Latest News

അധിക്ഷേപം സഹിക്കാനായില്ല; 91കാരനെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് നല്‍കി ഫ്രിഡ്ജില്‍ അടച്ച് കടത്തിക്കൊണ്ടുപോയി; ശ്വാസംമുട്ടി മരിച്ചത് മുന്‍ യു.എന്‍ ഉദ്യോഗസ്ഥന്‍

2019-09-04 03:15:38am |

ന്യുഡല്‍ഹി: വീട്ടുടമസ്ഥന്റെ അധിക്ഷേപവും അസഭ്യവും സഹിക്കാന്‍ കഴിയാതെ ജോലിക്കാരന്‍ അയാളെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വകവരുത്തി. 91കാരനായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണ ഖോസ്ല ആണ് കൊല്ലപ്പെട്ടത്. ചായയില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം ഫ്രിഡ്ജില്‍ അടച്ച് പുറത്തേക്ക് കൊണ്ടുപോയി. ശ്വാസംമുട്ടി മരിച്ച ഇദ്ദേഹത്തെ പിന്നീട് ആറടിയോളം താഴ്ചയില്‍ കുഴിയെടുത്ത് സംസ്‌കരിച്ചു. മുന്‍ യു.എന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് കൊല്ലപ്പെട്ട ഖോസ്ല.

സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്-2 ഏരിയയില്‍ ശനിയാഴ.ചയാണ് സംഭവം. ജോലിക്കാരനായ കിഷന്‍ ആണ് ഈ അരുംകൊലയ്ക്ക് പിന്നില്‍. ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുചേര്‍ന്ന നാലു പേരെയും പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷമായി ഖോസ്ലയുടെ വീട്ടിലെ ജോലിക്കാരനാണ് കിഷന്‍. ഖോസ്ലയുടെ ഭാര്യ സരോജ് ഖോസ്ല (87) യും മാത്രമാണ് ഈ വീട്ടില്‍ താമസം. ഖോസ്ലയുടെ അധിക്ഷേപം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നരമാസം മൂന്‍പാണ് കൊലപാതകത്തിന് സംഘം പദ്ധതിയിട്ടത്. ഇതുപ്രകാരം ശനിയാഴ്ച ഖോസ്ലയ്ക്കും ഭാര്യയ്ക്കും ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം ഖോസ്ലയെ വീട്ടിലെ ഫ്രിഡ്ജില്‍ അടച്ച് പുറത്തേക്ക് കൊണ്ടുപോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ടെംപോയില്‍ കയറ്റി. ഇതുകണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ ചോദ്യം ചെയ്തുവെങ്കിലും റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നാണ് മറുപടി നല്‍കിയത്.

മയക്കുംവിട്ട് പിറ്റേന്ന് എഴുന്നേറ്റപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരം ഭാര്യ അറിഞ്ഞത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷണം പോയതായും ഫ്രിഡ്ജും കാണാനില്ലെന്നും അവര്‍ക്ക് ബോധ്യപ്പെട്ടത്. ഇതോടെ അവര്‍ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി പരിശോധനയില്‍ നിന്നും ഫ്രിഡ്ജ് ടെംപോയില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഫ്രിഡ്ജില്‍ ഇരുന്ന് മരണപ്പെട്ട ഖോസ്ലയെ സംഘം വിഹാറിനു സമീപം പ്രതികള്‍ സംസ്‌കരിച്ചിരുന്നു. ഇവിടെനിന്നും മൃതദേഹം പുറത്തെടുത്തു. കിഷനു പുറമേ ദീപക് യാദവ്, പ്രദീപ് ശര്‍മ്മ, സര്‍വേഷ്, പ്രഭുദയാല്‍ എന്നി പ്രതികളും പിടിയിലായത്. ഫ്രിഡ്ജും അത് കടത്തിയ ടെംപോയും പ്രദീപ് ശര്‍മ്മയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.