Latest News

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് നിയമവിദ്യാര്‍ഥിനിയായ യുവതി; സുഹൃത്തും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണെന്നു കത്ത്

2017-06-16 03:04:06am |

തിരുവനന്തപുരം: െലെംഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ഥിനിയായ യുവതി മുറിച്ചുമാറ്റിയെന്ന കേസില്‍ നാടകീയ വഴിത്തിരിവ്. ആ കൃത്യം നടത്തിയത് താനല്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത പോലീസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കി യുവതി എഴുതിയ കത്ത് കോടതിയില്‍. പ്രവൃത്തി ചെയ്തത് തന്റെ സുഹൃത്ത് അയ്യപ്പദാസും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണെന്നും വെളിപ്പെടുത്തി സ്വാമിയുടെ അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം അജിത്തിനു പെണ്‍കുട്ടി നല്‍കിയ കത്ത് വഞ്ചിയൂര്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

താന്‍ നല്‍കിയ മൊഴി പോലീസ് പലതവണ തിരുത്തിയെന്നും തന്റെ അമ്മയ്ക്കു സ്വാമിയുമായി അവിഹിതബന്ധമുണ്ടെന്നു മൊഴി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുമെന്നുമുള്ള യുവതിയുടെ ഗുരുതരമായ ആരോപണങ്ങളാണു കോടതിയില്‍ സമര്‍പ്പിച്ച കത്തിലുള്ളത്. തന്റെ 16 വയസുമുതല്‍ സ്വാമി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണം പോലീസ് എഴുതിച്ചേര്‍ത്തതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. സ്വാമി തന്നെ മകളെപോലെയാണ് കണ്ടിരുന്നതെന്നു യുവതി കത്തില്‍ വ്യക്തമാക്കുന്നു. തനിക്കും തിരിച്ചും ബഹുമാനമായിരുന്നു. സ്വാമിയുടെ പ്രേരണയേത്തുടര്‍ന്നാണ് എല്‍.എല്‍.ബി പഠനത്തിനു ചേര്‍ന്നത്. സ്വാമി തന്നെ പീഡിപ്പിച്ചിരുന്നു എന്ന വാര്‍ത്ത തെറ്റാണ്. പ്രായപൂര്‍ത്തിയാവുന്നതിനുമുന്‍പോ അതിനുശേഷമോ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ല. അത്തരം വാര്‍ത്തകള്‍ പോലീസ് കെട്ടിച്ചമച്ചവയില്‍ ഒന്നു മാത്രമാണ്.

സ്വാമിജിയുടെ പരിചയക്കാരന്‍ അയ്യപ്പദാസുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. പക്ഷേ അയ്യപ്പദാസ് സ്വാമിക്കെതിരെ തന്റെ മനസു മാറ്റാന്‍ ശ്രമിച്ചു. സ്വാമിയും താനുമായുള്ള അടുത്തബന്ധം ഇല്ലാതാക്കാന്‍ അയ്യപ്പദാസ് ശ്രമിച്ചു. സ്വാമി തങ്ങളുടെ സ്വത്ത് അപഹരിക്കാന്‍ ശ്രമിക്കുന്നുവെന്നതടക്കമുള്ളവ പറഞ്ഞ് അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചു. കത്തിയെടുത്തു സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ തന്നോടു നിര്‍ദേശിച്ചത് അയ്യപ്പദാസാണ്. പക്ഷെ ആ രാത്രി തനിക്ക് അതിനു സാധിച്ചില്ല. അന്നു സ്വാമിയുടെ നിലവിളി മുറിക്കുള്ളില്‍നിന്നു കേട്ട താന്‍ പുറത്തേക്കോടി. തൊട്ടടുത്തു താമസിക്കുന്ന എ.ഡി.ജി.പി: ബി. സന്ധ്യയുടെ വീട്ടില്‍ചെന്ന് വിവരങ്ങള്‍ പറയാന്‍ അയ്യപ്പദാസ് നേരത്തേ ചട്ടം കെട്ടിയിരുന്നു.

എന്നാല്‍ എ.ഡി.ജി.പിയുടെ വീട്ടില്‍ ചെന്നു പലതവണ കാളിങ് ബെല്‍ അമര്‍ത്തിയെങ്കിലും ആരും ഇറങ്ങി വന്നില്ല. പിന്നീട് 100ല്‍ വിളിച്ചു പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് വനിതാപോലീസ് എത്തി പേട്ട സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് പോലീസുകാര്‍ തന്റെ മൊഴിയെടുത്തത്. എന്നാല്‍ താന്‍ പറഞ്ഞ പല വിവരങ്ങളും പോലീസുകാര്‍ പലകുറി തിരുത്തി. തനിക്കു മലയാളം വായിക്കാന്‍ അറിയില്ല. ഐ.ജി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനാണു യുവതിയുടെ മൊഴി തിരുത്തിയതിനു പിന്നിലെന്ന ആരോപണത്തിന് ശക്തി പകരുന്നതാണു കത്ത്. തിരുവനന്തപുരത്തു പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചട്ടമ്പിസ്വാമി ജന്മഗൃഹവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുള്ള തര്‍ക്കത്തില്‍ മുന്നില്‍ നിന്നയാളാണ് ഗംഗേശാനന്ദ സ്വാമി. അന്ന് അത് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ആ വിഷയത്തില്‍ സ്വാമിക്കെതിരായ പകപോക്കലാണ് ജനനേന്ദ്രിയം മുറിക്കലിലും തുടര്‍ന്നുള്ള കേസിലും എത്തിയതെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കേസിലെ സംഭവവികാസങ്ങള്‍.

കൊടുത്ത മൊഴി വായിച്ചു നോക്കാന്‍ തനിക്കു നല്‍കിയതുമില്ല. ആ മൊഴിയില്‍ ഒപ്പിട്ടു വാങ്ങുകയാണുണ്ടായത്. പല പോലീസ് ഉദ്യോഗസ്ഥരും പലതവണയായി തന്നെ സമീപിച്ചു തന്റെ അമ്മയും സ്വാമിയുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തില്‍ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലും ഇതേമൊഴി ആവര്‍ത്തിക്കുവാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും യുവതി കത്തില്‍ പറയുന്നു. സ്വാമിയെ കുരുക്കാന്‍ പോലീസ് ഒരുക്കിയ നാടകമാണ് കേസ് എന്ന ആരോപണത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മകള്‍ അല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നു കാട്ടി രണ്ടാഴ്ച മുമ്പ് അമ്മ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നും യുവതിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.