Latest News

ദുരൂഹസാഹചര്യത്തിൽ ബഹ്റൈനിൽ മലയാളി നഴ്സിന്റെ മരണം: ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടത്തിന് ഉത്തരവ്

2019-02-13 02:19:35am |

ചെങ്ങന്നൂർ ∙ ദുരൂഹസാഹചര്യത്തിൽ ബഹ്റൈനിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നച്ചന്റെ (30) മൃതദേഹം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 7 നാണു മാവേലിക്കര തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് മാനുവേൽ ഹോമിൽ കെ.ജി.പൊന്നച്ചൻ–മറിയാമ്മ ദമ്പതികളുടെ മകൾ പ്രിയങ്കയെ ബഹ്റൈനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് മുളക്കുഴ കാരയ്ക്കാട് സിത്താരയിൽ പ്രിൻസ് വർഗീസുമായി കഴിഞ്ഞ 6 വർഷമായി ബഹ്റൈനിൽ സ്ഥിരതാമസമാണ് ഇവർ. 4 വയസ്സുകാരൻ ആരോൺ  മകനാണ്. വിവാഹത്തിനു ശേഷം പ്രിയങ്ക ഗാർഹിക പീഡനത്തിന് ഇരയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുന്നു.  ഇതിനിടെയാണു ദുരൂഹസാഹചര്യത്തിൽ പ്രിയങ്ക മരിച്ചത്. പ്രിൻസും ബന്ധുക്കളും ചേർന്നു തിരക്കിട്ടു പോസ്റ്റ്മോർട്ടം നടത്തുകയും ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.

പ്രിയങ്കയുടെ അമ്മ മറിയാമ്മ പൊന്നച്ചൻ നൽകിയ പരാതി പരിഗണിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിക്കു  നിർദ്ദേശം നൽകി.  കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിഐ എം.സുധിലാൽ പറഞ്ഞു. ഇന്ന്  ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കും. മൃതദേഹം മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.