ഇത് അത്ഭുതം; ഒരു ചൂരമീന്‍ വിറ്റുപോയത് 21 കോടിക്ക്, റെക്കോര്‍ഡ്

2019-01-07 02:40:27am |

ടോക്കിയോ : മലയാളിക്ക് ബിരിയാണി എന്ന പോലെ ജപ്പാനില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമേറിയ വിഭവമാണ് സുഷി. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മത്സ്യങ്ങളിലൊന്നാണ് ബ്ലൂഫിന്‍ ട്യൂണ. ഇക്കുറി ലേലത്തിനെത്തിയത് 278 കിലോ തൂക്കം വന്ന മീനായിരുന്നു. വടക്കന്‍ തീരത്ത് നിന്നാണ് ഈ 278 കിലോ തൂക്കം വരുന്ന മീനിനെ മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കരയ്ക്ക് എത്തിച്ചത്. പിടിച്ച ഉടന്‍ കരയ്ക്ക് എത്തിച്ചതിനാല്‍ തന്നെ ഹോട്ടലുടമകള്‍ ഒന്നടങ്കം മീനിനെ സ്വന്തമാക്കാന്‍ രംഗത്തെത്തി.

ജപ്പാനില്‍ വിവിധയിനം സുഷി വിഭവങ്ങള്‍ വില്‍ക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്. അതിലൊരു ചെയിന്‍ റെസ്‌റ്റോറന്റിന്റെ ഉടമ 278 കിലോഗ്രാം തൂക്കം വരുന്ന ബ്ലൂ ഫിന്‍ ട്യൂണയെ വാങ്ങി. 333.6 മില്യണ്‍ യെന്‍ ചിലവഴിച്ചാണ് അദ്ദേഹം ഈ മത്സ്യം സ്വന്തമാക്കിയത്. അമേരിക്കയില്‍ 3.1 മില്യണ്‍ ഡോളര്‍ വരും ഈ തുക. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 21.3 കോടി. സുഷിസാന്‍മോയി ചെയിന്‍ റെസ്‌റ്റോറന്റ് ഉടമ, കിയോഷി കുമാറയാണ് ഈ റെക്കോഡ് കുറിച്ചത്. ആറ് വര്‍ഷം മുന്‍പ് മറ്റൊരു ട്യൂണയ്ക്ക് മുടക്കിയതിന്റെ ഇരട്ടിത്തുകയാണ് കിയോഷി ഇക്കുറി മുടക്കിയത്.

കിയോഷിയാണ് 2012 മുതല്‍ 2017 വരെ തുടര്‍ച്ചയായ ആറ് വര്‍ഷം ഈ വിപണിയില്‍ ആദ്യ മീനിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്. എന്നാല്‍ 2017 ല്‍ അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായില്ല. ഇക്കുറി കിയോഷി താന്‍ തന്നെ 2013 ല്‍ കുറിച്ച ലോക റെക്കോഡ് തിരുത്തിയെഴുതി. മീനിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയെങ്കിലും അത്ര സന്തോഷത്തോടെയല്ല കിയോഷി ചന്ത വിട്ടത്. മില്യണ്‍ യെന്‍ മുതല്‍ 60 മില്യണ്‍ യെന്‍ വരെ മുടക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പ്രതീക്ഷതിന്റെ അഞ്ച് മടങ്ങിലേറെ അധികം തുക ചിലവഴിക്കേണ്ടി വന്നു, എന്നായിരുന്നു അദ്ദേഹം ലേലത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

കിയോഷിയുടെ ഉടമസ്ഥതയില്‍ സുകിജി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റിലേക്കാണ് ഈ മീന്‍ ലേലത്തിന് ശേഷം പോയത്. ജാപ്പനീസ് വിഭവങ്ങളായ സുഷി, സാഷിമി എന്നിവയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ട്യൂണയാണ്. അതിനാല്‍ തന്നെ ജപ്പാനിലെ ജനങ്ങളുടെ ഇഷ്ടമത്സ്യമാണ് ട്യൂണ. എല്ലാ വര്‍ഷത്തെയും ആദ്യത്തെ ദിവസത്തെ ആദ്യ മത്സ്യലേലം ടോക്കിയോയിലെ പ്രധാന മത്സ്യവിപണന ചന്തയില്‍ ഒരു മത്സരമാണ്.

സാധാരണ സുകിജി മാര്‍ക്കറ്റിലാണ് ഈ ലേലം നടക്കാറുളളത്. എന്നാല്‍ ഈ മാര്‍ക്കറ്റ് 2020 ലെ ഒളിപിക്‌സിന്റെ പാര്‍ക്കിങ് ഗ്രൗണ്ടായി നിശ്ചയിച്ചതോടെ ലേലം താത്കാലികമായി തൊയോസു മാര്‍ക്കറ്റിലായി. ആദ്യത്തെ മീനിനെ സ്വന്തമാക്കാന്‍ ഹോട്ടലുടമകള്‍ തമ്മില്‍ വന്‍ മത്സരമാണ് ഈ ലേലത്തില്‍ കാഴ്ചവയ്ക്കാറുളളത്. അത്തരത്തില്‍ മത്സരത്തിനെത്തുന്ന ഒന്നാമത്തെ മീനിനെ പിടിച്ചയാള്‍ ഈ ഒരൊറ്റ ലേലത്തിലൂടെ ലക്ഷപ്രഭുവോ, കോടീശ്വരനോ ആയി മാറും.