ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്‌തു ബലപ്രയോഗത്തിലൂടെ വിവാഹം, പെണ്‍കുട്ടികളെ കുടുംബത്തിനു കൈമാറണമെന്ന്‌ പാകിസ്‌താനോടു സുഷമ

2019-03-27 02:25:21am |

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദുസമഹാദരിമാരെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്‌തു ബലപ്രയോഗത്തിലൂടെ വിവാഹം നടത്തിയ സംഭവത്തില്‍ നിലപാട്‌ കടിപ്പിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌. പെണ്‍കുട്ടികളെ എത്രയും വേഗം കണ്ടെത്തി കുടുംബത്തിനു കൈമാറാണമെന്നു സുഷമ സ്വരാജ്‌ പാക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ അയക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വീറ്റ്‌ ചെയ്‌തു.

ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ "പുതിയ പാകിസ്‌താനു" കീഴില്‍ സുരക്ഷിതരായിരിക്കുമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്‌ദാനം. "പുതിയ പാകിസ്‌താന്‍" എന്ന ശീര്‍ഷകത്തോടെയായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്‌. അതേസമയം, പെണ്‍കുട്ടികള്‍ക്ക്‌ ഔദ്യോഗിക സുരക്ഷ ഉറപ്പാക്കണമെന്നു ഇസ്ലാമാബാദ്‌ ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടികളും അവരുടെ "ഭര്‍ത്താക്കന്‍"മാരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ഉത്തരവ്‌. പെണ്‍കുട്ടികളുടെ സുരക്ഷാ ചുമതല ഇസ്ലാമാബാദ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ക്കും മനുഷ്യാവകാശ വകുപ്പ്‌ ഡയറക്‌ടര്‍ ജനറലിനുമാണ്‌ കോടതി കൈമാറിയിരിക്കുന്നത്‌.

വനിതാ പോലീസ്‌ സൂപ്രണ്ടിനെ സുരക്ഷാ ജോലിക്കായി മുഴവന്‍ സമയത്തേക്കു നിയോഗിക്കണമെന്നും ഹര്‍ജി പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ അതര്‍ മിന്‍ഹല്ല നിര്‍ദേശിച്ചു. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പടെ സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട്‌ ഏപ്രില്‍ രണ്ടിനുള്ളില്‍ സമര്‍പ്പിക്കണമെന്നും ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അപ്പോള്‍ നല്‍കാമെന്നും കോടതി വ്യക്‌തമാക്കി.

സിന്ധ്‌ പ്രവിശ്യയിലെ ഖോഡ്‌കി ജില്ലയില്‍നിന്ന്‌ ഹോളി ദിനത്തിലാണ്‌ സഹോദരിമാരായ റീന (15), രവീണ (13) എന്നിവരെ തട്ടിക്കൊണ്ടു പോയത്‌. തട്ടിക്കൊണ്ടു പോയ ശേഷം മുസ്‌ലിം പണ്ഡിതന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ്‌ പ്രതിഷേധം ഉയര്‍ന്നത്‌. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇസ്ലാം മതം സ്വീകരിച്ചതെന്നും വിവാഹം കഴിച്ചതെന്നും ചില പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ഇതു സാധൂകരിക്കുന്ന തരത്തിലുള്ള ചില വീഡിയോകളും പുറത്തു വരുകയുണ്ടായി. എന്നാല്‍, ഇതിന്റെയൊന്നും ആധികാരികത ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല. പാകിസ്‌താനിലെ പ്രധാന മതന്യൂനപക്ഷ വിഭാഗമാണ്‌ ഹിന്ദുക്കള്‍. 75 ലക്ഷം ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ ഭൂരിഭാഗവും സിന്ധ്‌ പ്രവിശ്യയിലാണ്‌ താമസം. സിന്ധിലെ ഉമര്‍കോട്ട്‌ ജില്ലയില്‍ മാത്രം, ഹിന്ദു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിക്കുന്ന 25 ഓളം സംഭവങ്ങള്‍ പ്രതിമാസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌.