Latest News

യുഎഇയില്‍ മണി എക്‌സ്‌ചേഞ്ച് ഉടമ മുങ്ങിയെന്ന് പരാതി; പണം നഷ്ടപ്പെട്ടെന്ന ആശങ്കയില്‍ മലയാളികള്‍

2017-05-30 03:15:28am |

അബുദാബി∙ യുഎഇയില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി ഇന്ത്യക്കാരനായ ഉടമ മുങ്ങിയതിനെ തുടര്‍ന്നു മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആയിരക്കണക്കിനു ദിര്‍ഹം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ആറു ശാഖകളുള്ള ധനവിനിമയ സ്ഥാപനമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയാണ് സ്ഥാപന ഉടമ മുങ്ങിയിരിക്കുതെന്ന് ഇടപാടുകള്‍ പരാതിപ്പെട്ടു. എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്കു പണമയച്ചവര്‍ക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ആരംഭിച്ചതായി ഇടപാടുകാര്‍ പറഞ്ഞു. 1000 മുതല്‍ 45,000 ദിര്‍ഹം വരെയാണു പലര്‍ക്കു നഷ്ടമായത്. 

കേരളത്തില്‍നിന്നുള്ള ഒരു ഇടപാടുകാരന്‍ കഴിഞ്ഞ ദിവസം വീടുപണിക്കായി 25000 ദിര്‍ഹമാണ് ഇവര്‍ വഴി അയച്ചത്. ഒരു വര്‍ഷത്തെ സമ്പാദ്യം ഒറ്റയടിക്ക് നഷ്ടപ്പെട്ടുവെന്ന് ഇയാള്‍ പറഞ്ഞു. എല്ലാ ശാഖകളും അടച്ചുപൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി ഫോണ്‍ വിളിച്ചാല്‍ ആരും എടുക്കില്ല. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. അബുദാബിയില്‍ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകള്‍ 28-ാം തീയതി മുതല്‍ തുറന്നിട്ടില്ല. ദുബായില്‍ ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് ഇവര്‍ക്കു ശാഖകളുള്ളത്. ചിലയിടങ്ങളില്‍ 24-ാം തീയതി മുതല്‍ തന്നെ ശാഖകള്‍ പൂട്ടിക്കിടക്കുകയാണ്. 

മുരുഗന്‍ എന്നയാള്‍ 17-ാം തീയതി 17500 ദിര്‍ഹം മുസഫ ശാഖയില്‍നിന്ന് തമിഴ്‌നാട്ടിലെ സേലം ഫെഡറല്‍ ബാങ്കിലേക്ക് അയച്ചതാണ്. മൂന്നു ദിവസത്തിനു ശേഷവും പണം ലഭിക്കാതിരുന്നതിനാല്‍ ശാഖയിലെത്തി അന്വേഷിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പണം ലഭിക്കാത്തതെന്നും ഉടന്‍ ലഭിക്കുമെന്നുമാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 24-നു വീണ്ടും ശാഖയിലെത്തിയപ്പോള്‍ അടച്ചിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരു ജീവനക്കാരന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. 

കഴിഞ്ഞ പത്തു മാസമായി ഈ കമ്പനി വഴിയാണ് പണം അയച്ചിരുന്നതെന്നും ഒരു തരത്തിലുള്ള സംശയവും തോന്നിയിരുന്നില്ലെന്നും ദുബായ് സ്വദേശി ഷാജഹാന്‍ പറഞ്ഞു. കമ്പനിയുടെ യുഎഇ സ്‌പോണ്‍സര്‍, ഉടമയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിനെ വിവരം അറിയിച്ചുവെന്നും ഇടപാടുകാര്‍ക്കു പണം തിരിച്ചു ലഭിക്കുമെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. ഉടമയുടെ പാസ്‌പോര്‍ട്ട് തന്റെ പക്കലാണെന്നും രാജ്യത്തിനു പുറത്തുകടക്കാന്‍ കഴിയാത്ത തരത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.