97 വയസ്സുകാരി മോഡലായി റാമ്പില്‍: ഐറിസ് മുത്തശ്ശിയാണ് താരം! മോഡലാക്കിയത് ലോകത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് ഏജന്‍സികളില്‍ ഒന്നായ ഐഎംജി

2019-03-20 03:16:57am |

തൊണ്ണൂറ്റിയേഴ് വയസ്സുള്ള മുത്തശ്ശി റാംമ്പില്‍ ഇറങ്ങിയാല്‍ എന്തായിരിക്കും ഏവരുടേയും പ്രതികരണം. അദ്ഭുതവും ആകാംഷയും ഉണ്ടാകും അല്ലേ ?. ലോകത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് ഏജന്‍സികളില്‍ ഒന്നായ ഐഎംജിയാണ് 97വയസ്സുള്ള ഐറിസ് അപ്ഫല്‍ എന്ന മുത്തശ്ശിയെ മോഡലാക്കിയത്. പ്രായം കൂടിയ ഈ ഗംഭീര മോഡലിനെ എല്ലാവരും സന്തോഷപൂര്‍വ്വമാണ് സ്വീകരിച്ചത്.

ഐറിസ് അപ്ഫല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരമാണ്. 1.2 മില്ല്യണ്‍ ആളുകളാണ് ഐറിസ് അപ്ഫലിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇന്റീരിയര്‍ ഡിസൈനറായിട്ടായിരുന്നു ഐറിസ് കരിയര്‍ ആരംഭിച്ചത്. ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ സഹ സ്ഥാപക കൂടിയാണ് ഇവര്‍. ഭര്‍ത്താവ് കാളിനും ഇവരോടെപ്പം ഉണ്ട്. ജോര്‍ജ്ജ് ബുഷ്, ക്ലിന്റന്‍, ഹാരി എസ് ട്രുമന്‍ തുടങ്ങിയവരുടെ ഭരണ കാലത്ത് വൈറ്റ് ഹൗസിലെ ഡിസൈന്‍ പ്രൊജക്ടുകളും ഐറിസ് ചെയ്തിട്ടുണ്ട്.

മോഡലിംഗ് രംഗത്തെ തന്റെ ഈ വിജയം ബാക്കിയുള്ളവര്‍ക്കും വലിയ പ്രചോദനമാകുമെന്നാണ് ഐറിസ് കരുതുന്നത്. പ്രായമായ സ്ത്രീകള്‍ കൂടുതല്‍ ഈ മേഖലയിലേക്ക് എത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ബാര്‍ബി ഡോള്‍ നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മോഡലും ഐരിസ് അപ്ഫലിന്റെതാണ്. പരസ്യങ്ങള്‍, എന്‍ഡോഴ്‌മെന്റുകള്‍ എന്നിവയില്‍ ഐഎംജിയ്ക്ക് വേണ്ടി ഇനി ഐറിസ് അപ്‌ഫെല്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.