ഇഖാമ നമ്പര്‍ ഉപയോഗിച്ച്‌ മറ്റൊരാള്‍ തട്ടിപ്പുനടത്തി; റിയാദില്‍ മലയാളി എന്‍ജിനീയര്‍ അറസ്‌റ്റില്‍

2019-09-10 02:25:10am |

റിയാദ്‌: സൗദിയില്‍ മലയാളിയുടെ ഇഖാമ നമ്പറില്‍ എടുത്ത സിം കാര്‍ഡ്‌ ഉപയോഗിച്ചു തട്ടിപ്പ്‌. കേസില്‍ റിയാദില്‍ മലയാളി എന്‍ജിനീയര്‍ അറസ്‌റ്റിലായി. മലപ്പുറം ആതവനാട്‌ കുറ്റിക്കാട്ടില്‍ വാഹിദാണ്‌ നിയമക്കുരുക്കിലായത്‌. നിരപരാധിയാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിന്‌ ജാമ്യം നല്‍കി. 10 ലക്ഷം റിയാലിന്റെ സമ്മാനം അടിച്ചിട്ടുണ്ടെന്ന്‌ സന്ദേശം നല്‍കി സ്വദേശി പൗരന്റെ 9500 റിയാല്‍ തട്ടിയെടുത്തെന്നാണ്‌ കേസ്‌. സ്വകാര്യ കമ്പനിയില്‍ ഇലക്‌ട്രോണിക്‌ എന്‍ജിനീയറാണ്‌ വാഹിദ്‌. ഇഖാമ പുതുക്കുന്നതിന്‌ കമ്പനി ശ്രമിച്ചപ്പോഴാണ്‌ ജവാസാത്തുമായി ബന്ധപ്പെടാന്‍ സന്ദേശം ലഭിച്ചത്‌. ജവാസാത്തിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ സിം കാര്‍ഡിന്റെ പേരില്‍ കേസുണ്ടെന്നും വാദി ലബന്‍ പോലീസില്‍ ഹാജരാകണമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ബത്‌ഹയില്‍നിന്ന്‌ ഫ്രന്റി മൊബൈല്‍ കമ്പനിയുടെ സിം കാര്‍ഡ്‌ തന്റെ ഇഖാമയും വിരലടയാളവും നല്‍കി നാലു മാസം മുമ്പ്‌ വാഹിദ്‌ എടുത്തിരുന്നു. രണ്ടു മാസത്തിനുശേഷം ഇഖാമയില്‍ ആറ്‌ സിം കണ്ടെത്തിയതിനാല്‍ ഫ്രന്റി ഓഫീസില്‍ പോയി ഇത്‌ ഒഴിവാക്കി. ഇഖാമ പുതുക്കാത്തതിനെ തുടര്‍ന്ന്‌ പരിശോധിച്ചപ്പോള്‍ പുതിയ ഒമ്പതു സിം കൂടി എടുത്തതായി കണ്ടു.

ഇതിലൊന്നാണ്‌ തട്ടിപ്പുകാര്‍ ഉപയോഗിച്ചത്‌. തുടര്‍ന്ന്‌ നേരത്തെ സിം കാര്‍ഡ്‌ ഒഴിവാക്കിയതിന്റെ രേഖകളുമായി വാദി ലബന്‍ പോലീസില്‍ ഹാജരായി. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കസ്‌റ്റഡിയിലെടുത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. 10 ലക്ഷം റിയാല്‍ അടിച്ചിട്ടുണ്ടെന്നും അതു ലഭിക്കുന്നതിന്‌ 9500 റിയാല്‍ അയച്ചുതരണമെന്നും ഈ നമ്പറില്‍നിന്ന്‌ വിളിച്ചുപറയുകയും 9500 റിയാല്‍ അയച്ചുകൊടുക്കുകയും പക്ഷേ സമ്മാനമൊന്നും ലഭിച്ചില്ലെന്നും ഒരു സ്വദേശി പൗരന്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വാഹിദിന്റെ ബാങ്ക്‌ അക്കൗണ്ട്‌ പോലീസ്‌ പരിശോധിച്ചപ്പോള്‍ പണം സ്വീകരിച്ചതിന്‌ തെളിവുണ്ടായില്ല. ബന്ധുക്കള്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസി കെ.എം.സി.സി നേതാവ്‌ സിദ്ദീഖ്‌ തുവ്വൂരിനെ കേസിലിടപെടാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. വാദി ലബന്‍ പോലീസ്‌ മേധാവിയെ നേരില്‍ക്കണ്ട്‌ വാഹിദിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ജാമ്യത്തിലിറക്കി. സിം കാര്‍ഡ്‌ ദുരുപയോഗം ധാരാളം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു.