Latest News

ഫെയ്സ്ബുക്ക് സുഹൃത്തായ 13കാരനെ ‘ചതിച്ച്’ പീഡിപ്പിച്ചു; ദുബായിൽ പാക്ക് പൗരന് ശിക്ഷ

2019-01-27 04:16:41am |

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച 27 വയസ്സുള്ള പാക്കിസ്ഥാൻ പൗരന് ശിക്ഷ വിധിച്ചു. അഞ്ചുവർഷം തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ വർഷം ജൂൺ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാക് സ്വദേശിയായ ബാലൻ പ്രതിക്കും രണ്ടു കൂട്ടുകാർക്കും ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

കേസിനെ കുറിച്ച് 13കാരൻ കോടതിയിൽ നൽകിയ മൊഴി ഇങ്ങനെ. ‘അൽ മുറാഖാബാദ് ഭാഗത്തെ പള്ളിയിൽ വെള്ളിയാഴ്ചത്തെ പ്രാർഥനയ്ക്കുശേഷം പുറത്ത് നിൽക്കുമ്പോഴാണ് ഫെയ്സ്ബുക്ക് സുഹൃത്തായ പ്രതി കാറുമായി എത്തിയത്. മൂന്നു പേർ കാറിനുള്ളിൽ ഉണ്ടായിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയമുള്ള ആളെ കണ്ടപ്പോൾ കാറിൽ ഒരു യാത്ര പോകാമെന്നു ഇയാൾ ക്ഷണിച്ചു. ഇവർക്കൊപ്പം പോവുകയും പിസ കഴിക്കുകയും ചെയ്തു. തുടർന്ന് അൽ അവീർ ഭാഗത്തേക്ക് പോയി’– ബാലൻ പറഞ്ഞു.

ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ പ്രതി വാഹനം നിർത്തുകയും ബാലനെ മർദിക്കുകയും വസ്ത്രങ്ങൾ നീക്കിയ ശേഷം രണ്ടു പേരുടെ മുന്നിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. സംഭവത്തിനുശേഷം ബാലനെ വീടിനു സമീപം ഇറക്കി വിടുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, ബാലൻ മാതാവിനോട് കാര്യം പറയുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരുടെ വിചാരണയും കോടതിയിൽ നടന്നു.

27 വയസ്സുള്ള പാക്ക് പ്രതിക്കെതിരെ മാനഭംഗ കുറ്റമാണ് ചുമത്തിയത്. 32 വയസ്സുള്ള രണ്ടാം പ്രതി കുട്ടിയെ ചൂഷണം ചെയ്തുവെന്നും ചുംബിച്ചുവെന്നുമാണ് കുറ്റം. ഇയാൾക്ക് മൂന്നു മാസം ജയിൽ ശിക്ഷ വിധിച്ചു. ഇതിനുശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികൾ എല്ലാവരും കോടതിയിൽ കുറ്റം നിഷേധിച്ചു.