പ്രിവിലേജ്‌ ഇഖാമ ഉടമകള്‍ക്കു മക്കയിലും മദീനയിലും കെട്ടിടങ്ങള്‍ വാങ്ങാനാകില്ല

2019-05-12 01:16:47am |

റിയാദ്‌ : സൗദിയില്‍ വിദേശികള്‍ക്കു ലഭിക്കുന്ന പ്രിവിലേജ്‌ ഇഖാമ(താമസാനുമതി രേഖ )യുള്ളവര്‍ക്കു മക്കയിലും മദീനയിലും അതിര്‍ത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫ്‌ളാറ്റുകളും അടക്കമുള്ള റിയല്‍ എസ്‌േറ്ററ്റുകള്‍ സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതിയില്ലെന്നു ശൂറാ കൗണ്‍സില്‍ അംഗം മേജര്‍ ജനറല്‍ മുഹ്‌സിന്‍ ബിന്‍ ഇബ്രാഹിം ശൈആനി അറിയിച്ചു.

സൗദി പൗരന്‍മാര്‍ക്കു ലഭിക്കുന്ന സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി, സ്‌ഥിരമായോ താല്‍ക്കാലികമായോ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്‌. വ്യവസ്‌ഥകള്‍ക്കു വിധേയമായി സ്‌ഥിരം ഇഖാമയോ താല്‍ക്കാലിക ഇഖാമയോ അനുവദിക്കും. അപേക്ഷകര്‍ ഇതിനായി പ്രത്യേകഫീസും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ബാങ്ക്‌ ഗ്യാരണ്ടിയും നല്‍കേണ്ടിവരും. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിവിലേജ്‌ ഇഖാമ സെന്റര്‍ എന്ന പേരില്‍ പ്രത്യേകകേന്ദ്രവും സ്‌ഥാപിക്കും.

ഇതനുസരിച്ചു വിദേശികള്‍ക്കു കുടുംബത്തിനൊപ്പം സൗദിയില്‍ താമസം, ബന്ധുക്കള്‍ക്കു വിസിറ്റ്‌ വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്കു വീടുകളും ഫ്‌ളാറ്റുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി കിട്ടും. തൊഴിലാളികളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ നിയമിക്കാനാകും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ തൊഴിലിനും സ്വകാര്യ മേഖലയില്‍ ഇഷ്‌ടാനുസരണം തൊഴില്‍ മാറാനും അനുമതി നല്‍കും. സൗദിയില്‍നിന്ന്‌ പുറത്തുപോകാനും മടങ്ങിവരാനും സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിലും കര അതിര്‍ത്തി ചെക്‌ പോസ്‌റ്റുകളിലും സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും ലഭ്യമാകും.

വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ അനുമതിയും തൊഴില്‍ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാല്‍ സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ ദീര്‍ഘകാല വിസാ ഉടമകള്‍ക്കും ആശ്രിതര്‍ക്കും ജോലി ചെയ്യാന്‍ വിലക്കുണ്ടാകും. അനുയോജ്യമായ ധനസ്‌ഥിതിയുള്ളവര്‍ക്ക്‌ അനുവദിക്കുന്ന ദീര്‍ഘകാല വിസയ്‌ക്ക്‌ പ്രത്യേക ഫീസ്‌ ബാധകമായിരിക്കും. പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ വ്യവസായി ജോളി ലോനപ്പന്‍ പറഞ്ഞു.