Latest News

ആമസോണ്‍ മേധാവിയുടെ ഡൈവോഴ്‌സ് കൂട്ടുകാരന്റെ ഭാര്യയോടുള്ള പ്രേമം കാരണം ; വേര്‍പിരിയല്‍ ലോകസമ്പന്നരുടെ പട്ടിക തന്നെ മാറ്റിമറിക്കും ; മക്കന്‍സി ഏറ്റവും സമ്പന്നയാകും ; ബില്‍ഗേറ്റ്‌സ് വീണ്ടും ഒന്നാമനാകും

2019-01-12 02:16:05am |

വാഷിങ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസും മക്‌കെന്‍സിയുമായുള്ള വിവാഹമോചന വാര്‍ത്ത അമേരിക്കയെ അമ്പരപ്പിക്കുന്നു. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്തിയാകും പങ്കുവയ്ക്കപ്പെടുക. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടി ഇതാകുമെന്നാണ് വിലയിരുത്തല്‍. ഇരുവരുടേയും വേര്‍പിരിയല്‍ ആഗോള സ്വത്ത് റാങ്കിംഗ് തന്നെ മാറ്റി വരയ്ക്കും.

ഇരുവര്‍ക്കും നാലു കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബെസോസും മക്കന്‍സിയും അനേകം സെലിബ്രിട്ടി ദമ്പതികളെ അസൂയപ്പെടുത്തി മിയാമിയിലെ എല്‍ഐവി നൈറ്റ്ക്‌ളബ്ബില്‍ വെച്ച് 25 ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ജെഫും മക്കന്‍സിയും തമ്മില്‍ പിരിയുന്നത് എന്തെങ്കിലും പ്രത്യേക കരാര്‍ മുഖാന്തിരമല്ല. പകരം സ്വത്ത് നേരെ പകുത്താണ്.

137 ബില്യണ്‍ ഡോളറിന്റെ മുതലാളിയായ ബെസോസിന് ആമസോണില്‍ 80 ദശലക്ഷമാണ് ഷെയര്‍. പ്രമുഖ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമസ്ഥന്‍ കൂടിയാണ് ബെസോസ്. ബെസോസ് ദമ്പതികള്‍ പിരിയുമ്പോള്‍ ഭാര്യ മക്കന്‍സി ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറും.

പണത്തിന് പുറമേ അമേരിക്കയിലെ ഏറ്റവും വലിയ സ്ഥല ഉടമകളായ ഇവരുടെ ഉടമസ്ഥതയിലുള്ള നാലുലക്ഷം വസ്തു കൂടി വേര്‍പിരിക്കും. രണ്ടുപേരും സ്വത്ത് തുല്യമായി വീതിച്ചാല്‍ 69 ബില്യണ്‍ ഡോളര്‍ വീതമാണ് ഓരോത്തര്‍ക്കും കിട്ടുക.

ഇത് മക്കന്‍സിയെ ലോകത്തെ ഏറ്റവും സമ്പന്നയായ സ്ത്രീയാക്കി മാറ്റും. ഇതിനൊപ്പം 92.5 ബില്യണ്‍ ഡോളര്‍ സ്വത്തുള്ള മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ വീണ്ടും ലോകത്തെ ഏറ്റവും വലിയ പണക്കാരനാക്കി ഒരിക്കല്‍ കൂടി മാറ്റും.

കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്‌സെല്ലിന്റെ ഭാര്യ ലോറന്‍ സാഞ്ചസിനെ അടിച്ചുമാറ്റാനുള്ള ശ്രമമാണ് ഇരുവരും പിരിയാന്‍ കാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയമാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

49 വയസുകാരിയായ സാഞ്ചസുമായി ബെസോസ് എട്ടു മാസമായി പ്രണയത്തിലായിരുന്നു. സാഞ്ചസ് ടെലിവിഷന്‍ ന്യൂസ് ആങ്കറും ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയും ഹെലികോപ്റ്റര്‍ പൈലറ്റുമൊക്കെയാണ്. ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെല്‍ ബെസോസിന്റെ വലിയ സുഹൃത്തുക്കളില്‍ ഒരാളാണ്.

 

എന്നാല്‍, മക്‌കെന്‍സിയുമായുള്ള പിണക്കത്തിനുശേഷമാണു സാഞ്ചസിനോട് ബെസോസ് അടുത്തതെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. കഴിഞ്ഞ ജൂണിലാണ് ഇരുവരും അടുപ്പത്തിലായതെന്നു നാഷണല്‍ എന്‍ക്വയറെര്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇവര്‍ കൂടിക്കാഴ്ച നടത്തുമായിരുന്നത്രേ. ബെസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു യാത്ര.

'' ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്നെ മണക്കണം, എനിക്ക് നിന്നെ ശ്വസിക്കണം, എനിക്ക് നിന്നെ മുറുകെ പുണരണം, എനിക്ക് നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം'' ബെസോസ് സാഞ്ചസിനയച്ച ടെസ്റ്റ് മെസേജില്‍ ഇങ്ങിനെ പറയുന്നതായി നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബെസോസും സാഞ്ചസും പരിചയപ്പെട്ടത്. 2016 ല്‍ ഇരുവരും ഒരുമിച്ചു പൊതുവേദിയിലെത്തിയിട്ടുണ്ട്.

ദി ലോംഗസ്റ്റ് യാര്‍ഡ്, ദി ഡേ ആഫ്റ്റര്‍ ടുമാറോ, ഫൈറ്റ് ക്‌ളബ്ബ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള സാഞ്ചസ് ഹോളിവുഡ് ടാലന്റ് ഏജന്റ് പാട്രിക് വൈറ്റ്‌സെല്ലുമായി വിവാഹം കഴിച്ചത് 2005 ലായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. ഇവര്‍ക്ക് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരം ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്.