Latest News

കൊല്ലപ്പെട്ട പാക് യുവാവിന്റെ പിതാവ് പൊതുമാപ്പ് കൊടുത്തു; ദുബായ് യില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 10 ഇന്ത്യാക്കാര്‍ക്ക് ശിക്ഷാ ഇളവ്

2017-05-27 02:26:20am |

അബുദാബി: പാകിസ്താന്‍ കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്തു ഇന്ത്യാക്കാര്‍ക്ക് ഇരയുടെ കുടുംബം പൊതുമാപ്പ് കൊടുത്തതിനെ തുടര്‍ന്ന് ശിക്ഷാ ഇളവ്. 2015 ല്‍ നടന്ന സംഭവത്തില്‍ വധശിക്ഷ കോടതി ജീവപര്യന്തമാക്കി. രണ്ടു പേര്‍ക്ക് മൂന്നര കൊല്ലവും മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷവും തടവ് പകരം ലഭിക്കും. രണ്ടു പേര്‍ ഓരോ വര്‍ഷവും തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെ നാടു കടത്തുകയും ചെയ്യും.

ഇരയുടെ വീട്ടുകാരുടെ ഇടപെടലില്‍ അല്‍ അയ്ന്‍ കോടതിയാണ് ഇവരുടെ ശിക്ഷ ലഘൂകരിച്ചത്. 2015 ജൂലൈ മുതല്‍ ജയിലില്‍ കിടക്കുന്ന ഇവര്‍ക്ക് 2016 ലാണ് കോടതി വധശിക്ഷ വിധിച്ചത്. പുതിയ വിധി ദരിദ്ര കുടുംബങ്ങളുടെ നെടുംതൂണുകളായ ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി. കോടതിവിധിയില്‍ ഇരയുടെ കുടുംബാംഗങ്ങളോടും കോടതിയോടും നന്ദിയുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

സര്‍ബത്ത് ദാ ഭാലാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഇന്ത്യന്‍ ജീവകാരുണ്യ സംഘടന ഇതിനകം രക്തപ്പണം കെട്ടിയിട്ടുണ്ട്. കുറ്റവാളികളില്‍ അഞ്ചു പേര്‍ക്ക് ഉടന്‍ തന്നെ നാട്ടിലെത്താനാകും. ബാക്കിയുള്ളവര്‍ക്ക് 2018 ആദ്യവും ജയില്‍ വിടാം. 2016 ഡിസംബര്‍ എട്ടിന് അല്‍ അയ്‌നിലെ താമസ സ്ഥലത്ത് 11 പഞ്ചാബികളുമായി നടന്ന കലഹത്തിലാണ് പാകിസ്താന കാരന്‍ കൊലലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും കോടതി വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നുള്ള വിചാരണയില്‍ ഇരയുടെ പിതാവ് 2017 മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകുകയും കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് വ്യക്തമാക്കി കത്ത് കൈമാറുകയും ചെയ്തു. കുറ്റക്കാരുടെ കുടുംബത്തിന് പൊതുമാറ്റ് നല്‍കുക എന്നത് ഏറെ ദുഷ്‌ക്കരമായിരുന്നു. തന്റെ കുടുംബത്തിന്റെ വേദനയ്ക്ക് പരിഹാരമില്ലെന്നും എന്നാല്‍ അതേ വേദന പത്ത് ഇന്ത്യന്‍ കുടുംബത്തിന് നല്‍കാനാകില്ലെന്നും ഇരയുടെ പിതാവ് കോടതിയില്‍ പറഞ്ഞു. രാജ്യത്ത് നിന്നും ഇവരെ പുറത്താക്കുന്ന സാഹചര്യത്തില്‍ ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഇന്ത്യന്‍ എംബസി ഇവര്‍ക്ക് വിമാനടിക്കറ്റുകള്‍ കൈമാറും. കുറ്റവാളികളില്‍ കൂടുതല്‍ പേരും 20 കളിലുള്ളവരും പ്‌ളമ്പിംഗ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, മേസ്തിരി തുടങ്ങിയ ജോലിക്കെത്തിയവരാണ്.