ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഞായറാഴ്ച പുലര്‍ച്ചെ

2018-12-26 02:20:57am |

റാസല്‍ഖൈമ: ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍ഗോഡ് സ്വദേശിനി ദിവ്യ പ്രവീണാണ് മരിച്ചത്. 25 വയസായിരുന്നു. ഭര്‍ത്താവ് പ്രവീണും രണ്ട് വയസുകാരനായ മകനും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനം വിളക്കുകാലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കറാനില്‍ റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ആണ് പ്രവീണ്‍. ഷാര്‍ജയില്‍ അവധി ആഘോഷിക്കാനായി പോയി തിരികെ വരുമ്പോള്‍ പുലര്‍ച്ചെ 1.45ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു.

അപകടസമയം വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു ദിവ്യ ഇരുന്നിരുന്നത്. ഗുരുതരമായി പരുക്ക് പറ്റിയ ദിവ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ധനുമാസ തിരുവാതിര പരിപാടി ആഘോഷിക്കാനായാണ് ഇവര്‍ ഷാര്‍ജയിലേക്ക് പോയിരുന്നത്. പരിപാടിയില്‍ തിരുവാതിരയില്‍ ദിവ്യയും പങ്കെടുത്തിരുന്നു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരിജലജ ദമ്പതികളുടെ മകളാണ് ദിവ്യ. റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും