Latest News

ഇവരെ മാതൃകയാക്കാം ; രാജ്യത്തെ അഭിമാനത്തിലേക്ക് ഉയര്‍ത്തിയ ആറ് ഐഎഎസുകാര്‍ ; സിവില്‍ സര്‍വീസ് ഇവര്‍ക്ക് വെറും ജോലിയല്ല...!!

2019-04-07 06:36:51am |

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും സ്വപ്ന പദവികളില്‍ ഒന്നാണ് ഐഎഎസ്. ലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ത്യയില്‍ ഈ പ്രതീക്ഷ വെച്ചു കൊണ്ടു ജീവിക്കുന്നുണ്ടെങ്കിലും ഏറെ സമര്‍പ്പണവും സമ്മര്‍ദ്ദവും കഠിനാദ്ധ്വാനം നിറഞ്ഞതുമായ ഒരു ജോലിയാണ് ഇതെന്ന് എത്രപേര്‍ക്കറിയാം. അതേസമയം അസാധാരണ പ്രവര്‍ത്തന മികവ് കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ അഭിമാനത്തിലേക്ക് എടുത്തുയര്‍ത്തിയ ധീരന്മാരും സമര്‍പ്പണ മനോഭാവമുള്ളതുമായ ചില സിവില്‍ സെര്‍വെന്റുകള്‍ ഇവിടെയുണ്ട്.

മണിപ്പൂരിലെ അത്ഭുത മനുഷ്യനായ ആംസ്‌ട്രോംഗ് പാമേ

നാഗാ ജനതയ്ക്കിടയിലെ സെമി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഓഫീസറായ പാമേ 2009 ബാച്ച് ഓഫീസറായിരുന്നു. 'അത്ഭുത മനുഷ്യന്‍' എന്ന് അറിയപ്പെടുന്ന പാമേ 2012 ല്‍ മണിപ്പൂരിനെ നാഗാലാന്റിനോടും ആസ്സാമിനോടും ബന്ധിപ്പിക്കുന്ന 100 കിലോമീറ്റര്‍ പാത നിര്‍മ്മിച്ചായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. സര്‍ക്കാരിന്റെ ഒരു പൈസ പോലും സഹായം നേടാതെ ഫേസ്ബുക്ക് പേജിലൂടെ പാത നിര്‍മ്മാണത്തിനായി 40 ലക്ഷം രൂപയാണ് ഇദ്ദേഹം പിരിച്ചെടുത്തത്. 2015 ' ഇന്ത്യാസ് മോസ്റ്റ് എമിനെന്റ് ഐഎഎസ് ഓഫീസര്‍' എന്നതുള്‍പ്പെടെ അനേകം പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

13 വര്‍ഷത്തിനിടയില്‍ 12 സ്ഥലംമാറ്റത്തിന് വിധേയനായ തുകറാം മുണ്ഡേ

മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധരായ ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാളായ മുണ്ഡേ ഇതിനകം മാഫിയകള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അതിജീവിച്ചത് അനേകം വധഭീഷണിയാണ്. രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാതിരുന്നതിന്റെ പേരില്‍ പല തവണ തരംതാഴ്ത്തലിന് ഇരയായിട്ടുണ്ട്. എതിരാളികള്‍ സൃഷ്ടിച്ച അനേകം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സത്യത്തില്‍ നിന്നും ഒരു ചുവട് പോലും മാറാത്ത ഉദ്യോഗസ്ഥനായിരുന്നു മുണ്ഡേ. 13 വര്‍ഷത്തെ സര്‍വീസിനിടയില്‍ 12 വര്‍ഷം സ്ഥലം മാറ്റത്തിന് ഇരയായിട്ടുള്ള മുണ്ഡേ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പ്‌ളാനിംഗില്‍ ജോയന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നു.

സന്തോഷ്‌കുമാര്‍ മിശ്ര ദരിദ്രരായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന ഐപിഎസുകാരന്‍

പാറ്റ്‌നയില്‍ നിന്നുമാണ് വരുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ നഗര്‍ ജില്ലയാണ് സന്തോഷ്‌കുമാര്‍ മിശ്രയുടെ കര്‍മ്മഭൂമി. 2012 ഉദ്യോഗസ്ഥനായ ഇദ്ദേഹം തന്റെ പ്രഥമ ജോലിയായ ക്രമസമാധാന പരിപാലനത്തിന് പുറമേയാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ കരുതി അടിസ്ഥാന സൗകര്യമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ചുമതല തോളിലേന്തിയിരിക്കുകയാണ് മിശ്ര. ജോലി ഇല്ലാത്ത സമയത്ത് കുട്ടികള്‍ക്ക് മികച്ച അദ്ധ്യാപകനായി മാറുന്ന മിശ്ര അവര്‍ക്ക് സ്‌കൂള്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും മുന്നിലുണ്ട്്.

