വേശ്യാവൃത്തി നിയമവിരുദ്ധമാക്കണം ; ആവശ്യം ഉന്നയിച്ച് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമഹര്‍ജി ഡച്ച് പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുക്കുന്നു

2019-04-11 02:49:25am |

വേശ്യാവൃത്തി നിയമരഹിതമാക്കാന്‍ ആവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ടു നല്‍കിയ ഹര്‍ജി ഡച്ച് പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുക്കുന്നു. ''ഞാന്‍ വിലമതിക്കാനാകാത്തത്'' എന്ന പ്രചരണത്തിന് കീഴില്‍ ലൈംഗികത വിലയ്ക്ക് വാങ്ങുന്നത് കുറ്റകരമാക്കാനാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

''അത് നിങ്ങളുടെ സഹോദരിയായിരുന്നെങ്കിലോ?'' എന്നാണ് മറ്റൊരു പ്രചരണ വാക്യം. ഏതു രീതിയിലായാലും വേശ്യാവൃത്തി എന്നത് അസമത്വത്തിന്റെ ഫലമാണ് എന്നാണ് മറ്റൊരു പ്രചരണം. അതേസമയം പ്രചരണത്തിനെതിരേ ലൈംഗിക തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രചരണങ്ങളില്‍ ഒന്ന് '' ഞാന്‍ ഭാഗികമായി ലൈംഗികത്തൊഴിലാളി ആണ്. എന്നെപ്പോള്‍ അനേകരുണ്ട്. ഇത്തരം പ്രചരണങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ജീവിതമാര്‍ഗ്ഗമാണ്. അത് കൂടുതല്‍ അപകടകരമാണ്.'' എന്നു പറയുന്നു.

നിയമപ്രകാരം നെതര്‍ലണ്ടില്‍ ലൈംഗികത അനുവദനീയമാണ്. എന്നാല്‍ നോര്‍ഡിക് മോഡല്‍ അനുവര്‍ത്തിക്കാനാണ് ആവശ്യം ഉയരുന്നത്. ലൈംഗികത്തൊഴിലാളികള്‍ കടുത്ത പീഡനത്തിന് ഇരയാകുന്നു എന്ന് പഠനത്തിലൂടെ കണ്ടെത്തിയതിന് പിന്നാലെ 1999 ല്‍ സ്വീഡനില്‍ പണം കൊടുത്തു ലൈംഗികത വാങ്ങുന്നത് കുറ്റകൃത്യമാക്കി. ഇത് പിന്നീട് നോര്‍വേ, ഐസ് ലാന്റ്, വടക്കന്‍ അയര്‍ലന്റ് ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ കടമെടുക്കുകയും ചെയ്തിരുന്നു. നെതര്‍ലണ്ടിലെ ലൈംഗിക വ്യാപാരം കാലഹരണപ്പെട്ടതും ചൂഷിതവുമാണെന്നും ഡച്ചു ഭരണകൂടം സ്വീഡനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരം സ്ത്രീകളെ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്നരീതിയില്‍ കൈകാര്യം ചെയ്യണമെന്നുമാണ് ഡച്ച് യുവാക്കള്‍ ഒപ്പിട്ടു നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

നിയമം മൂലം നിരോധിച്ചാല്‍ വേശ്യാവൃത്തി കുറയുമെന്നും ഈ രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് കുറയുമെന്നും ലൈംഗികത്തൊഴിലാളികളാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം കുറയുമെന്നും പറയുന്നു. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പുനരധിവാസ സാഹചര്യം ഒരുക്കുന്നതില്‍ വ്യാപൃതയായ സാമൂഹ്യ പ്രവര്‍ത്തക സാറാ ലൗസ് എക്‌സ്‌പോസ് എന്ന സംഘടനയ്ക്ക് കീഴില്‍ തുടങ്ങിവെച്ച പ്രചരണമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരാഗതമായി വേശ്യാവൃത്തിയുടെ കേന്ദ്രമായ ആംസ്റ്റര്‍ഡാമിലെ ചുവന്ന തെരുവ് വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇവിടെയുള്ള സ്ത്രീകള്‍ പറയുന്നത് വേശ്യാവൃത്തി ഓരോരുത്തരുടെയും വ്യക്തി താല്‍പ്പര്യമാണെന്നാണ്. ഓരോരുത്തരുടേയും പ്രശ്‌നങ്ങളിലേക്ക് ഇറങ്ങൂമ്പോഴേ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ ഈ മേഖലയില്‍ എത്തപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അറിയാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്. പങ്കാളികളില്ലാത്ത അമ്മമാര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും പീഡനത്തിന് ഇരയായി അപമാനിതരാക്കപ്പെട്ടവര്‍ തുടങ്ങി വ്യത്യസ്ത സാഹചര്യത്തില്‍ പെട്ടവരാണ് ലൈംഗിക തൊഴിലില്‍ എത്തുന്നതെന്നാണ് അവര്‍ പറയുന്നത്.