26 വര്‍ഷം മുന്‍പ് യുവതിയെ ലൈംഗികബന്ധത്തിനു ശേഷം നെഞ്ചിലിടിച്ച് കൊന്നു, ഉപയോഗിച്ച് ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ തെളിവായി, 52 കാരന്‍ കൊലപാതകി അറസ്റ്റില്‍

2019-02-23 02:43:54am |

ഇരുപത്തിയാറ് വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകത്തിലെ പ്രതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. 1993-ല്‍ യുഎസിലെ മിനിയാപൊലീസില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ 2019-ല്‍ ഡിഎന്‍എ തെളിവുകളുടെ സഹായത്താല്‍ ബിസിനസുകാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 35കാരി ജീനി ആന്‍ ചൈല്‍ഡ്‌സ് 1993-ല്‍ ആണു കൊല്ലപ്പെട്ടത്. തെളിവുണ്ടായിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനാല്‍ നിലച്ചു പോയ കേസാണിത്. അന്വേഷണ സംഘങ്ങളുടെ സംശയദൃഷ്ടിയിലൊന്നും വരാതിരുന്ന 52 കാരന്‍ ജെറി വെസ്‌റ്റ്രോമാണ് 2019-ല്‍ ഈ കേസില്‍ അറസ്റ്റിലായത്. ജെറി ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു ടിഷ്യു കടലാസാണു തെളിവായി അദ്ദേഹത്തെ കുടുക്കിയത്.

കൊലയ്ക്കു മുന്‍പു ജീനിയുമായി ആരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴുത്ത്, പുറം, കൈകള്‍, നിതംബം എന്നിവിടങ്ങളിലെല്ലാം അടിയേറ്റ മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ കനത്ത ഇടിയെ തുടര്‍ന്നാണു മരണം എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. കിടപ്പുമുറി, ലിവിങ് റൂം, കുളിമുറി എന്നിവയുടെ ചുമരില്‍ രക്തം പടര്‍ന്നൊഴുകിയിരുന്നു. കുറ്റവാളിയിലേക്കെത്താന്‍ കഴിയാത്തതിനാല്‍ രണ്ടു പതിറ്റാണ്ടോളം അന്വേഷണം മരവിച്ചു. 2015-ല്‍ മിനിയപൊലീസിലെ ഹൊമിസൈഡ് ഡിറ്റക്ടീവും എഫ്ബിഐ സ്‌പെഷല്‍ ഏജന്റും കേസ് പുനഃപരിശോധിക്കാന്‍ തയാറായി. ഡിഎന്‍എ പഠനങ്ങളിലെ സാധ്യതകളായിരുന്നു പ്രേരണ. ജീനി ആന്‍ ചൈല്‍ഡ്‌സ് കൊല്ലപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ശേഖരിച്ച, ആരുടേതെന്ന് അറിയാത്ത ഡിഎന്‍എ സാംപിള്‍ പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തയാറെടുത്തു. ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ ജീനോളജി വെബ്‌സൈറ്റുകളില്‍ ഈ ഡിഎന്‍എ സാംപിള്‍ കടത്തിവിട്ടു. വെസ്‌റ്റ്രോം ഉള്‍പ്പെടെ രണ്ടു പേരുടെ സാംപിളുകള്‍ ഏകദേശം ചേരുന്നതാണെന്നു കണ്ടെത്തി. തുടര്‍ന്ന് ഇരുവരും പൊലീസ് നിരീക്ഷണത്തിലായി.

ജീനി ആന്‍ ചൈല്‍ഡ്‌സിന്റെ അപ്പാര്‍ട്ട്‌മെന്റിനു സമീപമാണ് 26 കൊല്ലങ്ങള്‍ക്കു മുന്‍പു ജെറി വെസ്‌റ്റ്രോം താമസിച്ചിരുന്നതെന്നു പൊലീസ് മനസ്സിലാക്കി. കുറ്റവാളിയുടെ മനസ്സുള്ള, ഒന്നിലേറെ പൊലീസ് കേസുകളില്‍പ്പെട്ട വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. അന്വേഷണം വെസ്‌റ്റ്രോമിലേക്കു ചുരുക്കി. രണ്ടര പതിറ്റാണ്ടു മുന്‍പു ലഭിച്ച ഡിഎന്‍എ സാംപിള്‍ ഇയാളുടേതാണെന്ന് ഉറപ്പിക്കലായിരുന്നു അടുത്തഘട്ടം. വെസ്‌റ്റ്രോം ഇപ്പോഴെവിടെയാണു താമസിക്കുന്നതെന്നു മനസ്സിലായ സംഘം, ഏതെല്ലാം പൊതുസ്ഥലങ്ങളില്‍ ഇയാള്‍ വരാറുണ്ടെന്ന് കണ്ടുപിടിച്ചു. വെസ്‌റ്റ്രോമിനെ രഹസ്യമായി പിന്തുടരാന്‍ സംഘത്തെ നിയോഗിച്ചു. 2019 ജനുവരിയില്‍ വിസ്‌കോന്‍സിനില്‍ മകളുടെ ഹോക്കി കളി കാണാന്‍ വെസ്‌റ്റ്രോം എത്തിയിരുന്നു. സംഘവും പിന്നാലെ കൂടി. കളിക്കിടെ ഭക്ഷണം കഴിച്ച വെസ്‌റ്റ്രോം, കയ്യും വായും ടിഷ്യു പേപ്പര്‍ കൊണ്ടു തുടച്ചിരുന്നു. വെസ്‌റ്റ്രോം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പര്‍ പൊലീസ് തന്ത്രത്തില്‍ കൈക്കലാക്കി. ഈ ടിഷ്യു കടലാസിലെ വിയര്‍പ്പില്‍ നിന്നു വെസ്‌റ്റ്രോമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.

കൈവശം ഉണ്ടായിരുന്നതും ഇപ്പോള്‍ കിട്ടിയതുമായ ഡിഎന്‍എ സാംപിളുകള്‍ വിശദമായി പരിശോധിച്ചു. രണ്ടിനും സാമ്യം. അങ്ങനെ ഫെബ്രുവരി 11ന്, ജീനി ആന്‍ ചൈല്‍ഡ്‌സ് കൊലക്കേസില്‍ 26 കൊല്ലങ്ങള്‍ക്കു ശേഷം ജെറി വെസ്‌റ്റ്രോം എന്ന ബിസിനസുകാരന്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട സ്ത്രീയെ അറിയില്ലെന്നും അവരുമായി സെക്‌സ് നടന്നിട്ടില്ലെന്നും വെസ്‌റ്റ്രോം കോടതിയില്‍ വാദിച്ചു. മിനിയപൊലീസിലെ ഒരു സ്ത്രീയുമായും 1993ല്‍ ലൈംഗികബന്ധമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രക്തം, ബീജം തുടങ്ങിയവയില്‍ നിന്നായി ആവശ്യത്തിനു ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചിരുന്നെന്നും അതെല്ലാം മാച്ച് ചെയ്തതായും പൊലീസ് അറിയിച്ചു. അപക്വമായ തീരുമാനമാണു പൊലീസിന്റേതെന്നു വെസ്‌റ്റ്രോമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ഹെന്നൈപിന്‍ കൗണ്ടി ജയിലില്‍ നിന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി. മാര്‍ച്ച് 13ന് കേസ് വീണ്ടും പരിഗണിക്കും.