്. ഇതേതുടര്‍ന്ന് തീരത്തേക്ക് ബോട്ടിലെത്തിയ പോലീസ് സംഘം ആയുധധാരികളായ ഗോത്രവര്‍ഗ്ഗക്കാരെ കണ്ടതോടെ മടങ്ങുകയായിരുന്നു.

മൃതദേഹം കുഴിച്ചിട്ടതായി കരുതപ്പെടുന്ന സ്ഥലത്തിനു സമീപമാണ് ഗോത്രവര്‍ഗ്ഗക്കാര്‍ നിലയുറപ്പിച്ചതെന്നാണ് പോലീസ് നിഗമനം. ബോട്ടില്‍ ദ്വീപിലേക്ക് പോയ പോലീസ് സംഘം തീരത്തു നിന്ന് 400 മീറ്റര്‍ അകലെവെച്ച് ബൈനോക്കുലറിലൂടെ നിരീക്ഷണം നടത്തിയപ്പോഴാണ് ഗോത്രവര്‍ഗ്ഗക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പോലീസ് പിന്‍വാങ്ങിയത്. ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി പോലീസ് മടങ്ങിയെന്ന് പോലീസ് ചീഫ് ദീപേന്ദ്ര പഥക് വ്യക്തമാക്കി. ഇതോടെ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനാകില്ലെന്ന നിഗമനം ശക്തമാകുകയാണ്.