ദണ്ഡേവാഡേയില്‍ നക്‌സലുകളോട് നിരന്തരം ഏറ്റുമുട്ടുന്ന സൗരഭ്കുമാര്‍ ഐഎഎസ്

ഛത്തീസ്ഗഡ് കേഡറില്‍ നിന്നും 2009 ല്‍ പുറത്തുവന്ന സൗരഭകുമാര്‍ നക്‌സല്‍ ബാധിത ജില്ലയായ ദണ്ഡേവാഡേയിലെ കളക്ടറാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവാക്കളെ അക്രമത്തില്‍ നിന്നും രക്തച്ചൊരിച്ചിലില്‍ നിന്നും വേര്‍പെടുത്തി പുതിയജീവിതത്തിലേക്ക് നയിക്കാനാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. '' കളക്ടര്‍ക്കൊപ്പം ഉച്ചയൂണ്'' എന്ന പേരില്‍ യുവാക്കള്‍ക്കായി ഒരു കൗണ്‍സിലിംഗ് പരിപാടിയും നടത്തുന്നുണ്ട്. യുവാക്കളുമായി സംവദിക്കലാണ് പ്രധാന ലക്ഷ്യം. പൊതുഭരണ മികവിന് 2017 ല്‍ സൗരഭ്കുമാര്‍ പുരസ്‌ക്കാരം നേടിയത് പ്രധാനമന്ത്രിയില്‍ നിന്നു തന്നെയായിരുന്നു.

ആസാമിലെ ഉരുക്കുവനിതയായ സഞ്ജുക്ത പരാശര്‍ ഐപിഎസ്

ആസാമിലെ ഉരുക്കുവനിത എന്നാണ് സഞ്ജുക്ത പരാശറിന്റെ വിളിപ്പേര്. 2006 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഇവര്‍ 16 ബോഡോ തീവ്രവാദികളെയാണ് ഇതിനകം കൊന്നു തള്ളിയത്. 64 തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 2017 ലെ ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സഞ്ജുക്തയായിരുന്നു. ഇതിന് പുറമേ കശ്മീരി തീവ്രവാദികള്‍ക്ക് പണം എത്തിക്കുന്ന കേസും സഞ്ജുവാന്‍ ഭീകരാക്രമണകേസും അന്വേഷിച്ചത് ഇവരാണ്.

അംഗപരിമിതിയെ നിശ്ചദാര്‍ഡ്യം കൊണ്ടു മറികടന്ന ഇറാ സിംഗാള്‍

ശാരീരിക വൈകല്യത്തെ നിശ്ചയദാര്‍ഡ്യം കൊണ്ടു മറികടന്ന ഇറാ സിംഗാള്‍ ഐഎഎസ് ശരിക്കും അനേകര്‍ക്ക് പ്രചോദനമാണ്. ഐഎഎസ് പരീക്ഷയില്‍ ഏറ്റവും മുകളില്‍ എത്തുന്ന ആദ്യ ഭിന്നശേഷിക്കാരി എന്ന പദവിയാണ് ഇറാ സംഗാളിനെ 2014 ല്‍ തേടിയെത്തിയത്. 2010 ല്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അസുഖുമായി ബന്ധപ്പെട്ട കാര്യങ്ങളെ തുടര്‍ന്ന ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷം കഠിനപ്രയത്‌നം നടത്തിയതോടെ ഐഎഎസ് ടോപ്പര്‍ പദവിയാണ് തേടിയെത്തിയത്. നിലവില്‍ ഭിന്നശേഷിക്കാരുടെയും ഭിന്നലിംഗക്കാരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും സിവില്‍ സര്‍വീസ് പോലെയുള്ള ഉയര്‍ന്ന പരീക്ഷകളില്‍ അവരെ പ്രാപ്തമാക്കാനുള്ള ജോലികളില്‍ വ്യാപൃതയാണ് ഇറ.