Latest News

കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക; ആഭ്യന്തര വിഷയമെന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യു.എസ് പ്രതിരോധ സെക്രട്ടറി

2019-08-21 01:52:52am |

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ. കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അമരിക്ക വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാക്കിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറാണ് യു.എസ് നിലപാട് അറിയിച്ചത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി എസ്പര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കശ്മീരിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാജ്‌നാഥ് സിംഗ് യു.എസ് പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.

നേരത്തെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു യു.എന്‍ നിലപാട്. ഇപ്പോള്‍ അമേരിക്ക കൂടി പിന്തുണ അറിയിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. പാക് പ്രതിരോധം കൂടുതല്‍ ദുര്‍ബലമാവുകയുമാണ്.