പൊതുമാപ്പിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ വഴിയില്ലാതെ മലയാളിയടക്കം പതിനഞ്ചോളം പേർ! ഭക്ഷണം പോലുമില്ലാതെ പാർക്കിൽ രാത്രിയും പകലും

2018-11-30 02:01:35am |

ഷാർജ: പൊതുമാപ്പിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ വഴിയില്ലാതെ മലയാളിയടക്കം പതിനഞ്ചോളം പേർ ഷാർജ പാർക്കിൽ ദുരിതത്തിൽ. വർക്കല സ്വദേശി ഹസൻ(40), ഹൈദരാബാദ്, തെലുങ്കാന, ഉത്തർപ്രദേശ്, തമിഴ്നാട് സ്വദേശികൾ, ഒരു നേപ്പാളുകാരൻ എന്നിവരാണ് മാസങ്ങളായി വെയിലും തണുപ്പും സഹിച്ച് കഴിക്കാൻ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ റോള സൗദി പള്ളിക്കടുത്തെ പാർക്കിൽ രാത്രിയും പകലും കഴിച്ചുകൂട്ടുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴ നനഞ്ഞ പലർക്കും അസുഖം ബാധിച്ചു. പാർക്കിൽ വെള്ളം കെട്ടിക്കിടന്നതിനാൽ ഇവർ ദിവസങ്ങളായി രാത്രി ശരിക്ക് ഉറങ്ങിയിട്ടില്ല.

ഇവരിൽ മിക്കവരും മാസങ്ങൾക്ക് മുൻപേ സന്ദർശക വീസയിൽ യുഎഇയിലെത്തിയവരാണ്. ഏജന്റിന് വൻതുക നൽകി എത്തി വിവിധ കമ്പനികളിൽ മാസങ്ങളോളം ജോലി ചെയ്ത് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അവിടെ നിന്ന് പാർക്കിൽ അഭയം തേടിയവരാണ് മിക്കവരും. പാസ്പോർടും കോപ്പിയും കൈയിലുണ്ടായിരുന്ന ആറു പേർ പൊതുമാപ്പ് കേന്ദ്രത്തിൽ ചെന്ന് ഔട് പാസ് സ്വന്തമാക്കി. പക്ഷേ, വിമാന ടിക്കറ്റിന് പണമില്ലാതെ ഇവിടെ തന്നെ ബാക്കിയായി. അഞ്ചു പേർക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ഡിസംബർ ആറു വരെ സമയമുണ്ട്. ചിലർ പൊതുമാപ്പ് കേന്ദ്രത്തിൽ അടയ്ക്കാനുള്ള 300 ദിർഹം ഇല്ലാത്തതിനാൽ കുടുങ്ങിക്കിടക്കുന്നു. നേപ്പാൾ സ്വദേശിയുടെ കൈയിൽ പാസ്പോർട് കോപ്പി പോലുമില്ല. അനധികൃത താമസക്കാർക്ക് പിഴയൊടുക്കാതെ സ്വന്തം രാജ്യത്തേയ്ക്ക് പോകാൻ യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെ, ആരെങ്കിലും ഇന്നോ നാളെയോ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.

മലയാളിക്ക് വേണ്ടത് ഔട് പാസിനുള്ള തുക

വർക്കല സ്വദേശിയായ ഹസൻ കഴിഞ്ഞ മേയിലാണ് സന്ദർശക വീസയിൽ തൊഴിൽതേടി യുഎഇയിലെത്തിയത്. മൂന്ന് മാസത്തോളം ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു. എന്നാൽ നയാ പൈസ ശമ്പളയിനത്തിൽ നൽകിയില്ല. ഇതേ തുടർന്ന് ജോലി ഉപേക്ഷിച്ചു. മറ്റു പലയിടത്തും ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട്, ഷാർജ പാർക്കിൽ അഭയം തേടുകയായിരുന്നു. കടം വാങ്ങിയ പണം കൊണ്ടാണ് സന്ദർശക വീസ സ്വന്തമാക്കിയത്. അതു വീട്ടാതെ തിരിച്ചുപോകാൻ തോന്നിയില്ല. എന്നാലിപ്പോൾ, എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് തിരിച്ചുപോയാൽ മതിയെന്നായി. അതിന് ആരെങ്കിലും വഴിയൊരുക്കുമെന്ന് വിശ്വിസിക്കുന്നു.

