Latest News

ബാങ്കോക്കില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് അഞ്ചുപേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടി; ടൂറിസ്റ്റ് വിസയില്‍ വിയറ്റ്നാമില്‍ എത്തിച്ച ശേഷം പ്രതികള്‍ മുങ്ങി

2017-05-28 05:30:32am |

തിരുവല്ല: ബാങ്കോക്കില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു യുവാക്കളില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടി. പെരിങ്ങര പതിരുവേലില്‍ ഫോമേഷ് സോമന്‍, സഹോദരന്‍ സുമേഷ് സോമന്‍, പെരിങ്ങര തിരുവോണത്തില്‍ സുരാജ്, കുറ്റപ്പുഴ സ്വദേശികളായ സിജി, അഖില്‍ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബാങ്കോക്കില്‍ നിന്ന് ഇവരെ ടൂറിസ്റ്റ് വിസയില്‍ വിയറ്റ്നാമില്‍ എത്തിച്ച ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു.

ഇവരുടെ സുഹൃത്ത് കറ്റോട് ഭാഗത്ത് താമസിക്കുന്ന ഗിരീഷ് ആണ് ബാങ്കോക്കില്‍ ഡ്രൈവര്‍, കുക്ക് വേക്കന്‍സിയില്‍ നിയമിക്കാമെന്ന് പറഞ്ഞ് തട്ടിപ്പിന് ഇടനില നിന്നത്. ഗിരീഷിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് പാലക്കാട് സ്വദേശി മുകേഷ്, തലശേരിക്കാരനായ വിനീത്, സഹോദരന്‍ സനോജ് എന്നിവരെ പരിചയപ്പെടുത്തി. ഇവരാണ് യുവാക്കളെ വിയറ്റ്നാമിലേക്ക് കൊണ്ടു പോയത്.

 

കഴിഞ്ഞ അഞ്ചിനാണ് സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാര്‍ക്കൊപ്പം പ്രതികളില്‍ ഒരാളുടെ പാലക്കാടുളള വീട്ടില്‍ അന്വേഷണംനടത്തി. ഇവര്‍ വീടുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. നാട്ടില്‍ ഏഴുപേരില്‍ നിന്നും സമാന രീതിയില്‍ പണം തട്ടിയെന്നും പറയുന്നു. പ്രതികള്‍ ഇപ്പോഴും വിയറ്റ്നാമില്‍ തന്നെയുണ്ടന്ന് പണം നഷ്ടപ്പെട്ട യുവാക്കള്‍ പറയുന്നു. വിദേശത്ത് ആര്‍ഭാട ജീവിതം നയിക്കുന്ന ഇവര്‍ക്കൊപ്പം വിനീതിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വിയറ്റ്നാംകാരിയായ യുവതിയുമുണ്ടന്നാണ് യുവാക്കള്‍ പറയുന്നത്. വിയറ്റ്നാം എയര്‍പോര്‍ട്ടില്‍ നിന്ന് യുവാക്കളെ ഹോട്ടലിലേക്ക് കൊണ്ടുപോയത് ഈ യുവതിയായിരുന്നു.

ടൂറിസ്റ്റ് വിസയില്‍ ടിക്കറ്റ് എടുത്ത് വന്നാല്‍ അവിടെ ഉടന്‍ ജോലിയില്‍ പ്രവേശിക്കാമെന്നായിരുന്നു വാഗ്ദാനം. വിസക്ക് പണം വേണമെന്നാവശ്യപ്പെടാത്തതിനാല്‍ യുവാക്കള്‍ വിശ്വസിച്ചു. എത്തുമ്പോള്‍ ഒരോരുത്തരും ആയിരം ഡോളര്‍ വീതം കൈയില്‍ കരുതണമെന്നും പറഞ്ഞിരുന്നു. നെടുമ്പാശേരിയില്‍ നിന്നും ഫോമേഷ് അഞ്ചിനും ബാക്കി നാലുപേര്‍ എട്ടിനുമാണ് ബാങ്കോക്കില്‍ എത്തിയത്. ഈ ദിവസങ്ങളില്‍ എയര്‍പോര്‍ട്ടിനടുത്ത് ഹോട്ടലില്‍ ഫോമേഷ് താമസിച്ചു.

ഇതിനിടെ മുകേഷ് പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് എല്ലാവരും എത്തിയെന്നറിഞ്ഞതോടെ വിയറ്റ്നാമിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ടില്‍ തന്റെ ഭാര്യ എത്തുമെന്ന് വിനീത് അറിയിച്ചിരുന്നു. റൂമിലേക്ക് പോകുമ്പോള്‍ വിനീത് കാത്ത് നിന്നിരുന്നു. വിയറ്റ്നാംകാരിയും മുകേഷും വിനീതിന്റെ സഹോദരന്‍ സനോജും കൂടിയാണ് 5000 ഡോളര്‍ കൈപ്പറ്റിയത്. രാവിലെ ജോലിക്ക് കയറാമെന്ന് പറഞ്ഞു പോയ ഇവര്‍ പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. റിട്ടേണ്‍ ടിക്കറ്റ് കരുതിയതിനാല്‍ വിയറ്റ്നാം പോലീസ് തട്ടിപ്പന് ഇരയായ യുവാക്കളെ നാട്ടിലേക്ക് കയറ്റി വിട്ടു.

ഇന്ത്യന്‍ എംബസി അധികൃതരും യുവാക്കളെ സഹായിക്കാന്‍ മുന്നോട്ടു വന്നു. തട്ടിപ്പു സംഘത്തെക്കുറിച്ച് മലയാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അവിടെ മലയാളി സംഘടനകള്‍ ഇവരുടെ ചിത്രം വച്ചു നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.