Latest News

മാത്യു മാർതോമയുടെ കേസ് പുനപരിശോധിക്കും

2017-03-06 12:46:06am |

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ വംശജനും എസ്എസി കാപിറ്റൽ അഡ്വൈസേഴ്സ് പോർട്ട് പോളിയോ മാനേജരായിരുന്ന മാത്യു മാർത്തോമക്ക് കുറ്റവിമുക്തനാകാൻ കോടതി മറ്റൊരവസരം കൂടി നൽകി. മേയ് ഒന്പതിന് കോടതി കേസ് വീണ്ടും വാദം കേൾക്കും. 

മാർച്ച് ഒന്നിന് മൻഹാട്ടൻ സെക്കൻഡ് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസാണ് മാർതോമക്ക് മറ്റൊരു വിചാരണയ്ക്കുള്ള അവസരം നൽകുന്നതിന് ഉത്തരവിട്ടത്. 2008 ൽ അൾഷിമേഴ്സ് ഡ്രഗിനെ കുറിച്ചുള്ള രഹസ്യം ഉത്പാദകരായ ഇലെൻ കോർപറേഷനിൽ നിന്നും ചോർത്തിയെടുത്ത് എസ്എസി കന്പനി 275 മില്യണ്‍ ഡോളർ ലാഭം ഉണ്ടാക്കി എന്നതാണ് കന്പനി മാനേജരായിരുന്ന മാത്യു മാർതോമയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. 

വിചാരണവേളയിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ മാർതോമയെ ഒന്പതു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇൻസൈഡർ ട്രേഡിംഗിന് ആദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള തടവുശിക്ഷ കോടതി വിധിച്ചത്. 

2015 ൽ മാർതോമ അപ്പീൽ നൽകിയിരുന്നുവെങ്കിലും 2016 ജനുവരിയിൽ സുപ്രീം കോടതി മാത്യു മാർതോമയുടെ ശിക്ഷ നില നിൽക്കുമെന്ന് ഉത്തരവിട്ടു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കോടതി വീണ്ടും ഒരു അവസരം നൽകിയത് മാർതോമക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.