"മരണമേ, ജീവിതത്തിനു മുന്നില്‍ നീയൊന്നുമല്ല..." ഉള്ളില്‍ മറ്റൊരു കുട്ടിയുമായി അവള്‍ പിറന്നു, അമ്പരപ്പടക്കാനാവാതെ ഡോക്ടര്‍മാര്‍

2019-03-26 02:38:03am |

ഗര്‍ഭത്തിന്റെ 35-ാം ആഴ്ച വരെയും മോണിക്ക അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലായിരുന്നു. എന്നാല്‍ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. സ്‌കാനിങ്ങിനൊടുവിലാണ് ഡോക്ടര്‍മാര്‍ ആ വിവരം മോണിക്കയോടു തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ കരളില്‍ ഒരു മുഴ വളരുന്നു. വീണ്ടും പരിശോധന നടത്തി. വിശദമായ ആ പരിശോധനയ്ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ പോലും ആ സത്യം തിരിച്ചറിഞ്ഞത്. കുട്ടിയുടെ കരളില്‍ വളരുന്നത് വെറുമൊരു മുഴയല്ലെന്നും മറിച്ച് അമ്മയുടെ വയറ്റില്‍ വളരുന്ന ഇരട്ടക്കുട്ടികളിലൊരാളാണെന്നും ഡോക്ടര്‍മാര്‍ മനസ്സിലാക്കി.

വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെയുള്ളില്‍ കൈക്കാലുകളും മറ്റു ശരീരഭാഗങ്ങളുമുള്ള മറ്റൊരു ഭ്രൂണം വളരുക. കൊളംമ്പിയയിലാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. ലോകത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന 'ഫീറ്റ്സ് ഇന്‍ ഫീറ്റു ' എന്ന അവസ്ഥയാണ് മോണിക്ക വേഗ എന്ന മുപ്പത്തഞ്ചുകാരിയുടെ കാര്യത്തില്‍ സംഭവിച്ചത്. ഡോക്ടര്‍മാര്‍ മോണിക്കയോടു സത്യാവസ്ഥ വിവരിച്ചു. പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്നും എന്നാല്‍ അതിലൊന്നു വളരുന്നത് മറ്റേ കുട്ടിയുടെ വയറ്റിലാണെന്നുമുള്ള സത്യം ഉള്‍കൊള്ളാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

സുഖകരമായ പ്രസവം ആഗ്രഹിച്ചക്ക് ഇതു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, രക്തസമ്മര്‍ദ്ദം ഉയര്‍ന്ന്, ജീവനു തന്നെ ഭീഷണിയായി മാറാനും തുടങ്ങി. ഒപ്പം കുഞ്ഞിന്റെ വയറിനുള്ളിലെ ഭ്രൂണവും വളരാന്‍ ആരംഭിച്ചു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളെ പോലും ബാധിക്കുന്ന രീതിയിലായിരുന്നു ഭ്രൂണത്തിന്റെ വളര്‍ച്ച. ഇതു തുടര്‍ന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഭാവി തന്നെ ഇല്ലാതാകുമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഉടന്‍ തന്നെ പ്രതിവിധിയും കണ്ടു. സിസേറിയനിലൂടെ അമ്മയുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുക്കുക, ഒപ്പം താക്കോല്‍ ദ്വാരശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വയറ്റിലെ ഭ്രൂണത്തെയും പുറത്തെടുക്കുക. ശസ്ത്രക്രിയ വിജയിച്ചു. സിസേറിയനിടെ തന്നെ കുഞ്ഞിന്റെ വയറ്റിലെ ഭ്രൂണം മരിച്ചു. അങ്ങനെ സ്വന്തം സഹോദരിയുടെ മരണത്തിലൂടെ ആ പെണ്‍കുഞ്ഞിനു ജീവന്‍ തിരിച്ചു കിട്ടി.

ഒരു മാസത്തോളം കാലം ആ പെണ്‍കുഞ്ഞ് മരണത്തോടു മല്ലിട്ടു. ഇന്നവള്‍ പൂര്‍ണ ആരോഗ്യവതിയാണ്. അമ്മ അവളെ 'ഇറ്റ്സമാര' എന്ന പേരു ചൊല്ലി വിളിച്ചു. സ്വന്തം സഹോദരിയെ നഷ്ടപ്പെട്ടുവെങ്കിലും അമ്മയെ സന്തോഷിപ്പിക്കാന്‍ അവള്‍ക്ക് ഇന്ന് കഴിയുന്നു. ജനിക്കുന്നതിനു മുമ്പു തന്നെ മരണത്തിലേക്കു നടന്നടുത്ത ഇറ്റ്സമാര തന്റെ രണ്ടാം ജന്മത്തിലൂടെ ലോകത്തിനോടു പറയുന്നുണ്ടാവും... മരണമേ, ജീവിതത്തിനു മുന്നില്‍ നീയൊന്നുമല്ല...