Latest News

മലയാളി വിദ്യാര്‍ത്ഥിക്ക് ഗൂഗിളിന്റെ ഹാള്‍ ഓപ് ഫെയിം പുരസ്‌കാരം

2017-05-26 03:13:44am |

തിരുവനന്തപുരം: ഗൂഗിളിന്റെ തെറ്റുകണ്ടെത്തിയ മലയാളിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ആറ്റിങ്ങല്‍ സ്വദേശി അഭിഷേക് സിദ്ധാര്‍ത്ഥിനാണ് അപൂര്‍വ്വ അംഗീകാരം ലഭിച്ചത്. ഗൂഗിള്‍ സപ്പോര്‍ട്ട് ഡൊമെയിനിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാണ് അംഗീകാരം അഭിഷേകിനെ തേടിയെത്തിയത്.

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. പ്രധാന ഡൊമെയിനിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് സാധാരണയായി ഈ പുരസ്‌കാരം ലഭിക്കാറുള്ളത്. ഇത്തരത്തിലുള്ള തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കാറുണ്ട്. കണ്ടെത്തുന്ന പിഴവുകളുടെ അടിസ്ഥാനത്തില്‍ തുകയിലും മാറ്റമുണ്ടാകും.

സപ്പോര്‍ട്ട് ഡോട് ഗൂഗിള്‍ ഡോട് കോം ന്നെ വെബിസൈറ്റിലെ റിമോട്ട് കോഡ് എക്‌സിക്യൂന്‍ എന്ന ബഗ്ഗാണ് അഭിഷേക് കണ്ടെത്തിയത്. 80 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ അഭിഷേകിന്റെ സ്ഥാനം 29ാം പേജിലാണ്.

ആറ്റിങ്ങല്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളില്‍ ബയോ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിഷേകിന് ചെറുപ്പത്തിലെ വെബ് ഡിസൈന്‍, വെബ് ഡെവലിപ്പിംഗ് മേഖലയില്‍ താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വെബ് ഡവലപ്പിംഗ്, ഡിസൈന്‍ പഠിക്കുന്നത്. എല്ലാം ഓണ്‍ലൈന്‍ വഴിയാണ് പഠിച്ചെടുത്തത്.