Sharjah-park1 ഷാർജാ പാർക്കിൽ കഴിയുന്ന മലയാളി ഉൾപ്പെട്ട സംഘം

ഹൈദരബാദ് സ്വദേശിക്ക് മാനസികാസ്വാസ്ഥ്യം

സന്ദർശക വീസയിലെത്തി ജോലിയില്ലാതെ അലഞ്ഞ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെയ്ഖ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. 16 മാസം മുൻപാണ് ഇയാൾ യുഎഇയിലെത്തിയതെന്ന് കൈയിലുള്ള വീസാ പകർപ്പിൽ നിന്ന് മനസിലാകുന്നു. എന്നാൽ, തന്നെ കൊണ്ടുവന്ന ഏജന്റുമാരെക്കുറിച്ചോ മറ്റോ യാതൊന്നും ഇയാളിപ്പോൾ ഒാർക്കുന്നില്ല. പകൽനേരം എവിടെയൊക്കെയോ അലഞ്ഞു നടന്ന് രാത്രി പാർക്കിൽ വന്ന് കിടക്കുന്ന ഇയാൾ പലപ്പോഴും ഒരു നേരം പോലും ഭക്ഷണം കഴിക്കുന്നില്ലെന്നാണ് മറ്റുള്ളവർ പറയുന്നത്. 

ഭക്ഷണം ഒരു നേരം മാത്രം; തണുപ്പുകൂടുന്നു

പാർക്കിലെത്തുന്നവരോ വഴി പോക്കരോ എന്തെങ്കിലും വാങ്ങിച്ചു നൽകുന്നത് മാത്രമാണ് ഇവരുടെ ഭക്ഷണം. പലരും ശരിക്ക് ഭക്ഷണം കഴിക്കാതെ ആരോഗ്യം ശോഷിച്ച് രോഗ ബാധിതരായിരിക്കുന്നു. പലതും ആലോചിച്ച് പാർക്കിൽ തന്നെ രാപ്പകലുകൾ കഴിച്ചുകൂട്ടുന്നവരാണ് മിക്കവരും. ഇന്ത്യൻ കോൺസുലേറ്റിൽ ചെന്ന് കാര്യം ധരിപ്പിക്കാൻ യാത്രാ ചെലവിന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം. പൊതുമാപ്പിന് അപേക്ഷിക്കുകയും എന്നാൽ, ഫീസടയ്ക്കാനും വിമാന ടിക്കറ്റിനും പണമില്ലാത്തതിനാൽ ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകാൻ സാധിക്കാത്ത ഇവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് മുന്നോട്ട് വരണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. 

ഇത്തരത്തിൽ പൊതുമാപ്പിൽ മടങ്ങാനാകാതെ ദുരിതത്തിൽകഴിയുന്ന ഒട്ടേറെ പേർ യുഎഇയിലുണ്ടെന്ന് ഷാർജ മലയാളി കൂട്ടായ്മ ജനറൽ കൺവീനർ ദിനൽ തൃശൂരും ജീവകാരുണ്യ വിഭാഗമായ സ്നേഹതീരം കൊ ഒാർഡിനേറ്റർമാരായ ഷബീർ ഒാച്ചിറ, അജിത് മാവേലിക്കര എന്നിവരും മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇതുവരെ ഒട്ടേറെ പേർ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ കയറ്റിവിട്ടിട്ടുമുണ്ട്. ഇവരുടെ കാര്യത്തിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.