Latest News

സഹായിയാകാമോ എന്നു ചോദിച്ചു, ഡോക്ടർക്കൊപ്പം കൂടി; ഇതാ യുഎഇയിലെ ആദ്യത്തെ നഴ്സ്

2018-12-16 03:38:00am |

ദുബായിലെ ആദ്യത്തെ സ്വദേശി നഴ്സായ ഹുസൈൻ ഖാഇദിനെ ഹംദാൻ മെഡിക്കൽ പുരസ്കാര ചടങ്ങിൽ ആദരിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. ആതുരസേവന രംഗത്ത് ആറു പതിറ്റാണ്ട് പ്രവർത്തിച്ചയാളാണ് ഹുസൈൻ. രോഗികളുടെ ഏക ആശ്രയമായിരുന്ന ഇന്ത്യൻ ഡോക്ടറോടൊപ്പമാണ് ആദ്യകാലത്ത് പ്രവർത്തിച്ചതെന്ന് ഹുസൈൻ ഓർക്കുന്നു. 1951ൽ 16–ാം വയസ്സിലായിരുന്നു അത്.

സഹായിയാകാമോ എന്നു ചോദിച്ചപ്പോൾ സന്തോഷത്തോടെ ഒപ്പം കൂടുകയായിരുന്നു. ദെയ്റയിൽ മരത്തടികൊണ്ടു തട്ടിക്കൂട്ടിയ മുറിയായിരുന്നു ക്ലിനിക്ക്. യുഎഇയിലെ പഴയകാല ഡോക്ടർമാർക്കും ഹെൽത്ത് അതോറിറ്റി തലവൻമാർക്കും ഹുസൈൻ സുപരിചിതനാണ്. സ്പെഷ്യൽറ്റി ആശുപത്രികളും ക്ലിനിക്കുകളും ഇല്ലാത്തകാലത്ത് തെരുവോരങ്ങളിലാണ് പ്രതിരോധ കുത്തിവയ്പും മറ്റും നൽകിയിരുന്നത്. 2010ൽ വിരമിച്ച ഹുസൈൻ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.