Latest News

മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; യു.എന്‍. രക്ഷാസമിതിയില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും

2019-03-01 03:01:59am |

യു.എന്‍: പാകിസ്‌താന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പുതിയ നിര്‍ദേശവുമായി അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും. മസൂദിന്റെ വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ളവ നിരോധിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കും.

15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ സ്‌ഥിരാംഗങ്ങളായ യു.എസ്‌.എയും, യു.കെ.യും ഫ്രാന്‍സും ബുധനാഴ്‌ചയാണ്‌ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്‌. റഷ്യയും ചൈനയുമാണ്‌ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള മറ്റു രണ്ടു സ്‌ഥിരാംഗങ്ങള്‍. ഇതിനുമുമ്പ്‌ സമാന ആവശ്യം രക്ഷാസമിതി മുമ്പാകെ വന്നപ്പോള്‍ ചൈന എതിര്‍ത്തു വോട്ട്‌ ചെയ്‌തിരുന്നു.മൂന്നുരാജ്യങ്ങളും മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ രക്ഷാസമിതിയുടെ സാങ്‌ഷന്‍ കമ്മിറ്റിക്ക്‌ 10 പ്രവൃത്തിദിനം എടുക്കാം. മസൂദ്‌ അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ രക്ഷാ സമിതിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ്‌ നിര്‍ദേശം വരുന്നത്‌.

കഴിഞ്ഞ 14-ന്‌ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്‌. ജവാന്‍മാരുടെ വാഹനവ്യൂഹത്തിലേക്കു പാഞ്ഞുകയറിയ ജെയ്‌ഷെ മുഹമ്മദ്‌ ചാവേര്‍ 40 ജവാന്‍മാരെയാണു വധിച്ചത്‌. ഇതേത്തുടര്‍ന്നു ജയ്‌ഷെ മുഹമ്മദിന്റെ സ്‌ഥാപകനും തലവനുമായ മസൂദ്‌ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്‌തമാക്കിയിരുന്നു. പാക്‌ അതിര്‍ത്തിക്കുള്ളില്‍ കടന്ന്‌ ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ ഭീകരക്യാമ്പുകള്‍ തകര്‍ത്തശേഷം ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സ്‌ ആവശ്യപ്പെട്ടിരുന്നു.